Hollywood

ലേഡിഗാഗ മൂന്നാമതും വിവാഹ നിശ്ചയത്തിനൊരുങ്ങുന്നു; വരന്‍ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കി

ലോകപ്രശക്ത പോപ്പ് ഐക്കണ്‍ ലേഡിഗാഗ ദീര്‍ഘകാല കാമുകനായ മൈക്കല്‍ പോളാന്‍സ്‌കിയെ വിവാഹം കഴിക്കുന്നു. പാട്ടുകാരി ഈ വിവരം ലോകമെമ്പാടുമുള്ള തന്റെ ആരാധകരെ അറിയിച്ചത് 2024 പാരീസ് ഒളിമ്പിക്സ് വേദിയിലായിരുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടാല്‍ പോസ്റ്റ് ചെയ്ത ടിക് ടോക്ക് വീഡിയോയിലൂടെയാണ് വാര്‍ത്ത പുറത്തുവന്നത്. അടലിനൊപ്പം ഒരു നീന്തല്‍ പരിപാടി ആസ്വദിക്കുന്നതിനിടെ പോളാന്‍സ്‌കിയെ ലേഡിഗാഗ തന്റെ പ്രതിശ്രുത വരന്‍ എന്നാണ് പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തിയത്.


2020ല്‍ ലാസ് വെഗാസില്‍ ഒരു പുതുവത്സര ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം പുറത്തുവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞത്. 2020-ല്‍ ഇരുവരും ഒരു പൊതുപരിപാടയില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ഫോട്ടോ ഗാഗ പോസ്റ്റ് ചെയ്തത് ‘മിയാമിയിലെ ഞങ്ങളുടെ രസകരമായ നിമിഷം’ എന്ന അടിക്കുറിപ്പോടെയായിരുന്നു. കോവിഡ് കാലത്ത് അവര്‍ ഒരുമിച്ച് ക്വാറന്റൈനില്‍ കഴിയുകയും പരസ്പരം സഹവാസത്തില്‍ സ്നേഹം കണ്ടെത്തിയതോടെയാണ ഈ ബന്ധം ആഴമേറിയതാണെന്ന് ആരാധകര്‍ മനസ്സിലാക്കിയത്. ‘വണ്‍ വേള്‍ഡ്: ടുഗെദര്‍ അറ്റ് ഹോം’ പോലെയുള്ള വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തതോടെ രണ്ടുപേരുടെയും അഭിനിവേശം ഒന്നാണെന്ന് തിരിച്ചറിയുകയും അവരുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു.

പിന്നീട് പിരിയാതെ ഇരുവരും നിരവധി പരിപാടികളില്‍ ഒരുമിച്ച് പങ്കെടുക്കുകയും ഇപ്പോള്‍ വിവാഹനിശ്ചയ പ്രഖ്യാപനത്തിലേക്ക് എത്തുകയും ചെയ്തിരിക്കുകയാണ്. വിവാഹനിശ്ചയപ്രഖ്യാപനം അവരുടെ പ്രണയകഥയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. അതേസമയം ലേഡിഗാഗ മൂന്നാം തവണയാണ് വിവാഹ നിശ്ചയത്തിനൊരുങ്ങുന്നത്. നേരത്തേ ക്രിസ്റ്റ്യന്‍ കാരിനോയുമായും ടെയ്‌ലര്‍ കിന്നിയുമായും മുമ്പ് വിവാഹനിശ്ചയം നടത്തിയിരുന്ന ഗാഗയുടെ മൂന്നാമത്തെ വിവാഹനിശ്ചയമാണിത്.