Sports

ശ്രീജേഷ് വിരമിച്ചു കഴിഞ്ഞാല്‍ ദ്രാവിഡിന്റെ പാത പിന്തുടരും

തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല നേട്ടത്തിലേക്ക് നയിച്ച ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഹോക്കിയിലെ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ നിരയിലേക്കാണ് കയറിയിരുന്നത്. പാരീസ് 2024 ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്ന ശ്രീജേഷ് ഇതുകഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

എന്നാല്‍ താരം ക്രിക്കറ്റ് ഇന്ത്യയുടെ ഇതിഹാസതാരത്തിന്റെ പാത പിന്തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ കോച്ചിംഗ് തത്വശാസ്ത്രത്തിന്റെ വലിയ ആരാധകനാണ് ശ്രീജേഷ്. അതുപോലെ തന്നെ ദേശീയ ഹോക്കി ടീമിന് ഒരു സോളിഡ് ഫീഡര്‍ സിസ്റ്റം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കഴിവുള്ള ജൂനിയര്‍മാരെ കണ്ടെത്താനാണ് താരം ആഗ്രഹിക്കുന്നത്.

ദ്രാവിഡ് ആദ്യം ഇന്ത്യയുടെ അണ്ടര്‍ 19 ആണ്‍കുട്ടികളോടൊപ്പം പ്രവര്‍ത്തിച്ചതുപോലെ പ്രവര്‍ത്തിക്കാനാണ് ശ്രീജേഷും ആഗ്രഹിക്കുന്നത്. പിന്നീട് ഇവരെ ഇന്ത്യയുടെ എ ടീമിലും പിന്നീട് സീനിയര്‍ ടീമിലേക്കും വളര്‍ന്ന അനേകം താരങ്ങളെയാണ് ദ്രാവിഡ് കണ്ടെത്തിയത്. ഇതേ പാറ്റേണില്‍ ഇന്ത്യന്‍ ഹോക്കിയുടെ ഒരു മികച്ച പരിശീലകനായി മാറുകയാണ് താരത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്.

‘എനിക്ക് ഒരു പരിശീലകനാകണം. എപ്പോഴും അതായിരുന്നു എന്റെ പ്ലാന്‍ എന്നാല്‍ ഇപ്പോള്‍ എപ്പോള്‍ എന്നൊരു ചോദ്യമുണ്ട്. റിട്ടയര്‍മെന്റിന് ശേഷം കുടുംബമാണ് ആദ്യം വരുന്നത്. ഇനി ഭാര്യയുടെ വാക്കുകള്‍ അല്‍പ്പം ശ്രദ്ധിക്കണം,” ശ്രീജേഷ് ചൊവ്വാഴ്ച പിടിഐ ആസ്ഥാനത്ത് പറഞ്ഞു. കോച്ചിംഗ് എടുക്കാന്‍ തീരുമാനിച്ചാല്‍ ദ്രാവിഡിനെ പോലെ പോകാനാണ് ശ്രീജേഷിന്റെ പദ്ധതി.

”ആദ്യം ജൂനിയര്‍മാരില്‍ നിന്ന് ആരംഭിക്കുക. രാഹുല്‍ ദ്രാവിഡ് ഒരു ഉദാഹരണമാണ്. നിങ്ങള്‍ ഒരു കൂട്ടം കളിക്കാരെ പരിശീലിപ്പിക്കുകയും അവരെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തുകയും നിങ്ങളെ പിന്തുടരാന്‍ അനുവദിക്കുകയും ചെയ്യുക, ”അദ്ദേഹം പറഞ്ഞു.

”കോച്ചിംഗ് ഞാന്‍ ഈ വര്‍ഷം ആരംഭിക്കും, അടുത്ത 2025 ല്‍, ജൂനിയര്‍ ലോകകപ്പുണ്ട്, രണ്ട് വര്‍ഷത്തിനുള്ളില്‍ സീനിയര്‍ ടീം ലോകകപ്പ് കളിക്കും. അതിനാല്‍, 2028 ഓടെ എനിക്ക് 20 മുതല്‍ 40 വരെ കളിക്കാരെ സൃഷ്ടിക്കാന്‍ കഴിയും, 2029 ആകുമ്പോഴേക്കും എനിക്ക് 15-20 കളിക്കാരെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്താം, 2030 ഓടെ സീനിയര്‍ ടീമില്‍ ഏതാണ്ട് 30-35 കളിക്കാര്‍.

2032ല്‍ ചീഫ് കോച്ചിന്റെ സ്ഥാനത്തേക്ക് ഞാന്‍ തയ്യാറാകും. 2036 ഒളിമ്പിക് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുകയാണെങ്കില്‍, എനിക്ക് ഇന്ത്യയുടെ പരിശീലകനാകാന്‍ ആഗ്രഹമുണ്ട്,” ശ്രീജേഷിന് പറഞ്ഞു.