Health

ഈ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മോണയുടെ ആരോഗ്യം തകരാറിലാണ്

പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. പല്ലിനെ പോലെ തന്നെ മോണയുടെ ആരോഗ്യവും സംരക്ഷിയ്ക്കണം. കൃത്യമായ ശ്രദ്ധ നല്‍കിയാല്‍ ഒഴിവാക്കാവുന്ന പ്രശ്‌നങ്ങളാണ് ഇവ. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേയ്ക്കുക, ഫ്‌ലോസ് ചെയ്യുക, ഭക്ഷണം കഴിച്ചാലുടന്‍ വായ കഴുകുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ തുടക്കത്തില്‍ തന്നെ പല പ്രശ്‌നങ്ങളും തടയാവുന്നതാണ്. എന്നാല്‍ ഈ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മോണയുടെ ആരോഗ്യം തകരാറിലാണെന്ന് മനസിലാക്കാം…

  • പല്ലുകളില്‍ അയവ് – ഈ പല്ലിനൊരു ആട്ടം ഉണ്ടല്ലോ എന്നു തോന്നുന്ന അവസരങ്ങള്‍ ഉണ്ടായിട്ടില്ലേ? മോണസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഇത് സംഭവിക്കാം. കട്ടിയുള്ള ഭക്ഷണങ്ങള്‍ ചവയ്ക്കുന്നത് ഒഴിവാക്കാം. പല്ലുകളില്‍ സമ്മര്‍ദ്ദം ചെലുത്തരുത്. പല തരത്തിലുള്ള ചികിത്സകള്‍ ഉണ്ടെന്നിരിക്കെ ഒരു ദന്തരോഗവിദഗ്ധനെ സമീപിക്കുന്നത് ഉചിതമായിരിക്കും.
  • ടാര്‍ട്ടര്‍ അടിഞ്ഞു കൂടുക – മോണയുടെ അരികിലോ പല്ലുകള്‍ക്കിടയിലോ മഞ്ഞയോ തവിട്ടുനിറത്തിലോ ഉള്ള നിക്ഷേപമാണിത്. ഈ പ്ലാക്ക് നീക്കം ചെയ്യുന്നതിനു ഒരു പ്രൊഫഷണല്‍ ഡെന്റല്‍ ക്ലീനിങ് ഷെഡ്യൂള്‍ സജ്ജമാക്കുന്നത് നല്ലതാണ്.
  • മോണയില്‍ രക്തസ്രാവം – പല്ല് തേയ്ക്കുമ്പോഴും ഫ്‌ലോസിങ് ചെയ്യുമ്പോഴും മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകാറുണ്ടോ? ഇത് പലരിലും സാധാരാണയായി കണ്ടുവരാറുള്ളതല്ലേ എന്നു കരുതി നിസ്സാരവല്‍ക്കരിക്കരുത്. മോണയുടെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണിത്. ഈ അവസരത്തില്‍ വളരെ പതിയെയും ശ്രദ്ധിച്ചും വേണം പല്ല് തേയ്ക്കാന്‍. കൂടുതല്‍ പരിശോധനയ്ക്കും വിലയിരുത്തലിനുമായി ദന്തരോഗവിദഗ്ധനെ കാണേണ്ടതാണ്. വായില്‍ ഉണ്ടാകുന്ന വീക്കവും ബാക്ടീരിയയും കുറയ്ക്കാന്‍ ആന്റിമൈക്രോബയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് നല്ലതാണ്.
  • പല്ലുകള്‍ക്കിടയില്‍ പഴുപ്പ് – പല്ലുകള്‍ക്കും മോണയ്ക്കുമിടയില്‍ പഴുപ്പ് വരുന്ന പ്രശ്‌നം ഉണ്ടെങ്കില്‍ അത് അണുബാധയുടെ ലക്ഷണമാകാം. ഡെന്റിസ്റ്റിനെ കാണുന്നതാണ് ഏറ്റവും നല്ലത്. സ്വയം ചികിത്സ ഈ അവസരത്തില്‍ ഗുണം ചെയ്യണമെന്നില്ല. ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നപക്ഷം കൃത്യമായി കഴിക്കുകയും, ബാക്ടീരിയ അടിഞ്ഞുകൂടിയത് നീക്കാനുള്ള ശുചീകരണ നടപടിക്രമങ്ങള്‍ ചെയ്യുകയും വേണം.
  • മോണ വീര്‍ത്തിരിക്കുക – മോണയിലെ തടിപ്പ്, നീര് എന്നിവ പലര്‍ക്കും ബുദ്ധിമുണ്ടാക്കുന്ന പ്രശ്‌നമാണ്. വീര്‍ത്തിരിക്കുന്ന മോണ ചുവന്ന നിറത്തിലായിരിക്കും കാണപ്പെടുക. ഡോക്ടറിനെ കണ്ട് ആവശ്യമായ ചികിത്സാരീതികള്‍ പിന്തുടരുക.
  • മോണയില്‍ വേദന – പല്ല് തേയ്ക്കാന്‍ വയ്യ, ഒന്നും കഴിക്കാന്‍ പറ്റുന്നില്ല, എന്തിനേറെ, മോണയില്‍ തൊടാന്‍ പോലും കഴിയുന്നില്ല. ചൂടുള്ളതോ തണുത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കാനും ബുദ്ധമുട്ട്. സെന്‍സിറ്റീവ് മോണകളുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണിവ. വായയുടെ പരിചരണത്തിനായി പരുക്കന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക.