Crime

ഉറങ്ങിയത് പുരുഷനായി, എഴുന്നേറ്റപ്പോൾ സ്ത്രീ! മയക്കി ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി, പ്രതികാരം

ഉറങ്ങിക്കുകയായിരുന്ന മുജാഹിദ് എന്ന യുവാവിനെ അനസ്തീഷ്യനൽകി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് പരാതി. യു.പി.യിലെ മുസാഫർപുറിലാണ് സംഭവം. സ്ഥലത്തെ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് തന്നോടുള്ള വ്യക്തിവൈരാ​ഗ്യത്തിന്റെ പേരിൽ ഓംപ്രകാശെന്ന യുവാവാണ് ഈ കൃത്യത്തിന് നേതൃത്വം നൽകിയതെന്ന് മുജാഹിദ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ നടപടിയെടുക്കാൻ പൊലീസ് നിര്‍ബന്ധിതരായി.

യു.പി.യിലെ മൻസൂർപൂരിലെ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. നേരത്തെതന്നെയുള്ള വ്യക്തിവിരോധം നിലനിൽക്കുന്ന സാഹചര്യത്തില്‍ ജൂൺ മൂന്നിന് ഓംപ്രകാശ് തന്നെ കബളിപ്പിച്ചതായാണ് മുജാഹിദ് ആരോപിക്കുന്നത്. ഡോക്ടർമാരുമായി ചേര്‍ന്ന് ഓംപ്രകാശ് ആസൂത്രണം ചെയ്ത പദ്ധതിയില്‍ തന്റെ പുരുഷ ജനനേന്ദ്രിയം നീക്കം ചെയ്ത് നിർബന്ധിത ലിംഗമാറ്റം നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ രണ്ട് വർഷമായി ഓംപ്രകാശ് മുജാഹിദിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. മുജാഹിദിന് ഗുരുതര ആരോ​ഗ്യപ്രശ്നുണ്ടെന്നും അതിനായി പരിശോധന വേണമെന്നും പറഞ്ഞ് നിര്‍ബന്ധിച്ച് മുജാഹിദിനൊപ്പം ഓംപ്രകാശ് ആശുപത്രിയിലെത്തി. അനസ്തീഷ്യ നൽകി ബോധം കെടുത്തി ലിം​ഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് ആരോപണം. ‘ഓംപ്രകാശാണ് ഇവിടെ എന്നെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ശസ്ത്രക്രിയ നടത്തി. ബോധം വന്നപ്പോൾ, ആൺകുട്ടിയിൽ നിന്ന് പെൺകുട്ടിയായി താന്‍ മാറിയെന്ന് മുജാഹിദ് പറഞ്ഞു.

അതിനുശേഷം ഇനി മുജാഹിദ് തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും സമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ ഒരുത്തരും അംഗീകരിക്കില്ലെന്നും ഓംപ്രകാശ് പറഞ്ഞതായും മുജാഹിദ് പറയുന്നു. ‘ഞാൻ നിന്നെ പുരുഷനിൽനിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും’ എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എല്ലാ ആരോപണങ്ങളും സമഗ്രമായി അന്വേഷിക്കുമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും മുസാഫർനഗർ പൊലീസ് ഓഫീസർ രമാശിഷ് ​​യാദവ് പറഞ്ഞു. ഓംപ്രകാശിനെ അറസ്റ്റ് ചെയ്തതു കൂടാതെ ഈ കേസിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്