Oddly News

പല്ലു കൊഴിഞ്ഞിട്ടില്ല, ആമാശയം അഴുകിയിട്ടുമില്ല; 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി…!!

സൈബീരിയയില്‍ നിന്നും 44,000 വര്‍ഷം പഴക്കമുള്ള ചെന്നായുടെ മൃതദേഹം കണ്ടെത്തി. അല്‍പ്പം പോലും അഴുകാത്തതും രോമങ്ങളോ എല്ലുകളോ പല്ലുകള്‍ പോലും മാംസത്തില്‍ നിന്നും വേര്‍പെടാത്തതുമായ നിലയിലുള്ള അത്ഭുതകരമായ രീതിയിലാണ് മൃതദേഹം. സൈബീരിയയിലെ ഒരിക്കലും ചൂട് തട്ടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ മണ്ണിനെക്കുറിച്ചും മറ്റും പഠിക്കുന്നവരാണ് മൃതദേഹം കണ്ടെത്തിയത്.

ഇത് യാകുത്സ്‌കിലെ നോര്‍ത്ത് ഈസ്റ്റ് ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ മാമോത്ത് മ്യൂസിയം ലബോറട്ടറിയിലേക്ക് മാറ്റി. അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തി. വേനല്‍ക്കാലത്ത് പോലും ശാശ്വതമായി തണുത്തുറഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളോളം മഞ്ഞുറഞ്ഞു നില്‍ക്കുന്ന പെര്‍മാഫ്രോസ്റ്റ് ഗ്രൗണ്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സാധാരണയായി പെര്‍മാഫ്രോസ്റ്റില്‍ നിന്നും അഴുകാത്ത നിലയില്‍ കണ്ടെത്തുന്ന പുരാതന അവശിഷ്ടങ്ങളില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പൂര്‍ണ്ണമായ നിലയിലുള്ള മൃതദേഹമാണ് ഇത്.

2021ല്‍ റഷ്യയിലെ ഏറ്റവും തണുപ്പുള്ള പ്രദേശമായ യാകുട്ടിയയിലെ അബി ജില്ലയിലെ തിരക്ത്യാഖ് നദിയുടെ തീരത്ത് 130 അടി താഴ്ചയില്‍ പെര്‍മാഫ്രോസ്റ്റില്‍ നിന്ന് നാട്ടുകാര്‍ നേരത്തേയും ചെന്നായയെ കണ്ടെത്തിയിട്ടുണ്ട്. പുതിയ കണ്ടെത്തലില്‍ ചെന്നായയുടെ ആമാശയം പോലും അഴുകലിനെ അതിജീവിച്ചിരിക്കുന്നതായി കണ്ടെത്തി. സഹസ്രാബ്ദങ്ങളായി മരവിച്ചുകിടക്കുന്ന പുരാതന സസ്യങ്ങളുടെയും മണ്ണിന്റെയും രൂപത്തിലാണ് കാര്‍ബണ്‍ വരുന്നത്. ആഗോളതാപനം മൂലം ലോകത്തിന്റെ പെര്‍മാഫ്രോസ്റ്റ് ഉരുകിയാല്‍, ആയിരക്കണക്കിന് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മീഥെയ്‌നും അന്തരീക്ഷത്തിലേക്ക് പുറപ്പെടുവിക്കും. ആയിരക്കണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മണ്ണ് എന്ന നിലയില്‍ പെര്‍മാഫ്രോസ്റ്റ് പ്രദേശങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് എല്ലാക്കാലത്തും നിരീക്ഷിക്കാന്‍ പ്രത്യേക താല്‍പ്പര്യമുള്ള വിഷയമാണ്.

സിഥിയന്‍സ് എന്നറിയപ്പെടുന്ന ഒരു കൂട്ടം നാടോടികള്‍ സൈബീരിയയില്‍ കുഴിച്ചിട്ട 2,500 വര്‍ഷം പഴക്കമുള്ള നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും പച്ചകുത്തിയ ചര്‍മ്മത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. 2010-ല്‍ റഷ്യയിലെ ആര്‍ട്ടിക് തീരത്ത് കണ്ടെത്തിയ ഒരു കുഞ്ഞാനയുടെ മൃതദേഹം 39,000 വര്‍ഷത്തിലേറെ പഴക്കമുള്ളതും അതിന്റെ മുടിയിഴകള്‍ക്ക് പോലും കേടുപാടുകള്‍ ഇല്ലാത്ത നിലയിലുള്ളതുമായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ആര്‍ട്ടിക് പ്രദേശങ്ങളില്‍ ആഴത്തില്‍ കുഴിച്ചിട്ടിരിക്കുന്ന മണ്ണും ധാതുക്കളും ഇന്ന് കുഴിച്ച് പഠിക്കാന്‍ കഴിയുമെന്നതിനാല്‍ പെര്‍മാഫ്രോസ്റ്റ് ഭൂമിയുടെ ഭൂമിശാസ്ത്ര ചരിത്ര പഠനത്തിലും ഉപയോഗിക്കുന്നു.