The Origin Story

സിഖ് സാമ്രാജ്യത്തിലെ അവസാന രാജാവിന്റെ മകള്‍ ; ഇന്ത്യയിലെ ആദ്യത്തെ വനിതാ അവകാശ പ്രവര്‍ത്തക

ബ്രിട്ടീഷ് സ്ത്രീവോട്ടവകാശ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ വംശജയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സിഖ് സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി മഹാരാജ ദുലീപ് സിങ്ങിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രിയുമായ സോഫിയ രാജകുമാരി സ്ത്രീ സമത്വത്തിനായി പോരാടിയ ആദ്യത്തെ ഇന്ത്യാക്കാരിയായിട്ടാണ് ചരിത്രം കണക്കാക്കുന്നത്.

ബ്രിട്ടീഷ് രാജകുമാരിയാണെങ്കിലും ഇന്ത്യന്‍ വംശജയാണ് സോഫിയ ദുലീപ് സിംഗ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനില്‍ വനിതകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയ അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ പോസ്റ്റല്‍ സ്റ്റാമ്പ് പോലും ഇറക്കിയിട്ടുണ്ട്. സിഖ് ഭരണാധികാരി ദുലീപ് സിങ്ങിന്റെ ആദ്യ ഭാര്യ ബംബ മുള്ളറുടെ മകളായിരുന്നു സോഫിയ ബ്രിട്ടീഷ് സമൂഹത്തിലെ തന്റെ സ്ഥാനവും അധികാരവും നിലയും സ്ത്രീകളുടെ വിമോചനത്തിനായി ഉപയോഗിച്ചതിലൂടെയാണ് പ്രശസ്തയായത്.

പിതാവിനെ ബ്രിട്ടീഷുകാര്‍ സ്ഥാനഭ്രഷ്ടനാക്കിയതിന് പിന്നാലെ പതിനഞ്ചാം വയസ്സില്‍, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത് ഇംഗ്ലണ്ടിലേക്ക് അയയ്ക്കപ്പെട്ട അവര്‍ക്ക് പിന്നീട് വന്നുചേര്‍ന്നതായിരുന്നു ബ്രിട്ടീഷ് പൗരത്വം. സോഫിയ രാജകുമാരിയുടെ കുട്ടിക്കാലം സഫോക്കിലെ എല്‍വെഡണ്‍ ഹാളിലായിരുന്നു. ബ്രിട്ടനിലെ സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന അവര്‍ ബ്രിട്ടനിലെ വിമന്‍സ് സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ യൂണിയന്റെ (ഡബ്‌ള്യുഎസ്പിയു) ഭാഗമായിട്ടാണ് പ്രവര്‍ത്തിച്ചത്.

‘1909 മുതല്‍, കിംഗ്സ്റ്റണ്‍ ഓണ്‍ തേംസിലെ പ്രാദേശിക ബ്രാഞ്ചില്‍ സജീവമായിരുന്ന സോഫിയ സംഘടനയുടെ ധനസമാഹരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. രാജകുമാരിക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന ഇംപാക്ട് തിരിച്ചറിഞ്ഞ സോഫിയ 1910 നവംബര്‍ 18-ന്, വോട്ടവകാശ ബില്ലിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. പക്ഷേ അവളുടെ പദവിയും പേരും കാരണം ഒരിക്കലും ജയിലിലേക്ക് അയച്ചില്ല.

പിന്നീട് 1911 ലെ സെന്‍സസ് ബഹിഷ്‌കരണത്തിലും പങ്കെടുത്തു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍, ഡബ്‌ള്യുഎസ്പിയു വിന് പ്രചാരണം തല്‍ക്കാലം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു. ഈ സമയത്ത് സോഫിയ ഒരു റെഡ് ക്രോസ് നഴ്സായി സന്നദ്ധസേവനം ആരംഭിച്ചു. ഇന്ത്യന്‍ സൈനികരെ പരിപാലിച്ചു. ചില സിഖ് സൈനികര്‍ക്ക് ഒപ്പിട്ട തന്റെ ഫോട്ടോകളും നല്‍കി. സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനത്തിനായുള്ള സോഫിയയുടെ പ്രവര്‍ത്തനങ്ങള്‍ വിലമതിച്ചത് മരണശേഷമായിരുന്നു. 2018 ഫെബ്രുവരി 15-ന് പുറത്തിറക്കിയ റോയല്‍ മെയിലിന്റെ സ്മാരക സ്റ്റാമ്പ് ‘വോട്ട്‌സ് ഫോര്‍ വിമന്‍’ ലും അവര്‍ ഇടംനേടി.