Crime

വിവാഹ തട്ടിപ്പുകാരി എച്ച്.ഐ.വി പോസിറ്റീവ്; 3 ‘ഭര്‍ത്താക്കന്മാര്‍’ക്ക് രോഗം, ‘വരന്മാരെ’ തപ്പി രണ്ടു സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ്

അറസ്റ്റിലായ വിവാഹ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ഞെട്ടിയത് ‘ഭര്‍ത്താക്ക’ന്മാരായ മൂന്നു യുവാക്കള്‍. പരിശോധനഫലം വന്നപ്പോള്‍ യുവതി എച്ച്.ഐ.വി പോസിറ്റീവ്. തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ നിന്ന് യുവതിയെ വിവാഹം കഴിച്ച മൂന്ന് യുവാക്കള്‍ എച്ച്.ഐ.വി ടെസ്റ്റ് നടത്തിയപ്പോഴും ഫലം പോസിറ്റീവ്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇതോടെ ഈ രണ്ടുസംസ്ഥാനങ്ങളിലേയും ആരോഗ്യവകുപ്പ് അധികൃതര്‍ നെട്ടോട്ടത്തിലായി. കാരണം ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി പരിശോധനകള്‍ നടത്തുകയും മറ്റുള്ളവരിലേയ്ക്ക് പടരാതിരിക്കാനുള്ള നടപടികളും എടുക്കണം.

അഞ്ചു തവണ വിവാഹിതയായി എന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. ഇതില്‍ മൂന്നുപേര്‍ ഉത്തരാഖണ്ഡ് സ്വദേശികളാണെന്നും യുവതി മൊഴി നല്‍കി. ഇതോടെ യുവതി വിവാഹതട്ടിപ്പിന് ഇരയാക്കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട മറ്റ് പുരുഷന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.

യുവതിയുടെ അമ്മയുള്‍പ്പെടെ ഏഴംഗ സംഘമാണ് പിടിയലായത്. പ്രാദേശികമായ ബന്ധങ്ങള്‍ ഉണ്ടാക്കിയെടുത്താണ് സംഘം ‘വിവാഹങ്ങള്‍ക്ക്’ തുടക്കമിടുന്നത്. യുവതിയുടെ ബന്ധുക്കളാണ് കൂടെയുള്ളവരെന്ന് നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. പല പുരുഷന്മാരെയും വിവാഹം കഴിക്കുകയും പിന്നീട് അവരുടെ വിലപിടിപ്പുള്ള സാധനങ്ങളും പണവും തട്ടിയെടുത്ത് സ്ഥലം വിടുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.

സംഘത്തിലെ അംഗങ്ങള്‍ കഴിഞ്ഞ ദിവസമാണ് യു.പി പൊലീസിന്റെ പിടിയിലായത്. കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാം എന്നാണ് പൊലീസിന്റെ നിഗമനം. അങ്ങനെയെങ്കില്‍ യുവതിയുമായി ബന്ധപ്പെട്ടവരെല്ലാം എച്ച്.ഐ.വി പരിശോധനയ്ക്ക് വിധേയരാകേണ്ടിവരും.