Good News

ആക്രി… കളയാന്‍ വച്ച കംപ്യൂട്ടറിന് വില കോടികള്‍, ‘സ്റ്റീവ് ജോബ്സ്’ ആണ് താരം

കുപ്പയിലെ മാണിക്യം എന്ന് നിങ്ങള്‍ കേട്ടിട്ടില്ലേ? അത്തരത്തില്‍ കേടായ വസ്തുക്കളുടെ കൂമ്പാരത്തില്‍ നിന്നും ഉപേക്ഷിക്കാതെ മാറ്റിവച്ച ഒരു വസ്തുവിന് കോടികളുടെ വില ലഭിച്ചാലോ. താരം മറ്റാരുമല്ല ആപ്പിള്‍ 1 കംപ്യൂട്ടറാണ്. 50 കംപ്യൂട്ടര്‍ മാത്രമായിരുന്നു ടെക് ഭീമന്റെ ആദ്യകാല ചരിത്രത്തില്‍ വിറ്റുപോയത്. യുഎസിലെ ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ഒരു ലേല സ്ഥാപനം അടുത്തിടെ സംഘടിപ്പിച്ച ലേലത്തില്‍ ഒരു ആപ്പിള്‍ 1 കംപ്യൂട്ടറിന് 315,914 ഡോളര്‍(ഏകദേശം 2.6 കോടി രൂപ) ലഭിച്ചിരിക്കുന്നു.

ആപ്ലിക്കേഷന്‍സ് എന്‍ജീനിയറായ ഡാന റെഡിങ്ടണിന് സമ്മാനിക്കാന്‍ വേണ്ടിയാണ് വോസ്നിയാക്കും സ്റ്റീവ് ജോബ്സും ചേര്‍ന്ന് ഈ കംപ്യൂട്ടര്‍ നിര്‍മ്മിച്ചത്. 1978 -ല്‍ സ്റ്റീവ് ജോബ്സ് ഓഫീസ് മാറ്റത്തിന് തയ്യാറെടുക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടേണ്ട ഹാര്‍ഡ് വെയറിന്റെ ഒരു കുമ്പാരംതന്നെ അവിടെ ഇരിപ്പുണ്ടായിരുന്നു. ഇവയല്ലാംകൂടി റെഡിങ്ടണ്‍ ഏറ്റെടുത്തു. ഈ സീരിസിലെ ആപ്പില്‍ 1 കംപ്യൂട്ടറുകളെല്ലാം അടുത്തിടെ നടന്ന ലേലത്തില്‍ അമ്പരപ്പിക്കുന്ന വിലയ്ക്കാണ് വിറ്റുപോയത്. 2022ല്‍ നടന്ന ലേലത്തില്‍ ലഭിച്ചത് 4,42,118 ഡോളറായിരുന്നു.

1976 ല്‍ സ്റ്റീവ് ജോബ്‌സ്, സ്റ്റീവ് വോസ്‌നിയാക്, റൊണാള്‍ഡ് വെയ്ന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയുടെ ആദ്യ ഉല്‍പ്പന്നമായിരുന്നു ആപ്പില്‍ 1 .വോസ്നിയാക് ഇത് രൂപകല്‍പന ചെയ്യുകയും കൈകൊണ്ട് നിര്‍മ്മിക്കുകയും ചെയ്തു. ടെക്സ്റ്റ് പ്രദര്‍ശിപ്പിക്കുന്നതിന് അധിക സര്‍ക്യൂട്ട് ആവശ്യമില്ലാത്ത ഒരു മൈക്രോ കംപ്യൂട്ടറായിരുന്നു ഇത്. അക്കാലത്തെ മറ്റ് കംപ്യൂട്ടറുകളില്‍ നിന്ന് ഇത് ഒരു വലിയ മുന്നേറ്റമായിരുന്നു.

1.023 MHz മാത്രം പ്രോസസര്‍ സ്പീഡുണ്ടായിരുന്ന 8 കെ.ബി. റാം മാത്രമുള്ള 60 ചിപ്പുകളുള്ള ഒരു മദര്‍ബോര്‍ഡുമായിരുന്നു ഈ കംപ്യൂട്ടറിനുണ്ടായിരുന്നത്.