Sports

ദ്രാവിഡ് ഇനി ‘തൊഴില്‍രഹിതനല്ല’; ഐപിഎല്ലിലേക്ക് മടങ്ങിയേക്കും; രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാകും

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഇറങ്ങിയ രാഹുല്‍ദ്രാവിഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലേക്ക് തിരിച്ചുപോകുന്ന രാഹുല്‍ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഭാവിയെക്കുറിച്ച് ദ്രാവിഡ് മൗനം പാലിക്കുകയാണ്. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം പരിശീലകനെന്ന നിലയിലുള്ള തന്റെ അവസാനത്തെ അഭിസംബോധനയില്‍ പോലും, താന്‍ ഇപ്പോള്‍ ‘തൊഴിലില്ലാത്തയാളാണ്’, ഏത് ഓഫറുകളും സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദ്രാവിഡ് തമാശയായി പറഞ്ഞത്. 2011ല്‍ ക്യാപ്റ്റനായി റോയല്‍സില്‍ ചേര്‍ന്ന ദ്രാവിഡ് വിരമിക്കുന്നതിന് മുമ്പ് മൂന്ന് സീസണുകള്‍ കളിച്ചിരുന്നു. 2014-ല്‍, ഫ്രാഞ്ചൈസിയുടെ ഉപദേഷ്ടാവായി അദ്ദേഹം ചുമതലയേറ്റിരുന്നു.

ഇന്ത്യന്‍ പരിശീലകനായി തുടരുന്നതില്‍ ദ്രാവിഡിന്റെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് അതിന് ആവശ്യമായ സമയവും യാത്രയും പ്രതിബദ്ധതയുമായിരുന്നു. 50-ാം വയസ്സില്‍, തന്റെ ജീവിതത്തിന്റെ ഏറ്റവും കൂടുതല്‍ കാലം കുടുംബത്തില്‍ നിന്ന് വിട്ടുനിന്നതിനാല്‍ അദ്ദേഹം കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

അതിനിടയില്‍, ദ്രാവിഡ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് പോകുമെന്നും ശ്രുതിയുണ്ട്. മുന്‍ കെകെആര്‍ ഉപദേഷ്ടാവ് ഗൗതം ഗംഭീര്‍ പോയ ഒഴിവില്‍ ദ്രാവിഡ് വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിശീലകനെന്ന നിലയില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പരിശീലകരുടെ പട്ടികയിലാണ് ദ്രാവിഡ്. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായി ദ്രാവിഡ് 2016 ലെ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലേക്ക് അണ്ടര്‍ 19 ടീമിനെ നയിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം 2018 ല്‍, ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീം ഫൈനലില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരുമായി. പിന്നാലെ ഇന്ത്യന്‍ സീനിയര്‍ ടീമിനെ ടി20 ലോകകപ്പില്‍ ചാംപ്യന്മാരാക്കിയ ദ്രാവിഡ് ടെസ്റ്റ്, ഏകദിന ലോകകപ്പുകളില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു.