സ്വാതന്ത്ര്യത്തിനെ കുറിച്ച് പഠിക്കുമ്പോള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയെ പറ്റി നമ്മള് തീര്‍ച്ചയായും കേട്ടിരിക്കും. ചരിത്രത്തിനോട് അത്രയധികം ചേര്‍ന്ന് നില്ക്കുന്ന ഒരു പേരാണിത്. 1858 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച കമ്പനി ഇംഗ്ലണ്ടുകാര്തന്നെ പുനരുജീവിപ്പിച്ചെങ്കിലും കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥന് ഒരു ഇന്ത്യക്കാരനാണ്. അദ്ദേഹത്തിന്റെ പേരാവട്ടെ സഞ്ജീവ് മേത്തയെന്നാണ്.
1961ല്‍ ഗുജറാത്തിലെ ഒരു ജെയിന് കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സഞ്ജീവിന്റെ മുത്തശ്ശനാവട്ടെ ഒരു രത്ന വ്യാപാരിയായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം മേത്ത ലണ്ടനിലേക്ക് ചേക്കേറി. അഹമ്മദാബാദ് ഐഐഎം, ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷമായിരുന്നു 27-ാം വയസിലെ ലണ്ടന്‍ യാത്ര.
ലണ്ടൻ ജീവിതത്തിന്റെ തുടക്കത്തില്‍ ഫർണിച്ചർ മുതൽ കാസിയോ വാച്ച് വരെ മേത്ത വിറ്റു. ഇതില്‍ ഹുഗ്ഗി ബ്രാന്‍ഡിലുള്ള വാട്ടര്‍ ബോട്ടില്‍ ഹിറ്റായതോടെ 80,000 യൂറോയ്ക്ക് ബിസിനസ് വിറ്റ് പുതിയ വ്യാപാരത്തിലേക്ക് കടന്നു. പിന്നീട് നെസ്ലെ യുണിലിവര്‍ പോലുള്ള കമ്പനികളുടെ ഉല്പന്നങ്ങളുടെ വിതരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
2003 ലെ നവംബര്‍ മാസത്തിലാണ് സഞ്ജീവ് മേത്ത സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് സ്ക്വയറിലുള്ള ഈസ്റ്റ് ഇന്ത്യ ക്ലബിലേക്ക് എത്തുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള ചര്‍ച്ചകള്‍ക്കായി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്ടറെ കാണുന്നതിനായിയാണ് സഞ്ജീവ് വന്നത്. ചര്‍ച്ചകളില്‍ കമ്പനി തുടര്‍ന്നു നടത്താന്‍ അവര്‍ക്കു താല്പര്യമില്ലെന്നും കമ്പനി വില്‍ക്കാനാണ് ഉദ്ദേശമെന്നും മനസിലാക്കിയ മേത്ത ഒരു പേപ്പറെടുത്ത് വിലയിട്ട് സായിപ്പിന് നേരെ നീട്ടി. രണ്ട് സെക്കന്റിനുള്ളില്‍ സായിപ്പ് സമ്മതം പറഞ്ഞു. അതായത് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 21ശതമാനം ഓഹരികള്‍ 20 മിനുട്ടിനുള്ളിൽ മേത്തയുടെ കൈകളിലായി.
2005 ല്‍ മേത്ത 38 ഓഹരി ഉടമകളില്‍ നിന്നും കമ്പനിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കി. നമ്മളെ അടക്കി ഭരിച്ച, ലോകത്തിന്റെ പകുതി സ്വന്തമാക്കിയിരുന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കമ്പനിയെ സ്വന്തമാക്കുക എന്നത് തന്റെ വൈകാരിക തീരുമാനമായിരുന്നുവെന്ന് മേത്ത പിന്നീട് പറഞ്ഞു. വിദേശ ഉത്പ്പന്നങ്ങള്‍, പ്രത്യേക ചായകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റ് ബ്രാന്‍ഡഡ്.റിയല്‍ എസ്റ്റേറ്റ് എന്നിയെന്നിങ്ങനെ 280 വൈവിധ്യമാര്‍ന്ന ചായകള്‍, 100 വൈവിധ്യമാര്‍ന്ന ചോക്ലേറ്റ് എന്നിവയാണ് ക്മ്പനിയുടെ ബിസിനസ്.
1611 ൽ ആരംഭിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് 1858 വരെ ഇന്ത്യ ഭരിച്ചത്. 1874-ല്‍ ബ്രിട്ടീഷ് രാജ്ഞി കമ്പനി പിരിച്ചുവിട്ട് അതിന്റെ ഓഹരി ഉടമകൾക്ക് നഷ്ടപരിഹാരം നല്കി.