Movie News

കല്‍ക്കി 2898 എഡിയുടെ രണ്ടാംഭാഗം എപ്പോള്‍ എത്തും? ആരാധകരെ ആവേശം കൊള്ളിക്കുന്ന വാര്‍ത്ത

പ്രഭാസ് നായകനായി എത്തിയ കല്‍ക്കി 2898 എഡി ബോക്‌സോഫീസില്‍ വമ്പന്‍ ഹിറ്റായി മാറിയിരുന്നു. 1000 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടെന്ന് അന്ന് തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. കല്‍ക്കിയുടെ രണ്ടാം ഭാഗം എപ്പോള്‍ എത്തുമെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിയ്ക്കുന്നത്. 2025-ല്‍ ചിത്രത്തിന് രണ്ടാം ഭാഗം എത്തുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടതും.

ആരാധകരെ കൂടുതല്‍ ആവേശം കൊള്ളിച്ചു കൊണ്ട് വൈജയന്തി മൂവീസിന്റെ നിര്‍മ്മാതാക്കളായ സ്വപ്ന ദത്തും പ്രിയങ്ക ദത്തും തുടര്‍ഭാഗത്തിന്റെ ഷൂട്ടിംഗ് എപ്പോള്‍ ആരംഭിയ്ക്കുമെന്ന് അറിയിച്ചിരിയ്ക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2025-ല്‍ ആരംഭിക്കുമെന്നാണ് ഇരുവരും പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരിയ്ക്കുന്നത്. അടുത്ത അഞ്ചോ ആറോ മാസത്തിനുള്ളില്‍ (ജനുവരി അല്ലെങ്കില്‍ ഫെബ്രുവരി 2025) ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രിയങ്ക വ്യക്തമാക്കിയത്. ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞാല്‍ മാത്രമേ തങ്ങള്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്ന് സ്വപ്ന കൂട്ടിച്ചേര്‍ത്തു. ഇത്തവണ തങ്ങള്‍ കൂടുതല്‍ ആവേശത്തിലാണെന്നും ആദ്യ ഭാഗത്തിലെ പോലെ തന്നെ തങ്ങള്‍ എല്ലാവരും നാഗ് അശ്വിന്റെ കാഴ്ചപ്പാട് പിന്തുടരുമെന്നും അവര്‍ വ്യക്തമാക്കി.

”നിങ്ങള്‍ ചിത്രം കാണുന്നതു വരെ മിക്ക കാര്യങ്ങളും നിങ്ങള്‍ക്ക് പൂര്‍ണ്ണമായി മനസ്സിലാകുമായിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ നാഗി ചെയ്തതെല്ലാം കാണുകയും പ്രേക്ഷകര്‍ സ്വീകരിച്ച രീതി മനസ്സിലാക്കുകയും ചെയ്തതിനാല്‍, തികച്ചും വ്യത്യസ്തമായ ഒരു ഊര്‍ജ്ജത്തോടെ ഞങ്ങള്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുകയാണ്. ” – അവര്‍ പറഞ്ഞു.