മോഡലിംഗ് കരിയറില്‍ ഒരു ദശകം പിന്നിട്ട ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ‘വണ്ടര്‍ വുമണി’ ല്‍ താരസുന്ദരി ഗാല്ഗാഡോട്ടിനൊപ്പം പ്രധാനവേഷത്തില്‍ എത്തിയ നടിയും സൂപ്പര്‍മോഡലുമായ ബ്രി്ട്ടീഷുകാരി ജോര്ജ്ജീയ മീച്ചം. ആര്‍ക്ക് ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ 12 വര്‍ഷത്തെ വിജയകരമായ കരിയറിനു ശേഷം താന്‍ ജന്മനാ ബധിരയായിരുന്നു എന്നാണ് 30 വയസ്സുള്ള നടിയുടെ വെളിപ്പെടുത്തല്‍.
ജനിച്ചു, 17 മാസം പ്രായമുള്ളപ്പോള്‍ രണ്ട് ചെവികളിലും ശ്രവണസഹായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും 18 വയസ്സ് മുതല്‍ മോഡലിംഗ് കരിയറായി എടുത്തിരുന്ന നടി ജീവിതകാലം മുഴുവന്‍ തന്റെ വൈകല്യത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ ഭയന്നിരുന്നതായും വെളിപ്പെടുത്തി. 18 വയസ്സുള്ളപ്പോള്‍ ആദ്യ മോഡലിംഗ് കരാര്‍ ലഭിച്ച ശേഷം, താന്‍ ബധിരയാണെന്ന് ആരോടും പറയാന്‍ അവള് ആഗ്രഹിച്ചില്ല. ഒരു ദശാബ്ദത്തിലേറെയായി മോഡലിംഗ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കാനും കഴിഞ്ഞതായി പറഞ്ഞു.
ഇതാദ്യമായി താന്‍ കേള്‍വിയില്ലാത്ത വൈകല്യത്തിന് ഉടമായണെന്ന് വെളിപ്പെടുത്തിയ താരം ലോകത്തുടനീളമുള്ള ബധിരര്‍ക്ക് ഒരു മാതൃകയായി തന്റെ കരിയര്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ വൈകല്യം മറച്ചുവെക്കുന്നത് ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും വഷളായ കാര്യമാണെന്ന് തുറന്ന് സമ്മതിച്ച നടി പുതിയ ജീവിതം അതിനെ അംഗീകരിച്ചുകൊണ്ട് ആരംഭിക്കാന്‍ ആവേശത്തിലാണ്.
2011 സെപ്റ്റംബറില്‍ ലണ്ടനിലെ ക്യൂന്‍ മേരി യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോഴാണ് ജോര്‍ജിയയ്ക്ക് തന്റെ കഴിവുകേടിനെക്കുറിച്ച് അപകര്‍ഷത തോന്നിത്തുടങ്ങിയത്. മറ്റ് സഹപാഠികളുമായി ഇണങ്ങാന്‍ അവള് മുടി താഴ്ത്തി, പുതിയ ആളുകളെ കണ്ടുമുട്ടുമ്പോള്‍ വിഷയം പൂര്‍ണ്ണമായും ഒഴിവാക്കി. ആദ്യ വര്‍ഷത്തിനുള്ളില്‍ ഒരു മോഡലിംഗ് ഏജന്‍സി അവളെ സ്കൗട്ട് ചെയ്യുകയും 18-ാം വയസ്സില്‍ അവളുടെ ആദ്യ കരാര്‍ ഒപ്പിടുകയും ചെയ്തു. തുടര്‍ന്ന് സ്റ്റെല്ല മക്കാര്‍ട്ട്നി, കാരെന് മില്ലന്, ടെഡ് ബേക്കര്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് മോഡലായി. ടിനി ടെമ്പ, ചെറില്‍, വണ്‍ ഡയറക്ഷന്‍ എന്നിവരെപ്പോലുള്ള കലാകാരന്മാര് അവരുടെ വീഡിയോകളില്‍ ഇടം പിടിക്കാന്‍ പോലും അവളെ എടുത്തു.
വൈകല്യം മറയ്ക്കാന്‍ ശ്രവണ സഹായികള്‍ ചിലപ്പോഴൊക്കെ മറച്ചുവെക്കേണ്ടി വന്നു. അപ്പോള്‍ മറ്റുള്ളവരുടെ ലിപ് റീഡിംഗിന്റെ കഴിവുകള്‍ വികസിപ്പിച്ച് എടുത്തു. മോഡലിംഗ് ജീവിതത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷമാണ് ജോര്‍ജിയ അഭിനയ വേഷങ്ങള്‍ക്കായി ഓഡിഷന് ആരംഭിച്ചത്. ഈ സമയത്ത് ശ്രവണസഹായി പൂര്‍ണമായും മറച്ചുവെച്ചു. ‘ബ്രിഡ്ജറ്റ് ജോണ്‍സ്’ ബേബി’, ‘വണ്ടര്‍ വുമണ്‍: 1984’ എന്നിവയുള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സമയവും സംവിധായകരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ താന്‍ ചുണ്ടുകള്‍ വായിക്കുകയായിരുന്നുവെന്ന് പറയുന്നു. ഒടുവില്‍ ഇത് അസാധാരണമാം വിധം ശ്രമകരമായതോടെയാണ് തന്നെപ്പറ്റിയുള്ള രഹസ്യം നടി വെളിപ്പെടുത്തിയത്. റോസ് എയ്ലിംഗ്-എല്ലിസ്, താഷ ഗൗരി തുടങ്ങിയ ബധിരരായ താരങ്ങള്‍ തനിക്ക് പ്രചോദനമായെന്നും ജോര്‍ജിയ പറഞ്ഞു.