Oddly News

ഒരു കാപ്പിയുടെ കാശ് കൊടുത്താല്‍ ഭൂമിവാങ്ങാം; സംഗതി അങ്ങ് സ്വീഡനില്‍

വെറും ഒമ്പത് രൂപയ്ക്ക് ഒരുചതുരശ്ര മീറ്റര്‍ സ്ഥലം കിട്ടുമെന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പറഞ്ഞുവരുന്നത് സ്‌കാന്‍ഡനേവിയന്‍ രാജ്യമായ സ്വീഡനിലെ കാര്യമാണ്. തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 200 മൈല്‍ തെക്കുപടിഞ്ഞാറായി കിടക്കുന്ന മനോഹരഗ്രാമപ്രദേശമായ ഗോട്ടെനില്‍ ഒരു ചതുരശ്ര മീറ്ററിന് (11 ചതുരശ്ര അടി) വെറും 1 സ്വീഡിഷ് ക്രോണ്‍ വിലയില്‍ ആരംഭിക്കുന്ന പ്ലോട്ടുകള്‍ വില്‍ക്കുന്നത്.

പട്ടണത്തില്‍ 5,000 നിവാസികളും മുനിസിപ്പാലിറ്റിയില്‍ 13,000 നിവാസികളുമുള്ള ഒരു ഗ്രാമീണ പ്രദേശമായ ഗോട്ടെന്‍ സ്വീഡിഷ് ഗ്രാമങ്ങളിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. സ്വീഡനിലെയും സ്‌കാന്‍ഡിനേവിയയിലെയും മുഴുവന്‍ യൂറോപ്യന്‍ യൂണിയനിലെയും ഏറ്റവും വലിയ തടാകമായ വാനെര്‍ന്‍ തടാകത്തിന്റെ തീരത്താണ് ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ടൂറിസ്റ്റ് പ്‌ളേസ് കൂടിയായ ഇവിടെ കാല്‍നട യാത്രക്കാര്‍ക്കായി, ഗോട്ടെന് സമീപം കിന്നകുല്ലേ പര്‍വ്വതവും സ്ഥിതി ചെയ്യുന്നു. യുനെസ്‌കോ റേറ്റുചെയ്തിട്ടുള്ള പ്ലാറ്റ്‌ബെര്‍ഗന്‍സ് ജിയോപാര്‍ക്ക്, ലേക് വാനെര്‍ന്‍ ദ്വീപസമൂഹം, മൗണ്ട് കിന്നകുലെ ബയോസ്ഫിയര്‍ എന്നിവയും ഇവിടെയാണ്.

അത്തരമൊരു മനോഹരമായ നഗരത്തില്‍ എന്തുകൊണ്ടാണ് ഇത്രകുറഞ്ഞ വിലയ്ക്ക് ഭൂമിയെന്ന് ചിന്തിക്കുകയാണോ? സാമ്പത്തിക മാന്ദ്യവും മറ്റു കാരണങ്ങളും കൊണ്ട് ഇവിടെ നിന്നും ആള്‍ക്കാര്‍ മാറിപ്പോകുന്നതും കുറഞ്ഞുവരുന്ന ഗ്രാമീണ ജനസംഖ്യ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായിട്ടുമാണ് ഈ വിലക്കുറവ്. ഉയര്‍ന്ന പലിശനിരക്കും മാന്ദ്യവും കാരണം പൊതുവെ സ്വീഡനില്‍ വസ്തുവില്‍പ്പന വളരെ മോശമാണെന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യുവാക്കള്‍ മറ്റിടങ്ങളിലേക്ക് കുടിയേറുന്നതിനാല്‍ പ്രായമായരാണ് ഗ്രാമത്തില്‍ കൂടുതല്‍. ഈ സാഹചര്യത്തില്‍ ഇവിടേയ്ക്ക് കൂടുതല്‍ ആളുകളെ കൊണ്ടുവരുന്നതിനാല്‍ 30 പ്‌ളോട്ടുകളാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ വില്‍ക്കാനിട്ടത്.

പ്ലോട്ടിന്റെ വലുപ്പം 700-1,200 ചതുരശ്ര മീറ്റര്‍ വരെയാണ്. സംഗതി വൈറലായതോടെ വസ്തുവില്‍പ്പന പ്രഖ്യാപിച്ച ഗോട്ടണ്‍ മുനിസിപ്പാലിറ്റിയുടെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് ആയിരക്കണക്കിന് അഭ്യര്‍ത്ഥനകളാണ് ലഭിച്ചിരിക്കുന്നത്. ലോകമെമ്പാടും നിന്ന് കോളുകള്‍ വന്നിട്ടുണ്ടെന്ന് മാന്‍സണ്‍ പറയുന്നു. അതേസമയം വസ്തുവില കേട്ട് പെട്ടെന്ന് ചാടിയിറങ്ങാന്‍ വരട്ടെ. വീടുവെയ്ക്കാനും അനുബന്ധ സാഹചര്യങ്ങള്‍ക്കുമായി ഇറങ്ങുമ്പോള്‍ പോക്കറ്റ് കീറും. ഇവിടെ ഒരു വീട് വെയ്ക്കാന്‍ ചെലവ് 40 ലക്ഷം ക്രോണ്‍ ആണ്. ഏകദേശം 280,000 ഡോളറിനും 375,000 ഡോളറിനും ഇടയില്‍. ബില്‍ഡിംഗ് പെര്‍മിറ്റിന് 30,000 ക്രോണും വെള്ളത്തിനും ഓടയ്ക്കും 1,70,000 ക്രോണും വൈദ്യുതിയ്ക്ക് 40,000 ക്രോണുമാണ് ഫീസ്.

വാങ്ങിയ വസ്തുവില്‍ താമസിക്കുന്നെങ്കില്‍ വര്‍ഷം മുഴുവനും താമസിക്കാന്‍ കഴിയുന്ന സാധാരണ സ്വീഡിഷ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച ഒരു നിശ്ചിത ഭവനമാണ് സ്ഥിരമായ താമസം എന്ന് നിര്‍വചിച്ചിരിക്കുന്നത്. അതിനാല്‍, നിങ്ങള്‍ക്ക് ഒരു ചെറിയ വീട് നിര്‍മ്മിക്കാന്‍ കഴിയില്ല. 24 മാസത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തിയാക്കുകയും വേണം. സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്ലോട്ട് തിരിച്ചുപിടിക്കാന്‍ നഗരസഭയ്ക്ക് അവകാശമുണ്ട്. സ്ഥിരതാമസത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് പ്ലോട്ട് വീണ്ടും വില്‍ക്കാനും പാടില്ല. സാധാരണഗതിയില്‍ സ്വീഡനില്‍ വീട് വെയ്ക്കാനുള്ള വസ്തുവില അഞ്ചുലക്ഷം ക്രോണ്‍ വരെയൊക്കെയാണ്.