ഇന്ത്യന്‍ കളിക്കാര്‍ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ലീഗുകളില്‍ കളിക്കുന്നതും ഇന്ത്യന്‍ ഫുട്‌ബോളിന് അവര്‍ മതിയായ സംഭാവന നല്‍കുന്നതും ഇന്ത്യയിലെ ഏത് ഫുട്‌ബോള്‍ ആരാധകന്റെയും സ്വപ്‌നം. ഈ പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് അസമില്‍ നിന്നുള്ള 23 കാരനായ കബീര്‍നാഥ്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാങ്കിംഗില്‍ ഏറെ പിന്നിലാണെങ്കിലും യൂറോപ്യന്‍ രാജ്യമായ അന്‍ഡോറയിലെ ഒന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ സിഎഫ് അത്‌ലറ്റിക് അമേരിക്കയില്‍ കളിക്കാന്‍ കരാര്‍ എഴുതിയിരിക്കുകയാണ് കബീര്‍.
ഒരു യൂറോപ്യന്‍ രാജ്യത്ത് ഒന്നാം ഡിവിഷനില്‍ കളിക്കാനൊരുങ്ങുന്ന കബീര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതുകയാണ്. കബീറിന്റെ കഥ ആരംഭിക്കുന്നത് ആസാമില്‍ നിന്നാണ്. അവിടെ ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോളിനോടുള്ള അഭിനിവേശവും വിജയിക്കാന്‍ അടങ്ങാത്ത പ്രേരണയുയോടും കുടി വളര്‍ന്ന കബീര്‍ 14-ാം വയസ്സില്‍, സ്‌പെയിനില്‍ തന്റെ ഫുട്‌ബോള്‍ അഭിലാഷങ്ങള്‍ പിന്തുടരാന്‍ തീരുമാനം എടുക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി, കബീര്‍ സ്‌പെയിനിലെ ഫുട്‌ബോള്‍ സംസ്‌കാരത്തിന്റെയും പരിശീലനത്തിന്റെയും ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകള്‍ക്കെതിരെ കഴിവുകള്‍ തേച്ചു മിനുക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ ഏറെ പിന്നിലുള്ള രാജ്യമാണ് അന്‍ഡോറ. ഇന്ത്യ 121-ാം സ്ഥാനത്തും അന്‍ഡോറ 164-ാം സ്ഥാനത്തുമാണ്. എന്നിരുന്നാലും കബീറിന്റെ സൈനിംഗ് ഇന്ത്യന്‍ ഫുട്‌ബോളിനുള്ള അവസരങ്ങളുടെ ഒരു പുതിയ യുഗത്തെ സൂചിപ്പിക്കുന്നതായി വിലയിരുത്തുന്നവര്‍ ഏറെയാണ്. അന്‍ഡോറയിലെ മത്സരത്തിന്റെ നിലവാരം മുന്‍നിര ഇന്ത്യന്‍ ലീഗുകളുടേതിന് ആനുപാതികമായേക്കില്ല. സിഎഫ് അത്ലറ്റിക് അമേരിക്കയുമായി കബീര്‍ നാഥ് ഒപ്പുവെച്ചത് ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രമാണ്.