Oddly News

മൃഗങ്ങളുടെ മൃതശരീരം കൊണ്ട് കലാസൃഷ്ടികൾ; ഡാമിയന്‍ സ്റ്റീവന്‍ ഹിര്‍സ്റ്റിന്റെ ആസ്തി 3200 കോടി രൂപ

മരണം ഒരു കേന്ദ്ര വിഷയമായ കലാരൂപങ്ങളാണ് ബ്രിട്ടീഷ് കലാകാരനും ആര്‍ട്ട് കളക്ടറുമായ ഡാമിയന്‍ സ്റ്റീവന്‍ ഹിര്‍സ്റ്റ് ഒരുക്കുന്നത്. 1990- മുതല്‍ പ്രശസ്തനായ ഇദ്ദേഹം യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും ധനികനായ കലാകാരനാണ്. ഇദ്ദേഹത്തിന്റെ ആസ്തി 2020ല്‍ 384 ദശലക്ഷം യുഎസ് ഡോളറായിരുന്നുവെന്ന് (3200 കോടി രൂപ) കണക്കാക്കപ്പെടുന്നു. ഡാമിയന്‍ കൗമാരപ്രായത്തില്‍ ഒരു മോര്‍ച്ചറിയില്‍ ജോലി ചെയ്തു. മരണവുമായുള്ള ഈ നേരിട്ടുള്ള കണ്ടുമുട്ടല്‍ മായാത്ത അടയാളമാണ് ഡാമിയനില്‍ അവശേഷിപ്പിച്ചത്. മരണം, ജീര്‍ണ്ണത, ജീവിതത്തിന്റെ ദുര്‍ബലത എന്നിവയില്‍ അദ്ദേഹത്തിന്റെ കലാപരമായ താല്‍പ്പര്യത്തെ സ്വാധീനിച്ചു.

ദി ഫിസിക്കല്‍ ഇംപോസിബിലിറ്റി ഓഫ് ഡെത്ത് ഇന്‍ ദി മൈന്‍ഡ് ഓഫ് സംവണ്‍ ലിവിംഗ് (1991), ഫോര്‍ ദ ലവ് ഓഫ് ഗോഡ് സീരീസ് (2007) തുടങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കലാരൂപങ്ങളില്‍ മരണം ആവര്‍ത്തിച്ചു വരാന്‍ കാരണം ഇതാണ്. സ്രാവ്, ആടുകള്‍, പശുക്കള്‍ എന്നിവയുള്‍പ്പെടെ ചത്ത മൃഗങ്ങളുടെ മൃതശരീരം സംരക്ഷിച്ചു വെച്ചാണ് കലാസൃഷ്ടികളുടെ ഒരു പരമ്പര അദ്ദേഹം സൃഷ്ടിച്ചത്. ഇവയില്‍ ഏറ്റവും അറിയപ്പെടുന്നത്, 14 അടി (4.3 മീറ്റര്‍) നീളമുള്ള ഒരു കടുവ സ്രാവിനെ സൂക്ഷിച്ചിരിക്കുന്ന ‘ദി ഫിസിക്കല്‍ ഇംപോസിബിലിറ്റി ഓഫ് ഡെത്ത് ഇന്‍ ദി മൈന്‍ഡ് ഓഫ് സോണ്‍ ലിവിംഗ്’ ആണ്.

കലാകാരനും സംരംഭകനും തമ്മിലുള്ള അതിര്‍വരമ്പുകള്‍ വിജയകരമായി മായിച്ച കൗശലക്കാരനായ ഒരു വ്യവസായിയാണ് അദ്ദേഹം. കലാവിപണിയില്‍ അദ്ദേഹം സജീവമായി പങ്കെടുക്കുകയും പലപ്പോഴും ഗാലറികളെ മറികടന്ന് ലേല സ്ഥാപനങ്ങളിലൂടെ നേരിട്ട് കലാസൃഷ്ടികള്‍ വില്‍ക്കുകയും ലാഭം വര്‍ധിപ്പിക്കുകയും ചെയ്തു. ഈ നീക്കത്തെ ചിലര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും, കലാവിപണിയിലെ വിദഗ്ധനായ കളിക്കാരനെന്ന നിലയില്‍ ഹിര്‍സ്റ്റിന്റെ പ്രശസ്തി ഉറപ്പിക്കപ്പെട്ടു. ബ്യൂട്ടിഫുള്‍ ഇന്‍സൈഡ് മൈ ഹെഡ് ഫോര്‍ എവര്‍ എന്ന സൃഷ്ടി ലേലത്തില്‍ 200 മില്യണിലധികം ഡോളറുകളാണ് നേടിയത്. വിഷാദരോഗത്തോടും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തോടും പോരാടിയാണ് ഡാമിയന്‍ ജീവിത വിജയം നേടിയത്.