Featured

ഇണയുമായി സ്പര്‍ശമില്ലാതെ 14 കുഞ്ഞുങ്ങളെ പ്രസവിച്ച് മലമ്പാമ്പ്; ബ്രസീലിയന്‍ റെയിന്‍ബോ ബോവ ‘റൊണാള്‍ഡോ’ കൗതുകമായി…!

ഇണയുമായി സ്പര്‍ശം ഉണ്ടാകാതെ മലമ്പാമ്പ് കുഞ്ഞുങ്ങളെ വിരിയിച്ചു. ബ്രിട്ടനിലെ സിറ്റി ഓഫ് പോര്‍ട്‌സ്മൗത്ത് കോളേജിലെ സംരക്ഷണ കേന്ദ്രത്തിലാണ് ശാസ്ത്ര വിദഗ്ദ്ധരെ വിസ്മയിപ്പിച്ച് ബ്രസീലില്‍ നിന്നും കൊണ്ടുവന്ന 13 വയസ്സുള്ള ‘റൊണാള്‍ഡോ’ എന്ന പാമ്പ് ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ അസാധാരണമായ ഒരു ജീവശാസ്ത്ര പാഠം നല്‍കിയത്.

ആറടി നീളമുള്ള ബ്രസീലിയന്‍ റെയിന്‍ബോ ബോവയുടെ 14 കുഞ്ഞുങ്ങള്‍ അപൂര്‍വമായ ഒരു ‘ജനന’ത്തിന്റെ ഭാഗമാണെന്ന് കോളേജിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു. ‘പാര്‍ഥെനോജെനിസിസ്’ എന്ന് വിളിക്കുന്ന ഒരു ഈ പ്രക്രിയയില്‍, എതിര്‍ലിംഗത്തില്‍ പെട്ട ഒരു ഇണയുടെ ആവശ്യമില്ലാതെ തന്നെ ചില ജീവജാലങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാക്കാന്‍ സാധ്യമാകുമെന്നാണ് വിദഗ്ദ്ധരുടെ ശാസ്ത്രീയ നിരീക്ഷണം.

റൊണാഡോയുടേത് ലോകത്ത് തന്നെ ഇത്തരത്തില്‍ മൂന്നാമത്തെ സംഭവം മാത്രമാണെന്ന് കോളേജിലെ മൃഗസംരക്ഷണ സാങ്കേതിക വിദഗ്ധനായ പീറ്റ് ക്വിന്‍ലാന്‍ വിശ്വസിക്കുന്നു. ഒമ്പത് വര്‍ഷമായി റൊണാള്‍ഡോയെ പരിചരിക്കുന്നത് ക്വിന്‍ലാനാണ്. രണ്ട് വര്‍ഷമായി പോര്‍ട്‌സ്മൗത്ത് കോളേജില്‍ പരിപാലിക്കപ്പെടുന്ന റൊണാള്‍ഡോയ്ക്ക് ഒരു സമയത്തും ഇണചേരാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് ക്വിന്‍ലാന്‍ പറയുന്നു.

പെണ്ണാണെങ്കിലും അതിനെ ആണാണെന്ന് കരുതിയാണ് സംരക്ഷണ ജീവനക്കാര്‍ പ്രശസ്ത ഫുട്‌ബോള്‍താരത്തിന്റെ ‘റൊണാള്‍ഡോ’ എന്ന് പേര് നല്‍കിയത്. ‘ഭക്ഷണം കൂടുതല്‍ കഴിച്ച് വയര്‍ വീര്‍ത്തപോലെ റൊണാള്‍ഡോയെ ഇടയ്ക്ക് കാണപ്പെട്ടിരുന്നു. എന്നാല്‍ അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ക്വിന്‍ പറഞ്ഞു. താമസിയാതെ ചുറ്റുമതിലില്‍ 14 പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി.

ആണിന്റെയും പെണ്ണിന്റെയും ജനിതക പദാര്‍ത്ഥങ്ങള്‍ സംയോജിച്ചാണ് സന്താനങ്ങള്‍ ഉണ്ടാകുന്നത് എന്നിരിക്കെ പാര്‍ഥെനോജെനിസിസ് എന്ന പ്രക്രിയയില്‍, ഒരു പുരുഷ പങ്കാളി ഇല്ലാതെ അമ്മയില്‍ നിന്നുള്ള ജനിതക വസ്തുക്കള്‍ മാത്രം പുരനരുല്‍പ്പാദന പ്രക്രിയയ്ക്ക് സാധ്യമാകും. ഈ പ്രക്രിയയ്ക്ക് വിധേയമാകാന്‍ ചില സ്പീഷീസുകളെ പ്രേരിപ്പിക്കുന്നതെന്താണെന്ന് പൂര്‍ണ്ണമായും വ്യക്തമല്ല. പാമ്പുകള്‍, മുതലകള്‍ തുടങ്ങിയ ചില ഉരഗങ്ങള്‍ക്കാണ് സ്വന്തം മുട്ടകള്‍ക്കായി ഈ വിധത്തിലുള്ള കൃത്രിമ ബീജസങ്കലനം സാധ്യമാകും.