Movie News

ജയിലര്‍-2 ന് നെല്‍സണ്‍ ദിലീപ്കുമാറിന് പ്രതിഫലം 60 കോടി? മോഹന്‍ലാലും ശിവരാജ്കുമാറും അഭിനയിച്ചേക്കും

നെല്‍സണ്‍ ദിലീപ്കുമാര്‍ ഇളയദളപതി വിജയ്‌ക്കൊപ്പം ഒന്നിച്ച 2022-ലെ ചിത്രം, ‘ബീസ്റ്റ്’ ഒരു വന്‍ പരാജയമായിരുന്നു. നിരൂപകരില്‍ നിന്നും ആരാധകരില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ ലഭിച്ചിട്ടും തീയേറ്ററില്‍ ഇളക്കമുണ്ടാക്കാനായില്ല. എന്നാല്‍ പിന്നാലെ അടുത്ത വര്‍ഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെവച്ച് ചെയ്ത ‘ജയിലര്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ നെല്‍സണ്‍ ദിലീപ്കുമാറിന് ശ്രദ്ധേയമായ തിരിച്ചുവരവിന് അവസരം കൊടുത്തു. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രം മാറി.

‘ജയിലര്‍ 2’ വിനായി നെല്‍സണ്‍ ദിലീപ്കുമാര്‍ വീണ്ടും രജനീകാന്തുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതായി അഭ്യൂഹങ്ങളുണ്ട്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പ്രോജക്റ്റിനായി ഡയറക്ടര്‍ക്ക് 60 കോടി രൂപ പ്രതിഫലം കിട്ടിയേക്കുമെന്ന് സൂചനകളുണ്ട്. യോഗി ബാബുവും രജനികാന്തും ഉള്‍പ്പെടുന്ന ഒരു കോമിക് സബ്പ്ലോട്ടില്‍ നെല്‍സണ്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കൂടാതെ, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍ തുടങ്ങിയ താരങ്ങള്‍ അതിഥി വേഷത്തില്‍ ഈ തുടര്‍ച്ചയില്‍ ഉണ്ടാകുമെന്നും ബോളിവുഡിലെ ഒരു പ്രമുഖ നടന്‍ കൂടി അണിനിരന്നേക്കുമെന്നും അഭ്യൂഹമുണ്ട്. വിനായകന്‍, രമ്യാ കൃഷ്ണന്‍, തമന്ന ഭാട്ടിയ, വസന്ത് രവി, മിര്‍ണ മേനോന്‍, യോഗി ബാബു എന്നിവരുള്‍പ്പെടെ ഒരു കൂട്ടം അഭിനേതാക്കളാണ് ജയിലറില്‍ അഭിനയിച്ചത്. ഒക്ടോബറില്‍ ‘വേട്ടയാന്‍’ റിലീസിന് തയ്യാറെടുക്കുന്ന രജനി ലോകേഷ് കനകരാജിന്റെ ‘കൂലി’യുടെ ചിത്രീകരണത്തിലാണ്.