Oddly News

ബൈബിളില്‍ ഇല്ലാത്ത യേശുവിന്റെ ബാല്യകാലം കണ്ടെത്തി ; പാപ്പിറസില്‍ എഴുതിയ ആദ്യകാല രേഖയില്‍ വിവരം….!

ബൈബിളില്‍ എഴുതപ്പെട്ടിട്ടില്ലാത്ത യേശുക്രിസ്തുവിന്റെ ബാല്യകാലത്തെ പരാമര്‍ശിക്കുന്നതെന്ന് കരുതുന്ന ആദ്യകാലരേഖ കണ്ടെത്തി. വിദഗ്ദ്ധര്‍ 2000 വര്‍ഷം പഴക്കം കണക്കാക്കുന്ന രേഖയില്‍ അഞ്ച് വയസ്സുള്ള മിശിഹാ കളിമണ്‍ പ്രാവുകളെ ജീവനുള്ള പക്ഷികളാക്കി മാറ്റിയെന്ന കഥയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. പേപ്പറിന് മുമ്പുള്ള വസ്തുവായ പാപ്പിറസിലാണ് കയ്യെഴുത്തുപ്രതി.

ഒരു പുരാതന ഈജിപ്ഷ്യന്‍ കയ്യെഴുത്തുപ്രതി ഏകദേശം രണ്ടാം നൂറ്റാണ്ടില്‍ തോമസിന്റെ സുവിശേഷത്തിന്റെ ഭാഗമായി എഴുതിയതാണെന്ന് കരുതപ്പെടുന്നു. ‘രണ്ടാം അത്ഭുതം’ എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിളില്‍ നിന്ന് ഒഴിവാക്കപ്പെട്ട നസ്രത്തിലെ യേശുവിന്റെ യൗവനത്തെക്കുറിച്ചാണ് പുസ്തകം വിവരിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. കണ്ടെത്തിയ പാപ്പിറസിലെ കൈയക്ഷരത്തിന്റെ അവ്യക്തത, ഇത് നാലോ അഞ്ചോ നൂറ്റാണ്ടിലെ ഈജിപ്തിലെ ഒരു കുട്ടി എഴുതിയതാണെന്ന നിഗമനത്തിലേക്ക് ഗവേഷകരെ നയിച്ചിരിക്കുകയാണ്.

ഒരു അരുവിക്ക് സമീപം കളിക്കുന്നതിനിടെ മൃദുവായ കളിമണ്ണില്‍ നിന്ന് 12 കുരുവികളെ വാര്‍ത്തെടുക്കുന്നതിനിടെ യേശുവിനെ അച്ഛന്‍ ജോസഫ് പിടികൂടി. യേശു വെറും അഞ്ച് വയസ്സുള്ള കുട്ടിയാണെന്ന് ഇതില്‍ പറയുന്നു. മകന്‍ ചെയ്യുന്നത് ശ്രദ്ധിച്ച ജോസഫ് വിശ്രമത്തിന്റെയും ആരാധനയുടെയും വിശുദ്ധ ദിനമായ ശബത്ത് ദിനത്തില്‍ കളിമണ്‍ പ്രതിമ ഉണ്ടാക്കിയതില്‍ ചോദിക്കുകയും വഴക്കു പറയുകയും ചെയ്യുന്നു.

ഇതിന് മറുപടിയായി, കളിമണ്‍ രൂപങ്ങളോട് ‘ജീവനുള്ള പക്ഷികളായി പറക്കാന്‍’ യേശു ഉത്തരവിട്ടു, ബെല്‍ജിയം ലീജ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ ഗബ്രിയേല്‍ നോച്ചി മാസിഡോ പറഞ്ഞു. പാപ്പിറസ് ശകലത്തില്‍ ആകെ 13 വരികള്‍ അടങ്ങിയിട്ടുണ്ട്. അതേസമയം ഇത് ഹാംബര്‍ഗിലെ ലൈബ്രറിയുടെ കൈകളിലേക്ക് വന്നത് എങ്ങിനെയാണ് എന്നത് അജ്ഞാതമായി തുടരുന്നു.