Oddly News

നാലു വയസ്സുകാരന്റെ ആഗ്രഹം ; പൊലീസ് ഉദ്യോഗസ്ഥനാക്കി ഡിപ്പാര്‍ട്ട്മെന്റ്

നാലു വയസുകാരനെ പൊലീസ് ഉദ്യോഗസ്ഥനാക്കി ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. സ്റ്റോണ്‍ ഹിക്സ് എന്ന കൊച്ചു മിടുക്കന്റെ പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കിയത്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നാലു വയസുകാരന്റെ അവസാന ആഗ്രഹം സാക്ഷാത്ക്കരിയ്ക്കനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തത്.

ഗുരുതരമായ കിഡ്‌നി രോഗബാധിതനാണ് സ്റ്റോണ്‍ ഹിക്സ്. വലുതാകുമ്പോള്‍ തനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്നതായിരുന്നു ഈ നാലു വയസ്സുകാരന്റെ ആഗ്രഹം. ആ ആഗ്രഹമാണ് ഒര്‍ലാന്‍ഡോ പൊലീസ് യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. ‘മേക്ക്-എ-വിഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഒര്‍ലാന്‍ഡോ പൊലീസ് ഒരു പൊലീസുകാരനായി മാറാന്‍ സ്റ്റോണ്‍ ഹിക്സിനെ സഹായിച്ചത്.  ഔപചാരികമായി നടന്ന ചടങ്ങില്‍ പൊലീസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ടാണ് സ്റ്റോണ്‍ ഹിക്സ് പൊലീസ് ഉദ്യോഗസ്ഥനായി അധികാരമേറ്റത്.

ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ സ്റ്റോണ്‍ ഹിക്സ് രണ്ട് കേസുകള്‍ കൈകാര്യം ചെയ്തു എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒന്ന് ഒരു നായക്കുട്ടിയെ രക്ഷിച്ച് അതിന്റെ ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ചു. രണ്ടാമത്തെ കേസില്‍ വിരമിച്ച ഒരു  ഒര്‍ലാന്‍ഡോ സിറ്റി സോക്കര്‍ താരത്തിന്റെ ജേഴ്‌സി മോഷണം പോയത് കണ്ടെത്തി അദ്ദേഹത്തിന് തിരികെ നല്‍കുകയും മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങുകളുടെയും പൊലീസ് ഉദ്യോഗസ്ഥനായി സ്റ്റോണ്‍ വാഹനത്തില്‍ ഇരിക്കുന്നതിന്റെയും ഒക്കെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോകത്തിനു മുഴുവന്‍ പ്രചോദനമാണ് എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്. നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയും ഒര്‍ലാന്‍ഡോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന് നന്ദി അറിയിക്കുകയും ചെയ്തത്.