Oddly News

115 രൂപയ്ക്ക് ഒരു ചുംബനം, 11 രൂപയ്ക്ക് ആലിംഗനം; തെരുവുകളില്‍ ‘സ്‌നേഹം’ പരസ്യമായി വില്‍ക്കപ്പെടുന്നു

താല്‍ക്കാലികമായൊരു വൈകാരിക ബന്ധം കൊതിക്കുന്നവര്‍ക്ക് റൊമാന്റിക് അനുഭവങ്ങളുടെ ഒരു മെനുവുമായി ചൈനീസ് തെരുവുകളില്‍ യുവതികള്‍. തെരുവോരത്തെ താല്‍ക്കാലിക സ്റ്റാളുകളില്‍ സ്‌നേഹം പരസ്യമായി വില്‍ക്കാനുള്ള ഇവരുടെ മെനുവില്‍ 115 രൂപയ്ക്ക് ഒരു ചുംബനവും 461 രൂപയ്ക്ക് ഒരു മണിക്കൂര്‍ ഒരുമിച്ചിരുന്നുള്ള മദ്യപാനവും 11 രൂപയ്ക്ക് ആലിംഗനവും നല്‍കുന്നു. അതേസമയം ഇതില്‍ ലൈംഗികത ഇല്ലെന്നതാണ് ഏറെ പ്രത്യേകത.

ഓണ്‍ലൈനിലും ഓഫ് ലൈനിലും പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന വിചിത്രമായ ഈ ബിസിനസ് മോഡല്‍ ഷെന്‍ഷെന്‍ പോലുള്ള നഗരങ്ങളിലെ തെരുവുകളില്‍ പതിവ് കാഴ്ചയാണ്. ചുംബിക്കുക, കെട്ടിപ്പിടിക്കുക, ഒരുമിച്ച് സിനിമ കാണുക തുടങ്ങിയ സേവനങ്ങളാണ് വാഗ്ദാനത്തിലുള്ളത്. ആലിംഗനത്തിന് 11 രൂപ മുതല്‍ ഒരു മണിക്കൂര്‍ ഒരുമിച്ച് കുടിക്കുന്നതിന് 461 രൂപ വരെയാണ് ഈ സ്നേഹ നിമിഷങ്ങള്‍ക്ക് വില. ചൈനയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയില്‍ ഫോട്ടോകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നതോടെ ഈ സ്റ്റാളുകള്‍ ഒരു സാധാരണ കാഴ്ചയായി മാറിയെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചില പെണ്‍കുട്ടികള്‍ പണം സമ്പാദിക്കുന്നതിനായി ഈ തരത്തിലുള്ള പണമടച്ചുള്ള കൂട്ടുകെട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഒരുമിച്ച് സിനിമ കാണുന്നതിന് 150 രൂപയും വീട്ടുജോലികള്‍ ഒരുമിച്ച് ചെയ്താല്‍ 2000 രൂപയും ലഭിക്കും. അതേസമയം ഈ സേവനം വ്യാപകമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. ചിലര്‍ പുതുമയെ അഭിനന്ദിക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് വിമര്‍ശിക്കുന്നു. വളര്‍ന്നുവരുന്ന ഈ വിപണി, മനുഷ്യസഹജമായ വികാരങ്ങളുടെ വാണിജ്യമൂല്യമാണ് ഉപയോഗിക്കുന്നത്. ആധുനിക മനുഷ്യബന്ധങ്ങളുടെ സ്വഭാവത്തെക്കുറിച്ചും മനുഷ്യ ബന്ധത്തിന് നാം നല്‍കുന്ന മൂല്യത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും വിമര്‍ശനമുണ്ട്.