സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റീലുകളും ഷോര്‍ട്ട് വീഡിയോകളും പങ്കുവയ്ക്കുന്നത് ഇന്നൊരു ശീലമായി മാറികഴിഞ്ഞിരിക്കുന്നു. ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുമ്പോള്‍ ചുറ്റുമുള്ളവരും അറിയാതെ ഉള്‍പ്പെടാറുണ്ട്. ഇത് പലപ്പോഴും സ്വകാര്യത ലംഘിക്കപ്പെടുന്നതിനാല്‍ ആളുകള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാറുമുണ്ട്.
റെയില്‍വേ സ്റ്റേഷനില്‍ ആളുകള്‍ക്കിടയില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ ഫ്ലുവന്‍സറായ രാഹുല്‍ സാഹയാണ് തന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചുവന്ന ലെഹങ്കയും ഹെല്‍മെറ്റും ധരിച്ച് ബേതുഹാരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഈ ക്ലിപ്പ് ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയില്‍ ചുറ്റുമുള്ളവര്‍ നോക്കിനില്‍ക്കുമ്പോള്‍ ഇയാള്‍ ഡാന്‍സ് ചെയ്യുകയും അതിനിടയില്‍ തന്റെ അരികിലൂടെ പോയ ഒരു പ്രായമായ സ്ത്രിയെ തൊട്ടുവിളിച്ച് ഡാന്‍സ് കാണിച്ചപ്പോള്‍ അവര്‍ കൈ തട്ടിമാറ്റുന്നതും കാണാം. അതിനു ശേഷം അവിടെ നില്‍ക്കുന്ന മറ്റൊരാളെ എടുത്തുപൊക്കി അയാള്‍ ഡാന്‍സുകളിക്കുന്നു.
വീഡിയോ ഇന്റര്‍നെറ്റില്‍ പങ്കിട്ടതിനുശേഷം നിരവധി ഉപയോക്താക്കള്‍ ക്ലിപ്പ് തമാശയായി കണ്ടെത്തിയപ്പോള്‍, മറ്റു ചിലര്‍ വിചിത്രമായ വസ്ത്രങ്ങള്‍ ധരിക്കുന്ന വ്യക്തിയായ ഇന്റര്‍നെറ്റ് സെന്‍സേഷന്‍ ഉര്‍ഫി ജാവേദുമായി താരതമ്യം ചെയ്തു.