Good News

ഇന്ത്യയുടെ ആദ്യത്തെ വനിതാ പാപ്പാന്‍; ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പത്മശ്രീ പാര്‍ബതി ബറുവ

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളില്‍ വനിതകള്‍ക്കും പ്രാതിനിധ്യം ലഭിച്ചുവെന്നത് വളരെ അധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അഭിമാനകരമായ പത്മശ്രീ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാനാണ് ‘ ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പാര്‍ബതി ബറുവ. ആനകളോടുള്ള അവരുടെ ഇഷ്ടവും പരിചരിക്കാനുള്ള മനസുമാണ് അവരെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.

ആസമില്‍ ജനിച്ച് വളര്‍ന്ന പാര്‍ബതിക്ക് കുഞ്ഞുനാളു മുതലെ വന്യജീവികളോട് ആരാധനയായിരുന്നു. കൂടുതല്‍ സമയം വീട്ടിന് പുറത്ത് ചിലവഴിക്കുകയും ചെയ്തിരുന്നു. ആനകളോടുള്ള സ്നേഹം ഇവര്‍ക്ക് ലഭിച്ചത് പിതാവില്‍ നിന്നാണ്. അദ്ദേഹം ആനകളുടെ കാര്യത്തില്‍ വിദഗ്ധനും ഈ വഷയത്തിലുള്ള അറിവിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായിരുന്നുവെന്നത് കുഞ്ഞു പാര്‍ബതിയ്ക്ക് വളരെ ഗുണം ചെയ്തു.

തന്റെ ആദ്യ ആനയെ ഇവര്‍ കണ്ടുമുട്ടുന്നതാവട്ടെ 14ാം വയസ്സിലാണ്. തുടര്‍ന്ന് ഇവര്‍ 1972ല്‍ ആനപ്പാപ്പനായി തീര്‍ന്നു. അന്നേ ദിവസം മുതല്‍ ഇവര്‍ ജീവിതം മാറ്റിവെച്ചിരിക്കുന്നത് ആനകളെ പരിചരിക്കുന്നതിനു വേണ്ടിയാണ്. ആനകളെ കുളിപ്പിക്കുക, കാട്ടില്‍ കൊണ്ടുപോവുക, പരിശീലിപ്പിക്കുകയെന്നതൊക്കെയായി പാര്‍ബതിയുടെ ദിനചര്യ.

ആനകള്‍ തന്നെ സ്‌നേഹിക്കുന്നത് അവരുടെ വികാരങ്ങള്‍ താന്‍ മനസ്സിലാക്കുന്നതിനാലാണെന്നും ഒന്നു വിളിച്ചാല്‍ മതി അവയെല്ലാം തനിക്കരികിലേക്ക് ഓടിയെത്തുമെന്നും അവര്‍ പറയുന്നു.