നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ പെട്ടെന്നുള്ള പ്രഖ്യാപനം ആരാധകരെ ഉള്‍പ്പെടെയുള്ളവരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആഗസ്റ്റ് 8-ന് ഹൈദരാബാദില്‍ വെച്ചായിരുന്നു ദമ്പതികളുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. നാഗചൈതന്യയുടെ മുന്‍ ഭാര്യ സാമന്തയുടെ പ്രതികരണത്തിനായി ആരാധകര്‍ കാത്തിരിയ്ക്കുകയായിരുന്നു. ചൈതന്യയുടെയും ശോഭിതയുടെയും വിവാഹ നിശ്ചയ വാര്‍ത്തയ്ക്ക് പിന്നാലെ സാമന്തയെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയ ഒരു ആരാധകനാണ് ശ്രദ്ധേയനാകുന്നത്.
‘നിങ്ങള്‍ എടുക്കാത്ത ഷോട്ടുകളുടെ 100 ശതമാനവും നിങ്ങള്‍ക്ക് നഷ്ടമാകും’ എന്ന അടിക്കുറിപ്പോടെയാണ് ആരാധകന് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍, ‘ഞാന്‍ സാമന്തയുടെ അടുത്തേക്കുള്ള യാത്രയിലാണ്. അവള് വിഷമിക്കേണ്ടതില്ല, കാരണം ഞാന്‍ എപ്പോഴും അവള്‍ക്ക് വേണ്ടി ഉണ്ടാകും’ – എന്ന് എഴുതിയ ഒരു ടെക്സ്റ്റും ചേര്‍ത്തിരുന്നു. വീഡിയോയില്‍, സാമന്തയുടെ ആരാധകനായ മുകേഷ് ചിന്ത, തന്റെ ബാഗുകള്‍ പാക്ക് ചെയ്യുന്നതും വിമാനത്തില്‍ കയറുന്നതും നടിയുടെ വീടിന് പുറത്ത് നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. താന്‍ എന്തുകൊണ്ടാണ് താരത്തിന് അനുയോജ്യമായ പങ്കാളിയാകുന്നതെന്നുള്ള വിശദീകരണവും ഇദ്ദേഹം നല്‍കുന്നുണ്ട്. സാമന്ത തയ്യാറാണെങ്കില്‍ താന്‍ വിവാഹത്തിന് തയ്യാറാണെന്നും സാമ്പത്തികമായി സ്വതന്ത്രനാകാന്‍ രണ്ട് വര്‍ഷത്തെ സമയവും ഇദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല പേപ്പറില്‍ ഹാര്‍ട്ടിന്റെ ഷെയ്പില്‍ എഴുതി കൊണ്ട് ഇദ്ദേഹം താരത്തെ പ്രൊപ്പോസ് ചെയ്യുന്നുമുണ്ട്. എന്നാല്‍ വീഡിയോയിലെ ഓരോ സ്ഥലങ്ങളും സാമന്തയുടെ വീട് ഉള്‍പ്പെടെ ഇദ്ദേഹം സാങ്കേതിക സഹായത്തോടെ ചെയ്തതാണെന്നുള്ളതാണ് രസകരം.
ഈ ആരാധകന്റെ വീഡിയോ മറ്റു പലരുടേയും വീഡിയോ പോലെ താരം ശ്രദ്ധിക്കപ്പെടാതെ പോയില്ല എന്നതാണ് രസകരം. ഈ വീഡിയോ സാമന്ത കാണുകയും ആരാധകന് മറുപടി കൊടുക്കുകയും ചെയ്തു. താരത്തിന്റെ രസകരമായ മറുപടിയാണ് ശ്രദ്ധേയമായത്. ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധത്തിന് പേരുകേട്ട സാമന്ത കുറിച്ചത്. ‘പശ്ചാത്തലത്തിലെ ജിം എന്നെ ഏറെക്കുറെ ബോധ്യപ്പെടുത്തി.’- എന്നാണ്.