Movie News

നാല് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ഈ സിനിമ ലോകമെമ്പാടുമായി നേടിയത് 414 കോടി; പക്ഷേ ഹിന്ദി പതിപ്പില്‍ പരാജയപ്പെട്ടു

ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ഉണ്ട്. അവയുടെ ഹിന്ദി-ഡബ്ബ് പതിപ്പുകളും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. അവരുടെ ഹിന്ദി പതിപ്പുകളില്‍ നിന്ന് മാത്രം കോടികള്‍ നേടിയിട്ടുണ്ട്. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍, പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് യാഷ് നായകനായ കെജിഎഫ് ചാപ്റ്റര്‍ 2 എന്നിവ യഥാക്രമം 511 കോടി രൂപയും 435 കോടി രൂപയും നേടി.

ലോകമെമ്പാടും കോടികള്‍ നേടിയ ചില തെന്നിന്ത്യന്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയുടെ ഹിന്ദി പതിപ്പുകള്‍ ബോക്‌സോഫീസില്‍ വേണ്ടത്ര വിജയം കൈവരിയ്ക്കാതെ പോയിട്ടുമുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 2022ലെ തമിഴ് ആക്ഷന്‍ ത്രില്ലര്‍ വിക്രം അത്തരത്തിലുള്ള ഒരു ചിത്രമാണ്. കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നീ മൂന്ന് സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ചിത്രത്തില്‍ മറ്റൊരു തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യയും ക്ലൈമാക്സില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്ന് 247 കോടി രൂപ നേടുകയും ലോകമെമ്പാടുമായി 414 കോടി നേടുകയും ചെയ്തു. പക്ഷേ, അതിന്റെ ഹിന്ദി-ഡബ്ബ് പതിപ്പ് ബോക്‌സോഫീസില്‍ പരാജയപ്പെട്ടു. വെറും 10.25 കോടി രൂപ മാത്രമാണ് ചിത്രം നേടിയത്.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാം ഭാഗമായിരുന്നു വിക്രം. കാര്‍ത്തിയെ നായകനാക്കി 2019-ല്‍ പുറത്തിറങ്ങിയ തന്റെ ചിത്രമായ കൈതിയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് വിക്രം എത്തിയത്. 2023 -ല്‍ ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിലൂടെ ലോകേഷ് തന്റെ വിജയം ആവര്‍ത്തിച്ചു. രജനികാന്ത് നായകനാകുന്ന കൂലിയാണ് ലോകേഷ് കനകരാജിന്റെ അടുത്ത ചിത്രം. ഇതൊരു ഒറ്റപ്പെട്ട ചിത്രമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ കമല്‍, സൂര്യ, കാര്‍ത്തി, വിജയ്, ഫഹദ് എന്നിവര്‍ക്കൊപ്പം രജനികാന്തും എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.