Movie News

സുസ്മിത സെന്നിന്റെ മകള്‍ സിനിമയില്‍, നടിയായല്ല, നായകന്‍ വിക്കി കൗശല്‍

മിസ് യൂണിവേഴ്‌സും ബോളിവുഡ് താരവുമായ സുസ്മിത സെന്‍ സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ല. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സുസ്മിത അവര്‍ക്കൊപ്പം കഴിയുകയാണ്. 2000 -ല്‍ റെനി എന്ന കുട്ടിയേയും 2010ല്‍ അലീഷയേയുമാണ് സുസ്മിത ദത്തെടുത്തത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സുസ്മിത സെന്നിന്റെ മകള്‍ റെനി സിനിമയിലേക്ക് ചുവടുവെച്ചിരിയ്ക്കുകയാണ്. 2021-ല്‍ ‘ഡ്രാമയമ’, 2020-ല്‍ ‘സുട്ടബാസി’ എന്നീ ഹ്രസ്വചിത്രങ്ങളില്‍ റെനി അഭിനയിച്ചിട്ടുണ്ട്. അമ്മ സുസ്മിതയെ മുഖ്യകഥാപാത്രമാക്കിയ ‘താലി’ എന്ന വെബ് സീരീസില്‍ ഗായികയായും റെനി എത്തിയിരുന്നു.

ഇപ്പോള്‍ റെനി തന്റെ ആദ്യത്തെ ബിഗ് ബജറ്റ് ഹിന്ദി ചിത്രത്തില്‍ പ്രവര്‍ത്തിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ്. ആനന്ദ് തിവാരിയുടെ ‘ബാഡ് ന്യൂസ്’ എന്ന സിനിമയില്‍ ഇന്റേണ്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് റെനി പ്രവര്‍ത്തിച്ചത്. വിക്കി കൗശല്‍, ട്രിപ്റ്റി ദിമ്രി, ആമി വിര്‍ക്ക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇപ്പോള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിയ്ക്കുകയാണ്. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സിനിമയില്‍ പ്രവര്‍ത്തിക്കാനും ചലച്ചിത്രനിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ പഠിക്കാനും കഴിഞ്ഞതിന് റെനി ഒരു നന്ദി കുറിപ്പും എഴുതിയിരുന്നു. സിനിമ സെറ്റില്‍ നിന്നുള്ള ബിടിഎസ് ചിത്രങ്ങളും അവര്‍ തന്റെ പോസ്റ്റില്‍ പങ്കുവച്ചു.

ചിത്രങ്ങളിലൊന്നില്‍, വിക്കിയും ട്രിപ്റ്റിയും സെറ്റില്‍ നൃത്തം ചെയ്യുമ്പോള്‍ റെനി ബ്ലോവര്‍ പ്രവര്‍ത്തിപ്പിക്കുന്നത് കാണാം. ” BAD NEWZ-ല്‍ പ്രവര്‍ത്തിച്ചത് വളരെ സന്തോഷകരമായ കാര്യമായിരുന്നു… ഫിലിം സ്‌കൂളില്‍ പോകുന്നത് പോലെ മികച്ചതായിരുന്നു… അല്ലെങ്കില്‍ ഒരുപക്ഷേ അതിലും മികച്ചതായിരുന്നു… ഞങ്ങളുടെ ടീം എന്നെ നിരവധി കാര്യങ്ങള്‍ പഠിപ്പിച്ചു. ജീവിതകാലം മുഴുവനും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളെ ഞാന്‍ ഉണ്ടാക്കി. ഞങ്ങളുടെ സംവിധായകന്‍ ആനന്ദ് തിവാരിയോട് ഞാന്‍ വളരെ നന്ദിയുള്ളവളാണ്. ഈ അവസരത്തിന് നന്ദി, എന്നെങ്കിലും നിങ്ങള്‍ എന്നെയും സംവിധാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. @dimplemathias @bindraamritpal എനിക്ക് ഇത്രയും മികച്ച തുടക്കം നല്‍കിയതിന് നന്ദി @_aman49 നും ഞങ്ങളുടെ ഡയറക്ഷന്‍ ടീമിനും… എന്നെ പഠിപ്പിച്ചതിനും എല്ലാ ഓര്‍മ്മകള്‍ക്കും ഒരുപാട് നന്ദി… നിങ്ങള്‍ ‘എന്റെ യാത്രയുടെ ഒരു പ്രധാന ഭാഗമാണ്. ഇത് സാധ്യമാക്കിയതിന് രേഷ്മ ഷെട്ടി മാമിനെ പ്രത്യേകം ഓര്‍ക്കുന്നു. BAD NEWZ ന് ആശംസകള്‍” – റെനി കുറിച്ചു.