Good News

അനാഥാലയത്തില്‍ വളര്‍ന്ന യോജനയ്ക്ക് അച്ഛനും അമ്മയുമായി 126പേര്‍; ദത്തെടുത്തത് 3500-ലധികം മുതിര്‍ന്നവരെ

അപ്പനെയും അമ്മയെയും കണ്ടിട്ടില്ലെന്നതായിരുന്നു ഒരു അനാഥാലയത്തില്‍ വളര്‍ന്ന യോജന ഘരതിന്റെ ഏറ്റവും വലിയ ദു:ഖം. അവര്‍ എങ്ങിനെയിരിക്കുമെന്നും അവര്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എങ്ങിനെയായിരുന്നേനെയെന്നും അവര്‍ എപ്പോഴും വിങ്ങലോടു കൂടിയ ഒരു ചിന്തയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അപ്പനമ്മമാര്‍ 126 ആണ്. മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരെ ഏറ്റെടുത്തുകൊണ്ടാണ് അവള്‍ തന്റെ സ്വകാര്യദു:ഖത്തിന് മറുപടി കണ്ടത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ അവര്‍ക്ക് അനേകം മാതാപിതാക്കളുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലും ക്ഷേത്രങ്ങളിലും പാലത്തിനടിയിലും ആശുപത്രികളിലുമൊക്കെ ഉപേക്ഷിക്കപ്പെട്ട പ്രായമായവരെ ഏറ്റെടുക്കുകയും അവര്‍ക്ക് തലചായ്ക്കാനായി ഇടം നല്‍കുകയും ചെയ്യുന്നു. ഓരോരുത്തരേയും യോജന തനിക്ക് കിട്ടാതെ പോയ ആയും ബാബയും ആയി കണക്കാക്കുമ്പോള്‍ ജീവിതസായാഹ്നത്തില്‍ മാന്യതയോടെയും അനുകമ്പയോടെയും ആലിംഗനം ചെയ്യപ്പെട്ടവര്‍ യോജനയില്‍ ഒരു മകളെയും കണ്ടെത്തുന്നു. മഹാരാഷ്ട്രയിലെ താനെയിലെ ഭിവണ്ടിയിലുള്ള സ്മിറ്റ് ഓള്‍ഡ് ഏജ് ഹോം ആന്‍ഡ് കെയര്‍ ഫൗണ്ടേഷനാണ് യോജനയുടെ വൃദ്ധസദനം. ഇവിടെ അവര്‍ക്ക് താമസിക്കാന്‍ സ്ഥലവും ഭക്ഷണവും വൈദ്യസഹായവുമൊക്കെ യോജന ക്രമീകരിച്ചിട്ടുണ്ട്.

ഓള്‍ഡ് ഏജ് ഹോമില്‍ 126 പേര് ഇപ്പോഴുണ്ട്. പക്ഷേ 3500 പേരെ ഇതുവരെ യോജന ഏറ്റെടുത്തിട്ടുണ്ട്. പ്രായമായ ഒട്ടുമിക്ക ആള്‍ക്കാരും ആഗ്രഹിക്കുന്ന സ്‌നേഹവും കരുതലും സഹവാസവുമൊക്കെ അവിടെ ലഭിക്കുന്നു. യോജനയുടെ പരിചരണത്തിലുള്ള ഓരോരുത്തരും അനുഭവിക്കുന്നത് തങ്ങള്‍ സ്വന്തം മക്കളില്‍ നിന്നും കിട്ടാന്‍ ആഗ്രഹിക്കുന്ന കരുതലും സ്‌നേഹവും ബഹുമാനവുമൊക്കെയാണ്. അവിടെ അവര്‍ക്ക് ഭക്ഷണം നല്‍കുകയും ഡയപ്പര്‍ മാറ്റുന്നതും ആവശ്യമായ വൈദ്യചികിത്സകള്‍ ക്രമീകരിക്കുന്നതുമൊക്കെ യോജനയാണ്. അനേകം എതിര്‍പ്പുകളെ അതിജീവിച്ചായിരുന്നു യോജന വൃദ്ധസദനം തുടങ്ങിയത്.

സ്മിറ്റ് ഓള്‍ഡ് ഏജ് ഹോമിലെ 126 പേരില്‍ പലരും കിടപ്പിലായവരാണ്. കുടുംബത്താല്‍ ഉപേക്ഷിക്കപ്പെട്ട വികലാംഗരായ കുട്ടികളെയും മുതിര്‍ന്നവരെയും അവള്‍ പരിപാലിക്കുന്നു. എന്നിരുന്നാലും, ഈ തലത്തിലുള്ള പരിചരണം നിലനിര്‍ത്തുന്നത് ചെറിയ കാര്യമല്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സങ്കേതത്തിന് പ്രതിമാസം 12 ലക്ഷം രൂപ ആവശ്യമാണ്, ഇത് നിരന്തരമായ വെല്ലുവിളിയാണ്. നിലവില്‍ വാടക സ്ഥലത്ത് നിന്ന് കുടിയൊഴിപ്പിക്കല്‍ ഭീഷണി കൂടി നേരിടുകയാണ് യോജന.

യോജനയുടെ മനസ്സില്‍ സേവനത്തിന്റെ വിത്തുകള്‍ പാകിയത് താന്‍ അനാഥയായി വളര്‍ന്ന കാല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയാണ്. താനെയില്‍ 3,000-ലധികം പ്രായമായവര്‍ക്ക് അവരുടെ അവസാന നാളുകള്‍ സുരക്ഷിതമായും സമാധാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന ഒരു സ്ഥിരമായ വീട് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു.