Travel

ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്ന കുഗ്രാമം നമ്മുടെ കേരളത്തിന്റെ തൊട്ടടുത്താണ്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ കുഗ്രാമമായ യാന കണ്ടിട്ടുണ്ടോ? തീര്‍ച്ചയായും ഇവിടുത്തെ അവധിക്കാലം നിങ്ങളെ വിസ്മയിപ്പിക്കും. യാനാ ഗുഹകള്‍ ഇന്ത്യന്‍ ടൂറിസം മേഖലയില്‍ ഏറെ പ്രശസ്തമാണ്. ഒരേസമയം വിനോദസഞ്ചാരമായും ഹിന്ദു തീര്‍ത്ഥാടനമായും ഈ ഗ്രാമത്തിലേക്ക് ഇന്ത്യയില്‍ ഉടനീളമുള്ള പ്രദേശത്ത് നിന്നും ആള്‍ക്കാര്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.

സഹ്യാദ്രി പര്‍വതനിരകള്‍ക്ക് തൊട്ടുമുകളിലായി കറുത്ത ചുണ്ണാമ്പുകല്ലിനാല്‍ പ്രകൃതി തീര്‍ത്ത ഭൈരവേശ്വര ശിഖര, മോഹിനി ശിഖര എന്നിങ്ങനെ പേരിട്ടിരിക്കുന്ന ചിതല്‍പ്പുറ്റിന്റെ ആകൃതിയിലുള്ള പ്രകൃതിയുടെ രണ്ടു വിസ്മയങ്ങളാണ് യാന ഗുഹ സമുച്ചയം. പുറത്തുനിന്നുള്ള അഴുക്കുകള്‍ക്ക് ഇവിടെ സ്ഥാനമില്ലാത്തതിനാല്‍ ശുചിയായിട്ടേ ഈ ഗുഹ സന്ദര്‍ശിക്കാന്‍ അനുവാദമുള്ളൂ.

ഗുഹാഭിത്തികളില്‍ ചെളിപറ്റാത്തിരിക്കാന്‍ ഗുഹയില്‍ പ്രവേശിക്കുന്നതിന് മുമ്പ്, സന്ദര്‍ശകര്‍ അവരുടെ ചെരുപ്പുകള്‍ നീക്കം ചെയ്യണം. ഗുഹ നീളമുള്ളതാണ്. ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ ഗുഹയ്ക്കുള്ളിലെ വായു പുറത്തുള്ള വായു തണുത്തതാണ്. ഇതിന് നനവിന്റേതായ ഒരു മണമുണ്ട്. നിങ്ങള്‍ ഒരു പ്രകൃതി സ്നേഹിയാണെങ്കില്‍ യാനാ കേവ് അതിശയകരമായ അനുഭവമായിരിക്കും.

ഉത്തര കന്നഡയ്ക്ക് ചുറ്റുമുള്ള മറ്റ് പല പാറകളില്‍ നിന്നും യാന പാറകള്‍ തികച്ചും വ്യത്യസ്തമാണ്. യാന ഗുഹയിലെ ആദ്യത്തെ കാഴ്ച ഭൈരവേശ്വര ശിഖരയുടെ കവാടത്തിലെ ശിവന്റെ ഗുഹാക്ഷേത്രമാണ്. ആത്മീയനാണെങ്കില്‍ നിങ്ങള്‍ക്ക് അവിടെ പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തിനടുത്തുള്ള ഭൈരവേശ്വര ഗുഹകളിലേക്ക് വിനോദസഞ്ചാരികളെ നയിക്കുന്ന പടികളിലേക്ക് കയറാം.

ഇനി നിങ്ങള്‍ അനാത്മീയനോ പ്രകൃതിസ്‌നേഹിയോ ആണെങ്കില്‍ പ്രകൃതിയുടെ വിസ്മയങ്ങളും പാടിക്കൊണ്ട് പറക്കുന്ന അസാധാരണ പക്ഷികളും മനോഹരമായ കാടിന്റെ കാഴ്ചകളുമൊക്കെ ഉള്‍ക്കൊള്ളുന്ന പച്ചപ്പുമൊക്കെ ആസ്വദിച്ച് ജീവിതത്തിലെ മറക്കാന്‍ കഴിയാത്തൊരു ട്രക്കിംഗ് അനുഭവം കിട്ടും. താരതമ്യേന നല്ല ഉയരമുള്ള ഭൈരവേശ്വര, മോഹിനി കുന്നുകള്‍ എന്നറിയപ്പെടുന്ന വിശാലവും ഭീമാകാരവുമായ ഭൂമിശാസ്ത്രപരമായ രൂപങ്ങള്‍ കാരണം യാന ഗുഹ ട്രെക്കര്‍മാരെ ആകര്‍ഷിക്കുന്നു. വിഭൂതി വെള്ളച്ചാട്ടത്തിന്റെ തണുപ്പ് ബോണസാണ്.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മണ്‍സൂണാണ്. ശൈത്യകാലത്തും യാന ഗുഹകളുടെ സ്വര്‍ഗ്ഗീയ അനുഭൂതി പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയും. വേനല്‍ക്കാലത്ത് യാന ഗുഹകള്‍ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അത് ചൂടും ഈര്‍പ്പവും ഉള്ളതിനാല്‍ ഇത് വളരെ മടുപ്പിക്കുന്ന ട്രെക്കിംഗും സന്ദര്‍ശനവുമാണ്.
ഭൈരവേശ്വര ശിഖരയുടെ കവാടത്തിലാണ് ശിവ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സദാ ജലധാരയുള്ള ക്ഷേത്രത്തിലെ ശിവന്റെ ശില്‍പങ്ങള്‍ പ്രകൃതിദത്തമായ സാഹചര്യങ്ങളില്‍ പരിണമിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ മഹാ ശിവരാത്രി പത്തുദിവസത്തെ വാര്‍ഷിക ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. മഹാ മസ്തക അഭിഷേകത്തിനായി ആയിരക്കണക്കിന് ഭക്തരാണ് ഗോകര്‍ണയിലേക്ക് പോകുന്നത്.

യാന ഗുഹകളുടെ നിര്‍മ്മാണം ഐതിഹ്യത്തില്‍ വിശദീകരിക്കുന്നത് ഭസ്മാസുരന്‍ എന്ന രാക്ഷസരാജാവിനെ വെച്ചാണ്. മഹാവിഷ്ണു ഭസ്മാസുരനെ നശിപ്പിക്കാന്‍ പെണ്‍വേഷം കെട്ടിയതുമായി ബന്ധപ്പെട്ടാണ് ഐതിഹ്യത്തിലെ കഥ നില്‍ക്കുന്നത്. സ്വന്തം കൈകളാല്‍ എന്തും ഭസ്മമാക്കാന്‍ കഴിവുള്ള ഭസ്മാസുരനെ മഹാവിഷ്ണു മോഹിനിവേഷം കൊണ്ട് സ്വയം ഭസ്മമാക്കുന്ന അവസ്ഥയില്‍ എത്തിച്ചു. സ്വന്തം തലയില്‍ കൈവെച്ച് ഭസ്മമായ അസുരന്റെ അവശിഷ്ടങ്ങളാണ് പാറക്കെട്ടുകള്‍ക്ക് ചുറ്റുമുള്ള അയഞ്ഞ കറുത്ത മണ്ണെന്നാണ് വിശ്വസിക്കുന്നത്.