Health

കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്

നമ്മുടെ ശരീരത്തില്‍ ഏറെ ശ്രദ്ധ വേണ്ടതും വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് കണ്ണ്. വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ് കണ്ണുകള്‍. എന്നാല്‍ പലരും കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. പോഷകങ്ങളുടെ കുറവ് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ പ്രത്യേക ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. കണ്ണുകളുടെ ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാഴ്ചശക്തിയെ ഹാനികരമായി ബാധിക്കും. പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, കണ്ണുകളിലെ വരള്‍ച്ച, രാത്രി കാഴ്ച മങ്ങല്‍ തുടങ്ങിയവ. ഇതെല്ലാം വരാതെ വാര്‍ധക്യ കാലത്തും കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്. കണ്ണുകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്.

  • മുട്ട – മുട്ടയില്‍ ല്യൂട്ടീന്‍, സിസാന്തിന്‍, സിങ്ക് ഇവയടങ്ങിയിരിക്കുന്നു. നേത്രാരോഗ്യത്തിന് നല്ലത്.
  • കാരറ്റ് – ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് കൂടിയെ തീരൂ. അതില്‍ പ്രധാനമാണ് ജീവകം എ. കാരറ്റ്, ഓറഞ്ചു നിറത്തിലുള്ള പഴങ്ങള്‍, മത്തങ്ങ, മധുരക്കിഴങ്ങ് ഇവയിലെല്ലാം ജീവകം എ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിന്‍ ആണ് കാരറ്റിന് ഓറഞ്ച് നിറം നല്‍കുന്നത്. ജീവകം സി, പൊട്ടാസ്യം, നാരുകള്‍ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ഇവ കണ്ണിന് വളരെ നല്ലതാണ്.
  • മത്സ്യം – അയല, മത്തി, ട്യൂണ മുതലായ മത്സ്യങ്ങള്‍ കഴിക്കുന്നത് നേത്രരോഗം വരാതെ തടയും. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കണ്ണുകളെ ആരോഗ്യത്തോടെ നിലനിര്‍ത്താം
  • ഇലക്കറികള്‍ – ആന്റിഓക്സിഡന്റുകളായ ല്യൂട്ടീന്‍, സിസാന്തിന്‍ ഇവ അടങ്ങിയിട്ടുള്ളതിനാല്‍ തിമിരം, മാക്യുലാര്‍ ഡീ ജനറേഷന്‍ ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു.
  • പരിപ്പ്/ പയര്‍വര്‍ഗങ്ങള്‍ – ഇവയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. ജീവകം എ യെ കരളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. സിങ്കിന്റെ കുറവ് നേത്രരോഗങ്ങള്‍ക്ക് കാരണമാകും. ബീഫ്, പൗള്‍ട്രി, മത്തങ്ങാക്കുരു ഇവയിലും സിങ്ക് അടങ്ങിയിട്ടുണ്ട്.
  • ബദാം – ജീവകം ഇ ധാരാളം ഉണ്ട്. ദിവസവും ഒരുപിടി ബദാം കഴിക്കുന്നത് ആരോഗ്യമേകും. പ്രത്യേകിച്ചു കണ്ണുകള്‍ക്ക്.
  • നാരകഫലങ്ങള്‍ – ജീവകം സിയാല്‍ സമ്പന്നമായ നാരകഫലങ്ങളായ ഓറഞ്ച്, നാരങ്ങ, മുസാംബി മുതലായവയും സ്ട്രോബറി, ബ്ലൂബെറി മുതലായ ബെറിപ്പഴങ്ങളും നേത്രാരോഗ്യമേകും.
  • ബ്രൊക്കോളി – അര്‍ബുദവും ഹൃദ്രോഗവും തടയാന്‍ മാത്രമല്ല കണ്ണുകള്‍ക്കും നല്ലത്. കാബേജ്, കോളിഫ്ലവര്‍, ബ്രൊക്കൊളി മുതലായ ക്രൂസിഫെറസ് പച്ചക്കറികളില്‍ ല്യൂട്ടിന്‍, സിസാന്തിന്‍ എന്നിവയ്ക്കു പുറമെ ജീവകം സി യും അടങ്ങിയിട്ടുണ്ട്.