Good News

1.5 കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായ 22കാരന്‍

ജോലി രാജിവെച്ച ശേഷം കൃഷിപ്പണി ആരംഭിച്ച് യുവാവ്. അതും ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന ജോലി രാജിവച്ച ശേഷമാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ അഭിഷേക് റെഡ്ഢിയെന്ന യുവാവ് കൃഷിപ്പണി ആരംഭിച്ചത്. 22-ാം വയസ്സില്‍ തന്റെ ഡിസൈനര്‍ ജോലി ഉപേക്ഷിച്ച് ഇദ്ദേഹം കൃഷിയിലേക്ക് തിരിയുകയായിരുന്നു.

ജോലി ഉപേക്ഷിച്ച ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് അഭിഷേക് ഓബുലാപുരം ഗ്രാമത്തില്‍ ഒരു കൃഷിഭൂമി വാങ്ങുന്നത്. അഭിഷേകിനെ സഹായിക്കാനായി അമ്മയായ നീല റെഡ്ഢിയും ജോലിയില്‍ നിന്നും കാലാവധി പൂര്‍ത്തിയാകും മുന്‍പേ വിരമിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കൃഷിയില്‍ നിന്നും രണ്ട് കോടി വരെ വാര്‍ഷിക വരുമാനം സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തന്റെ സഹോദരിയായ ഐശ്വര്യയും കുടുംബവും കൃഷിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നതായും അഭിഷേക് വെളിപ്പെടുത്തി.

പത്താം ക്ലാസ്സ് പഠന സമയത്താണ് അഭിഷേക് ഡിസൈനിങ് പഠിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് പ്ലസ് ടു പഠന കാലത്ത് തന്നെ ഫ്രീലാന്‍സറായി പല പ്രോജക്ടുകളും ചെയ്യാന്‍ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പ്ലസ് ടുവിന് ശേഷം കോളേജില്‍ പോകുന്നതിന് പകരം പല ജോലികള്‍ ചെയ്ത് അഭിഷേക് സ്വന്തം ഡിസൈന്‍ കമ്പനി ആരംഭിച്ചു. കൂടാതെ മറ്റൊരു കമ്പനിയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. പക്ഷെ ഒരു ദിവസം 15 മണിക്കൂര്‍ വരെ ഓഫീസില്‍ ചെലവഴിക്കേണ്ടി വന്നതോടെ അഭിഷേക് കൃഷിപ്പണിയിലേക്ക് തിരിഞ്ഞു.

താന്‍ ആവശ്യത്തിന് പണം സമ്പാദിച്ച് നേരത്തേ ജോലിയില്‍ നിന്നും വിരമിക്കാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നുവെന്നും അവസാനം താന്‍ ചെയ്ത ജോലി തന്നെ ഏറെ ക്ഷീണിതനാക്കിയെന്നും അതുകൊണ്ടാണ് ഇത്ര നേരത്തേ വിരമിച്ചതെന്നും അഭിഷേക് പറയുന്നു. ജീവിതത്തിന്റെ ഒരു ഭാഗം കഠിനാധ്വാനം ചെയ്യാനും ബാക്കി ഭാഗം കൃഷിപ്പണി ചെയ്യണമെന്നും അഭിഷേക് മുന്‍പേ തീരുമാനിച്ചിരുന്നു. എന്നാല്‍ ജോലിയില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണ് ഇത്ര നേരത്തേ ജോലി ഉപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അഭിഷേക് പറയുന്നു.