Good News

പ്രണയത്തിന് പ്രായമില്ല.; മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇണയെ തപ്പിക്കൊടുക്കും ; ഇതുവരെ 100 ലവ്‌സ്‌റ്റോറികള്‍

പ്രായം 50 കഴിഞ്ഞ ഒരാള്‍ക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ എന്തുചെയ്യണം? സീനിയര്‍ സിറ്റിസണ്‍മാരില്‍ ഭൂരിഭാഗം പേരുടെയും പ്രശ്‌നം മക്കളില്‍ നിന്നും വേണ്ടത്ര പരിഗണന കിട്ടാത്തതും ഒറ്റപ്പെടലുമാണ്. ഭൂരിപക്ഷത്തിനും വേണ്ടത് ഒരു നല്ല പങ്കാളിയെയാണ്. ജീവിതത്തില്‍ ഇങ്ങിനെ ഏകാകിയായി പോയവര്‍ക്ക് വേണ്ടിയാണ് മാധവ് ദാംലേയുടെ ‘ഹാപ്പി സീനിയേഴ്‌സ്’.

പ്രായമായവര്‍ക്ക് ‘ലിവിന്‍ റിലേഷന്’ പങ്കാളിയെ കിട്ടാന്‍ വണ്‍ടൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ മാത്രം മതി. 4000 മുതല്‍ 7,500 രൂപയുള്ള ചെറിയ തുക ഉപയോഗിച്ച് അനുയോജ്യമായ പ്രണയം കണ്ടെത്താം. ഈ ഏജന്‍സിവഴി ഇതിനകം സീനിയര്‍ സിറ്റിസണ്‍മാരായ 81 പേരാണ് ജീവിതപങ്കാളികളെ കണ്ടെത്തിയത്. പൂനെയില്‍ നിന്നുള്ള സര്‍വീസ് എഞ്ചിനീയറായ മാധവ് ഇവരുടെ പുഞ്ചിരികളും സന്തോഷങ്ങളും പങ്കുവെയ്ക്കുന്നു.

ഈ അസാധാരണമായ പ്രൊഫഷന്‍ എങ്ങിനെ കണ്ടെത്തിയെന്ന് ചോദിച്ചാല്‍ അദ്ദേഹം അതിന്റെ ക്രെഡിറ്റ് നല്‍കുന്നത് താന്‍ സമയത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്ന വിവിധ സാമൂഹ്യസംഘടനകളിലെ വോളന്റീര്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ്. പല പരിപാടികളുടെ ഭാഗമായി അനേകം വൃദ്ധസദനങ്ങള്‍ സന്ദര്‍ശിക്കാറുണ്ടെന്നും അവിടെ ഒറ്റപ്പെട്ടവരായ അനേകം പ്രായമുള്ളവരുടെ സങ്കടങ്ങള്‍ക്കും വേദനയ്ക്കും സാക്ഷിയായിട്ടുണ്ടെന്നും പറയുന്നു. സ്വന്തം മക്കളാല്‍ വേണ്ടവിധം പരിഗണിക്കപ്പെടാതെ പോകുന്ന സീനിയര്‍ സിറ്റിസണ്‍മാരുടെ അവസഥയെക്കുറിച്ചും മാധവ് ചിന്തിച്ചു.

ഒരു കൂട്ടിനെക്കുറിച്ച് ചില മുതിര്‍ന്നവരുമായി സംസാരിച്ചപ്പോള്‍ ആദ്യം പലരും മുഖം തിരിച്ചെങ്കിലും പിന്നീട് സത്യത്തില്‍ നിന്നും ഒളിച്ചോടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് 2012 ല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ‘ഹാപ്പി സീനിയേഴ്‌സ്’ പിറവിയെടുത്തത്. അതേസമയം ഇത്രയും പ്രായമുള്ളവര്‍ക്ക് എന്തുകൊണ്ടാണ് ‘ലിവ് ഇന്‍’ റിലേഷന്‍ ഷിപ്പുകള്‍ എന്ന ചോദ്യത്തിന് യുവാക്കള്‍ക്കിടയില്‍ ബന്ധങ്ങളുടെ മുമ്പോട്ടുള്ള കുതിപ്പിന്റെ സാധ്യത കുട്ടികള്‍ ആണെന്നും കുട്ടികളുടെ ബാദ്ധ്യത ഇല്ലെങ്കില്‍ അവിടെ വിവാഹത്തിന് എന്താണ് സ്ഥാനമെന്ന് അദ്ദേഹം തിരിച്ചു ചോദിക്കും. കുട്ടികളൊക്കെ സെറ്റിലായ സീനിയര്‍ സിറ്റിസണ്‍സിന്റെ കാര്യത്തില്‍ ഇത്തരമൊരു സാധ്യത ഇല്ലെന്നും അദ്ദേഹം പറയുന്നു.

സാമ്പത്തികമായി സ്ഥിരതയുള്ളവര്‍ക്കാണ് മിക്കവാറും പങ്കാളികളെ കണ്ടെത്തിക്കൊടുക്കാറുള്ളത്. സ്വത്തുതര്‍ക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. ലിവിംഗ് റിലേഷനില്‍ ഇതുവരെ 81 പേരെ കണ്ടെത്തിക്കൊടുത്തെന്നും ഇവരില്‍ ചിലര്‍ വിവാഹിതരാകുക പോലും ചെയ്‌തെന്നും മാധവ് പറയുന്നു.

മെമ്പര്‍ഷിപ്പിനായി ചില മാനദണ്ഡങ്ങളുണ്ട്. ഒന്നാമത്തേത് പുരുഷന്മാര്‍ക്ക് മാസം 35,000 രൂപ വരുമാനം ഉണ്ടായിരിക്കണമെന്നതാണ്. ലിവ് ഇന്‍ റിലേഷനിലേക്ക് കടക്കുമ്പോള്‍ രണ്ടുപേര്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരിക്കണം. അതില്‍ ഫിക്‌സഡ് ഡെപ്പോസിറ്റും കാണണം. ബന്ധത്തില്‍ എന്തെങ്കിലും തരത്തില്‍ തെറ്റ് സംഭവിച്ചാല്‍ ദമ്പതികളില്‍ നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും.