Health

കൊതുക് കാലനാകുന്ന കാലം; ഈ വര്‍ഷം കൊതുക് കൊന്നത് 105ആളുകളെ

മഴക്കാലമായാല്‍ കേരളമാകെ കൊതുകിന്റെ ശല്യം വളരെ കൂടുതലാണ്. പല രോഗങ്ങള്‍ക്കും കാരണമാകുകയും മരണത്തിന് പോലും കൊതുക് കാരണമാകുന്നുണ്ട്. സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം കൊതുക് പരത്തിയ ഡെങ്കി പനി, വെസ്റ്റ് നൈല്‍,ജപ്പാന്‍ ജ്വരം എന്നിവ കൊണ്ട് മരണപ്പെട്ടത് 105 പേരാണ്. പതിനായിരക്കണക്കിന് ആളുകളെ രോഗക്കിടക്കിയിലുമാക്കി.

മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തില്‍ നിന്നാണ്.

കൊതുക് കടിച്ചാലുണ്ടാകുന്ന ചൊറിച്ചില്‍ സഹാക്കാന്‍ ബുദ്ധിമുട്ടാണ്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില പൊടിക്കൈകള്‍ നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. ഒരു കഷ്ണം പഞ്ഞിയെടുത്ത് അതില്‍ ആപ്പില്‍ സൈഡര്‍ വിനഗര്‍ മുക്കി കൊതുക് കടിച്ച് ഭാഗത്ത് വയ്ക്കുക. അതിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ചൊറിച്ചിലും തിണര്‍പ്പും കുറയ്ക്കാന്‍ സഹായകമാകും.

കൊതുക് കടിച്ചിടത്തായി അല്‍പ്പം തേന്‍ പുരട്ടിയാലും ആശ്വാസമുണ്ടാകും. ചൊറിച്ചിലും തിണര്‍പ്പും തടയുന്നതിന് സോഡാപൊടിയും നല്ലതാണ്. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ധാരാളമായുള്ള കറ്റാര്‍വാഴ കൊതുക് കടിച്ച ഭാഗത്ത് പുരട്ടിയാലും ആശ്വാസം ലഭിക്കും. ചെടിയില്‍ നിന്നും നേരിട്ടുപയോഗിക്കുന്ന ജെല്ലിനായിരിക്കും സ്വാഭാവികമായും ഗുണം. കൊതുക് കടിച്ച സ്ഥലത്ത് ഐസ് വെച്ചാല്‍ ആ ഭാഗം മരവിക്കുകയും ചൊറിച്ചില്‍ കുറയ്ക്കാന്‍ കഴിയുകയും ചെയ്യും.

കൊതുകു പെരുകാതിരിക്കാനും പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാക്കാനും ഓരോരുത്തരും ശ്രദ്ധിക്കണം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും പുറത്തും ശുദ്ധജലമുള്ള ഇടങ്ങളില്‍ മുട്ടയിട്ടു വളരുന്നു. ചെറിയ അളവിലുള്ള വെള്ളത്തില്‍പ്പോലും ഇവ പെറ്റുപെരുകുന്നു. അതുകൊണ്ട് വീടിനകത്തും പുറത്തും വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കണം. മുറ്റത്തും തൊടിയിലുമുള്ള ഉപയോഗശൂന്യമായ ടയര്‍, ചിരട്ട, പാത്രങ്ങള്‍, കുപ്പികള്‍, മുട്ടത്തോട് എന്നിങ്ങനെ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.

ഈഡിസ് കൊതുകുകള്‍ പകല്‍ സമയത്താണ് കടിക്കുന്നത്. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും. അതിനാല്‍ ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവലയോ, കൊതുകിനെ അകറ്റുന്ന ലേപനങ്ങളോ ഉപയോഗിക്കുക, രാവിലെയും സന്ധ്യാ സമയത്തും വാതിലുകളും ജനലുകളും അടച്ചിടുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.