Oddly News

21-ാം വയസ്സില്‍ PhD, 22-ാം വയസ്സില്‍ IIT പ്രൊഫസറായ അത്ഭുത പ്രതിഭ; ഇന്ന് തൊഴില്‍രഹിതന്‍ !


ലോകം കണ്ട ഏറ്റവും പ്രഗത്ഭനായ യുവ ഭൗതികശാസ്ത്രജ്ഞരില്‍ ഒരാളായ തഥാഗത് അവതാര്‍ തുളസി നിലവില്‍ തൊഴില്‍രഹിതനാണ്. ഇത് അവിശ്വസനീയമായി തോന്നുമെങ്കിലും സത്യമാണ്. 1987 സെപ്റ്റംബര്‍ 9 ന് ബീഹാറില്‍ ജനിച്ച തഥാഗത് അവതാര്‍ തുളസി തന്റെ ഒന്‍പതാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരു ബാലപ്രതിഭയായിരുന്നു.

പതിനൊന്നാം വയസ്സില്‍ പട്‌ന സയന്‍സ് കോളേജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി ചരിത്രം സൃഷ്ടിച്ചു. 12-ാം വയസ്സില്‍ എംഎസ്സി പൂര്‍ത്തിയാക്കിയ തഥാഗത് പിന്നീട്ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പിഎച്ച്ഡി പഠനത്തിന് ചേര്‍ന്നു. കേവലം 21 വയസ്സുള്ളപ്പോള്‍ ഐഐഎസ്സിയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കിയ തഥാഗതിനെ ഒരു അപൂര്‍വ ഇന്ത്യന്‍ പ്രതിഭയായിട്ടാണ് പലരും കണക്കാക്കുന്നത്.

ഐഐഎസ്സിയിലെ അന്നത്തെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ തഥാഗതിനെ ‘നല്ല കുട്ടി, വളരെ സ്‌നേഹമുള്ള, തന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍
കഠിനമായി പ്രവര്‍ത്തിക്കുന്നവന്‍’ എന്നാണ് വിശേഷിപ്പിച്ചത്. തുളസിയുടെ പിഎച്ച്ഡി തീസിസിന്റെ വിഷയം “Generalizations of the Quantum Search Algorithm,” എന്നതായിരുന്നു, പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ലോവ് ഗ്രോവറുമായി ചേര്‍ന്ന് “A New Algorithm for Fixed-point Quantum Search” എന്ന ഗവേഷണ കൈയെഴുത്തുപ്രതിയില്‍ അദ്ദേഹം സഹ-രചയിതാവായി.

2010-ല്‍, കരാര്‍ അടിസ്ഥാനത്തില്‍ ഐഐടി-മുംബൈ, തഥാഗതിനു സ്ഥാപനത്തില്‍ പഠിപ്പിക്കാന്‍ ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലം അവധിയെടുത്തതിനാല്‍ 2019 ല്‍ ഐഐടി-എം തുളസിയെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. തഥാഗത് അവതാര്‍ തുളസി പറയുന്നതനുസരിച്ച്, 2011 ല്‍ കടുത്ത പനി അനുഭവപ്പെട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ ആരംഭിച്ചു, പിന്നീടത് അലര്‍ജിയാണെന്ന് കണ്ടെത്തി. 2013ല്‍ മുംബൈ ഐഐടിയില്‍ നിന്ന് നാലുവര്‍ഷത്തെ അവധിയെടുക്കാന്‍ തീരുമാനിച്ച് പട്‌നയിലേക്ക് മാറി. നിര്‍ഭാഗ്യവശാല്‍, 2019-ല്‍ അദ്ദേഹത്തെ ഔദ്യോഗികമായി സ്ഥാനത്തുനിന്ന് പുറത്താക്കി. നിലവില്‍ തൊഴില്‍ രഹിതയായ തുളസി നിയമപഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.