Good News

യൂട്യൂബ് താരമായി മാറിയ ട്രക്ക് ഡ്രൈവര്‍; ഫുഡ് വ്‌ലോഗിംഗിലൂടെ പ്രതിമാസ സമ്പാദ്യം 10 ലക്ഷം

ഇന്ത്യന്‍ ഹൈവേകളിലൂടെ ട്രക്കുമായി കുതിച്ചു പാഞ്ഞിരുന്ന ഡ്രൈവര്‍ ഇപ്പോള്‍ ഒന്നാന്തരം യൂട്യൂബര്‍. അനേകര്‍ക്ക് പ്രചോദനമാകുന്ന രാജേഷ് റവാനി എന്ന ട്രക്ക് ഡ്രൈവര്‍ പാചകവീഡിയോയുമായി യൂട്യൂബില്‍ വൈറലാണ്. ട്രക്കിന്റെ ഗീയര്‍മാറ്റി മൂമ്പോട്ട് പോയിരുന്ന ഹെവി ഡ്രൈവര്‍ പെട്ടെന്നൊരുന്നാള്‍ യൂട്യൂബ് വീഡിയോയിലേക്ക് മാറിയത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തന്നെ ഗീയര്‍ മാറ്റി.

തന്റെ പാചകക്കുറിപ്പുകള്‍ ഓണ്‍ലൈനില്‍ കാണിക്കുകയും പങ്കിടുകയും ചെയ്യുന്നത് വിനോദമായി മാറിയതോടെ അദ്ദേഹം ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ താരരാജാവായി. റവാനിയുടെ ചാനലായ ആര്‍ രാജേഷ് വ്‌ലോഗ്‌സിന് 1.86 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ഒരിക്കല്‍ അജ്ഞാതനായ ഡ്രൈവര്‍ ഇപ്പോള്‍ ഡിജിറ്റല്‍ സെന്‍സേഷനാണ്.

വെറുതേ സമയം കൊല്ലാന്‍വേണ്ടി തുടങ്ങിയ പാചകവീഡിയോ പിന്നീട് ഹരവും ഹോബിയുമായി മാറിയതോടെ രവാണിയുടെ ജീവിതം വഴിതിരിഞ്ഞു. പിന്നീട് അതൊരു ലാഭകരമായ സംരംഭമായി രൂപാന്തരപ്പെട്ടു. ഇത് പിന്നീട് ഒരു യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത് അദ്ദേഹത്തിന് ഗണ്യമായ വരുമാനം നേടാന്‍ സഹായകരമായി. ”ഞാന്‍ ഒരു വോയ്സ്ഓവറോടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. അപ്പോള്‍ ആളുകള്‍ എന്റെ മുഖം വെളിപ്പെടുത്താന്‍ എന്നോട് ആവശ്യപ്പെട്ടു. അതിനാല്‍, എന്റെ മകന്‍ എന്റെ മുഖം കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തു, അത് ഒരു ദിവസം കൊണ്ട് 4.5 ലക്ഷം വ്യൂസ് നേടി.” അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ട്രക്ക് ഡ്രൈവറായും കണ്ടന്റ് ക്രിയേറ്ററായും തന്റെ റോളുകള്‍ സന്തുലിതമാക്കിക്കൊണ്ട്, യൂട്യൂബില്‍ നിന്ന് പ്രതിമാസം 4-5 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ റവാനിക്ക് കഴിയുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന വരുമാനം 10 ലക്ഷം രൂപയിലെത്തി. പ്രതിമാസം 25,000 മുതല്‍ 30,000 രൂപ വരെ കിട്ടിയിരുന്ന ട്രക്ക് ഡ്രൈവിംഗ് വരുമാനത്തില്‍ നിന്നും ഇത് തികച്ചും വിപരീതമാണ്. യൂട്യൂബില്‍ നിന്നും മികച്ച സാമ്പത്തീക വരുമാനം കിട്ടിയിട്ടും കുടുംബത്തോടുള്ള പ്രതിബദ്ധത മൂലം റവാനി ഒരു ട്രക്ക് ഡ്രൈവറുടെ ജോലി തുടരുന്നു.

ഒരു ട്രക്ക് ഡ്രൈവര്‍ ആയിരുന്ന പിതാവായിരുന്നു റവാനിയുടെ അഞ്ചംഗ കുടുംബത്തിന്റെ ഏക ആശ്രയം. ഓരോ മാസവും അയാള്‍ വീട്ടിലേക്ക് 500 രൂപ അയച്ചുകൊടുക്കും, അത് പലപ്പോഴും അപര്യാപ്തമായ തുകയായിരുന്നു. കുടുംബത്തെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വായ്പയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കി. ഈ അനുഭവം റവാനിയില്‍ ആഴത്തിലുള്ള ഉത്തരവാദിത്തബോധമുണ്ടാക്കി. സ്വന്തം കുടുംബത്തിന് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാന്‍ നെട്ടോട്ടം പായാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ചാനല്‍ – വ്യക്തിഗത കഥകള്‍, യാത്രാ വ്‌ലോഗുകള്‍, പാചക ട്യൂട്ടോറിയലുകള്‍ എന്നിവയുടെ മിശ്രിതം – കോടീശ്വരനായ വ്യവസായി ആനന്ദ് മഹീ7ന്ദ്രയുടെ ശ്രദ്ധ വരെ ആകര്‍ഷിച്ചിരിക്കുകയാണ്.

”25 വര്‍ഷത്തിലേറെയായി ട്രക്ക് ഡ്രൈവറായ രാജേഷ് റവാനി തന്റെ തൊഴിലില്‍ ഭക്ഷണവും യാത്രാ വ്‌ലോഗിംഗും ചേര്‍ത്തു. ഇപ്പോള്‍ യൂട്യുബില്‍ 1.5 ദശലക്ഷം ഫോളോവേഴ്സുള്ള ഒരു സെലിബ്രിറ്റിയാണ്. തന്റെ വരുമാനം കൊണ്ട് പുതിയൊരു വീട് വാങ്ങി. പ്രായത്തിനും തൊഴിലിനുമൊക്കെ അപ്പുറത്ത് പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാനും സ്വയം പുനരാവിഷ്‌കരിക്കാനും ഒരിക്കലും വൈകരുതെന്ന് അദ്ദേഹം തെളിയിച്ചു. അവനാണ് തിങ്കളാഴ്ച എന്റെ പ്രചോദനം ”മഹീന്ദ്ര എക്സില്‍ എഴുതി.