Good News

84 ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അലക്ക് കമ്പനി തുടങ്ങി; ഇന്ന് 170 കോടി രൂപ മൂല്യമുള്ള കമ്പനി ഉടമ

ഐഐടിയില്‍ ചേര്‍ന്ന് പഠിയ്ക്കാനും പിന്നീട് വമ്പന്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടാനും ആഗ്രഹിയ്ക്കാത്ത യുവതീ-യുവാക്കള്‍ ചുരുക്കമാണ്. എന്നാല്‍ ചിലര്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥയാണ് ബീഹാര്‍ സ്വദേശിയായ അനുരാഭ് സിന്‍ഹയുടെയും ഭാര്യ ഗുഞ്ജന്‍ സിന്‍ഹയുടെയും. ഇരുവരും ഒരു അലക്ക് കമ്പനിയാണ് സ്വന്തമായി ആരംഭിച്ചത്. ഐഐടിയില്‍ പഠിച്ചിറങ്ങിയ ശേഷം വര്‍ഷം 84 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഈ സംരംഭത്തിനായി ഇറങ്ങിത്തിരിച്ചത്.

ഭഗല്‍പൂരിലെ ഒരു ചെറിയ വീട്ടിലാണ് അനുരാഭ് വളര്‍ന്നത്. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം എട്ടാം ക്ലാസ് മുതല്‍ തന്നെ ഐഐടിക്ക് തയ്യാറെടുക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കോളേജ് വിദ്യാഭ്യാസത്തിനുള്ള പണം നല്‍കാന്‍ കുടുംബം പാടുപെട്ടു. കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം വിദേശത്തേക്ക് പോയി. 2015-ല്‍ അദ്ദേഹം വിവാഹിതനായി. അതിനുശേഷം, ഫ്രാങ്ലോബല്‍ എന്ന തന്റെ ആദ്യ സംരംഭം അദ്ദേഹം ആരംഭിച്ചു. പിന്നീട് ഇതിന്റെ ഫ്രാഞ്ചൈസി വിറ്റ് 2015ല്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ട്രിബോ ഹോട്ടല്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് ഉത്തരേന്ത്യയിലെ നിരവധി ബജറ്റ് ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങള്‍ അരുണാഭ് കൈകാര്യം ചെയ്തു. അപ്പോഴാണ് അലക്കു ബിസിനസ് വിപണിയിലെ പ്രശ്‌നങ്ങള്‍ അദ്ദേഹം നിരീക്ഷിച്ചത്.

തുടര്‍ന്ന് ദമ്പതികള്‍ ചേര്‍ന്ന് അലക്കു കമ്പനി സ്ഥാപിക്കാനും ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാനും തീരുമാനിച്ചു. 2016 ഓഗസ്റ്റില്‍ അരുണാഭ് ജോലി ഉപേക്ഷിച്ചതിന് ശേഷം, 2017 ജനുവരിയില്‍ അവര്‍ ലോണ്‍ഡ്രോമാറ്റ് ബിസിനസ്സ് യുക്ലീന്‍ സ്ഥാപിക്കാന്‍ 20 ലക്ഷം രൂപ നിക്ഷേപിച്ചു. ഇന്ന് ആ കമ്പനിയുടെ മൂല്യം 170 കോടി രൂപയാണ്. 2017 ആയപ്പോഴേക്കും യുക്ലീന്‍ ഹൈദരാബാദിലും പൂനെയിലും ഫ്രാഞ്ചൈസികള്‍ വിപുലീകരിച്ചു. യുക്ലീന് ഇപ്പോള്‍ ഇന്ത്യയിലെ 104 നഗരങ്ങളിലായി 350-ലധികം സ്റ്റോറുകളുണ്ട്. യുക്ലീന്‍ ഇതിനകം ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും വ്യാപിച്ചു. ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലേക്കും കമ്പനി വ്യാപിപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവസംരംഭകന്‍.