Sports

സിംബാബ്‌വേ പര്യടനത്തിന് സൂര്യയും ഹര്‍ദിക്കുംമില്ല ; ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ സഞ്ജുവും യശ്വസ്വീയും കളിക്കും

അടുത്ത മാസം സിംബാബ്വെയില്‍ നടക്കുന്ന പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ ശുഭ്മാന്‍ ഗില്‍ നയിച്ചേക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് കളിക്കാരനായി യുഎസ്എയിലുള്ള ഗില്‍, ദേശീയ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്. ജൂലൈ മുതല്‍ ഹരാരെയില്‍ ആരംഭിക്കുന്ന അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം മിക്കവാറും യുവാക്കളുടെ കൂട്ടായ്മയായിരിക്കും.

ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും വിശ്രമം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഗില്ലിന് നറുക്ക് വീണിരിക്കുന്നത്. ടീമിലെ സൂപ്പര്‍സീനിയേഴ്‌സായ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരും ഇടവേള എടുക്കും. സിംബാബ്വെ പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ടീമിനെ ബിസിസിഐ സെലക്ഷന്‍ പാനല്‍ ഇതിനകം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ടി 20 ലോകകപ്പിന് ശേഷം രോഹിത് ഈ ഫോര്‍മാറ്റ് അവസാനിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി, രോഹിതിന്റെ അഭാവത്തില്‍, ഹാര്‍ദിക് ആണ് ഇന്ത്യയുടെ ടി20 ടീമിന്റെ കമാന്‍ഡര്‍? 2023 ലോകകപ്പിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് സൂര്യകുമാര്‍ യാദവായിരുന്നു. ഹര്‍ദിക്കിനെയും സൂര്യയെയും പോലെ ആ പാനലിലേക്ക് ഗില്ലിനെയും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യന്‍ അധികൃതര്‍ ആലോചിക്കുന്നത്.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചത് ഗില്ലായിരുന്നു. ഗില്ലിന്റെ ടീമില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ കളിക്കാര്‍ ഉണ്ടാകും. റിങ്കു സിംഗ്, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ എന്നിവരെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഗില്ലിനൊപ്പം പുറത്തിറങ്ങിയ ആവേശ് ഖാനും പട്ടികയലുണ്ട്. കെകെആര്‍ പേസര്‍ ഹര്‍ഷിത് റാണ, റിയാന്‍ പരാഗ്, ഡൈനാമിക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍ അഭിഷേക് ശര്‍മ, നിതീഷ് റെഡ്ഡി, സിഎസ്‌കെയുടെ തുഷാര്‍ ദേശ്പാണ്ഡെ എന്നിവരുള്‍പ്പെടെ എട്ട് പുതുമുഖങ്ങള്‍ സിംബാബ്വെയിലേക്ക് പോകും.