Good News

ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുള്ള ലൈബ്രറികളില്‍ ഒന്ന്; കണ്ണിമാറയെ പറ്റി കൂടുതല്‍ അറിയാം

ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ഒരു പകര്‍പ്പ് സ്വീകരിക്കുന്നതിനായിട്ടുള്ള ഒരു പൊതു ലൈബ്രറിയാണ് നാഷണല്‍ ഡെപ്പോസിറ്ററി സെന്റര്‍. അത്തരത്തില്‍ നാല് കേന്ദ്രങ്ങളാണ് ഇന്ത്യയിലുടനിളമുള്ളത്. കണ്ണിമാറ പബ്ലിക് ലൈബ്രറി അവയിലൊന്നാണ്. ചെന്നൈയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . ഒരു ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ബുക്ക് നമ്പര്‍ (ISBN) അല്ലെങ്കില്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സീരിയല്‍ നമ്പര്‍ (ISSN) നല്‍കപ്പെട്ടിടുള്ള ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ പുസ്തകങ്ങളുടെയും. പത്രങ്ങളുടെയും അനുകാലികങ്ങളുടെ പകര്‍പ്പ് ഇവിടെ ലഭ്യമാകും.

1896ലാണ് ഈ പബ്ലിക് ലൈബ്രറി സ്ഥാപിതമായത്. മദ്രാസിലെ മുന്‍ ഗവര്‍ണറായിരുന്ന കണ്ണിമാറ പ്രഭുവിന്റെ പേരിലുള്ള ഈ ലൈബ്രറി ഐക്യരാഷ്ട്രസഭയുടെ ഒരു ഡിപ്പോസിറ്ററിയായി പ്രവര്‍ത്തിക്കുന്നു. ഇവിടെ വലിയ കൃതികളുടെ ശേഖരണവും ചരിത്ര രേഖകളും അടക്കം സംരക്ഷിക്കപ്പെടുന്നുണ്ട്. ഇന്തോ – സാര്‍സെനിക് ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത ഈ കെട്ടിടം ചാരുതയും പരിഷ്‌കൃതതയും പ്രകടമാക്കുന്നതാണ്. സങ്കീര്‍ണമായ കൊത്തുപണിയും സ്റ്റെയിന്‍ ഗ്ലാസ് ജാലകങ്ങളും കൊണ്ട് വിശാലമായ വായനശാലകള്‍. അതിന് പുറമേ വളരെ ശാന്തവും പ്രചോദനാത്മകവുമായ അന്തരീക്ഷവും സൃഷ്ടിക്കുന്നു. എല്ലാത്തിനും പുറമേ ചെന്നൈയുടെ ബൗദ്ധിക-സാംസ്‌കാരിക ജീവിതത്തിന് കണ്ണിമാറ ലൈബ്രറി ഒരു പ്രധാന സംഭാവനയാണ്. സാഹിത്യ ചര്‍ച്ചകള്‍ക്കും പുസ്തക പ്രകാശനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ഇത് ഒരു വേദിയായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ ഇവിടെ 9 ലക്ഷത്തോളം പ്രസിദ്ധീകരണങ്ങളാണ് ഉള്ളത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, ഭാഷകളിലുള്ളവയാണു കൂടുതലെങ്കിലും ഹിന്ദി, മലയാളം ഉൾപ്പെടെ ഇതര ഭാഷകളിലുള്ള പുസ്തകങ്ങളും ഇവിടെ ലഭിക്കും. സന്ദര്‍ശകര്‍ക്ക് വായനയും പഠനവും ലളിമാക്കാന്‍ ലൈബ്രറിയെ വിവിധ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

ഈ ലൈബ്രറിയിലേക്കുള്ള പ്രവേശനം തീര്‍ത്തും സൗജന്യമാണ്.എന്നാല്‍ ഇവിടെ നിന്ന് പുസ്തകം എടുക്കുന്നതിന് അംഗത്വം വേണം. ഇതിനായി ചെന്നൈയിലെ മേല്‍വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍, ഗ്യാസ് ബില്‍, വാടക കരാര്‍ തുടങ്ങിയവ) നല്‍കണം. അതിനോടൊപ്പം തന്നെ ലൈബ്രറിയില്‍ നിന്ന് ലഭ്യമാകുന്ന ഫോം ഫില്‍ ചെയ്ത് 300 രൂപ കൂടി നല്‍കി ജീവിതകാല അംഗത്വവും സ്വീകരിക്കാം.