Oddly News

ഭൂമിക്കടിയിൽ നൂറിലധികം മുറികളും രഹസ്യഅറകളുമുള്ള കൊട്ടാരം വിൽപനയ്ക്ക്: വില 3800 കോടി

വമ്പന്‍ ഒരു കൊട്ടാരം സ്വന്തമാക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിയ്ക്കുന്നത്. ഒരു കാലത്ത് മൊറോക്കന്‍ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പാരീസിലെ സിനെ എറ്റ് മാര്‍നില്‍ സ്ഥിതിചെയ്യുന്ന അര്‍മെയ്ന്‍വില്ലിയേഴ്‌സ് എന്ന കൊട്ടാരമാണ് സ്വന്തമാക്കാനുള്ള അവസരം ലഭിച്ചിരിയ്ക്കുന്നത്. 363 മില്യന്‍ പൗണ്ടാണ് (3812 കോടി രൂപ) കൊട്ടാരത്തിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

2008-ല്‍ നിലവിലെ ഉടമ കൊട്ടാരം സ്വന്തമാക്കുമ്പോള്‍ 1800 കോടിയില്‍ താഴെയായിരുന്നു വില. ഭൂമി വിലയിലുണ്ടായ മാറ്റങ്ങള്‍ കണക്കാക്കിയാലും ആ തുകയുടെ ഇരട്ടിയിലധികം ഇപ്പോള്‍ വിലയായി വാങ്ങുന്നത് അന്യായമാണന്നൊണ് പൊതുവേയുള്ള വിലയിരുത്തല്‍. കൊട്ടാരത്തിന്റെ നിലവിലെ ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അടിത്തറയ്ക്ക് മുകളിലാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്നത്തെ കൊട്ടാരം പണിതുയര്‍ത്തിയത്. 1980കളില്‍ മൊറോക്കോയിലെ ഹസന്‍ രണ്ടാമന്‍ രാജാവ് കൊട്ടാരം സ്വന്തമാക്കി. പിന്നീടിങ്ങോട്ട് വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങളും കൊട്ടാരത്തില്‍ നടത്തിയിരുന്നു. 2500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കൊട്ടാരത്തിനടിയില്‍ ഒരുക്കിയിരിക്കുന്ന ഭൂഗര്‍ഭ രഹസ്യങ്ങളാണ് പ്രധാന പ്രത്യേകത. പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ധാരാളം ടണലുകളും അടുക്കളകളും കോള്‍ഡ് റൂമുകളും സ്റ്റോറേജ് സൗകര്യങ്ങളും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും കൊട്ടാരത്തിനടിയിലുണ്ട്. ‘ദ മെട്രോ ‘ എന്നാണ് ഈ ഭൂഗര്‍ഭ താവളത്തിന് നല്‍കിയിരിക്കുന്ന പേര്. സാധനങ്ങള്‍ സംഭരിക്കാനുള്ള സൗകര്യം എന്നതിന് പുറമേ, കൊട്ടാരത്തില്‍ എത്തുന്ന അതിഥികള്‍ക്കും കൊട്ടാരത്തിലെ താമസക്കാര്‍ക്കും ജീവനക്കാരുമായി ഇടപഴകാതെ ജീവിക്കാനുള്ള അവസരവും ഈ ഭൂഗര്‍ഭ അറകള്‍ ഒരുക്കിയിരുന്നു.

നൂറിലധികം മുറികള്‍ ഇവിടെയുണ്ട്. കൊട്ടാരത്തിന് ചുറ്റുമായി ആയിരം ഹെക്ടര്‍ ഭൂമി, സ്വകാര്യ വിശാലമായ സ്വിമ്മിങ് പൂള്‍, സ്പാ, ദന്തചികിത്സയടക്കം ഉള്‍പ്പെടുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയെല്ലാം നവീകരണത്തിന്റെ ഭാഗമായി മൊറോക്കന്‍ രാജാവ് ഒരുക്കി. മൊറോക്കന്‍ മൊസൈക്കുകളും വോള്‍ ടൈലുകളും കൊണ്ടാണ് അകത്തളം അലങ്കരിച്ചത്. 50 കുതിരകളെ പാര്‍പ്പിക്കാനുള്ള സൗകര്യം കൊട്ടാരത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ചുറ്റുമുള്ള പ്രകൃതിഭംഗിയാണ് ആരെയും ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം. കൊട്ടാരവും എസ്റ്റേറ്റും നിക്ഷേപകര്‍ വിലയ്ക്കെടുക്കുകയാണെങ്കില്‍ അതിമനോഹരമായ ആയിരക്കണക്കിന് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കാനാകുമെന്ന് ഇടനിലക്കാര്‍ പറയുന്നു.