ഇന്നത്തെ സമൂഹത്തില്‍ ഏറെ ചര്‍ച്ചയാകുന്ന വിഷയമാണ് സ്ത്രീ ശാക്തീകരണം. പല മേഖലകളിലും സ്വപ്നതുല്യമായ വിജയം കരസ്ഥമാക്കിയ പല വനിതകളെയും നമ്മുക്കറിയാം. എന്നാല്‍ സ്ത്രീ ശാക്തീകരണം വലിയ ചര്‍ച്ചയാകുന്നതിനും ഏറെ കാലം മുന്‍പ് ആഗോള ബിസിനസ് ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഇന്ത്യന്‍ ബിസിനസ് പ്രതിഭയാണ് മല്ലിക ശ്രീനിവാസന്. കാലങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തന്റെ കമ്പനിയെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്ടര്‍ നിര്‍മാതാവാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. ഇവര്‍ ‘ ഇന്ത്യയുടെ ട്രാക്ടര്‍ റാണി’ എന്നാണ് അറിയപ്പെടുന്നത് . ഇവരുടെ ആസ്തിയാവട്ടെ 10,000 കോടി രൂപയാണ്.
ഇന്ത്യന്‍ കോടീശ്വരന് വേണു ശ്രീനിവാസന്റെ ഭാര്യയാണ് മല്ലിക ശ്രീനിവാസന്. നിലവില്‍ ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ പദവിയും മല്ലികയാണ് വഹിക്കുന്നത്. മല്ലിക 1959ല്‍ മദ്രാസില്‍ ജനിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ അവര്‍ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്നു.മദ്രാസ് യൂണിവോഴ്സിറ്റിയില് നിന്ന് ഗോള്‍ഡ് മെഡലോടെ എകണോമെട്രിക്സില് ബുരുദം നേടിയ ഇവര്‍ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയിലെ വാര്‍ട്ടണ്‍ സ്കൂളില്‍ നിന്ന് എംബിഎ കരസ്ഥമാക്കി. തുടര്‍ന്നാണ് 1986-ലാണ് അന്തരിച്ച പ്രശസ്ത വ്യവസായി എസ് അനന്തരാമകൃഷ്ണന്‍ ആരംഭിച്ച കുടുംബ ബിസിനസിലേക്ക് മല്ലിക എത്തുന്നത്. ചെന്നൈ നഗരത്തെ ‘ഡിട്രോയിറ്റ് ഓഫ് ഇന്ത്യ (Detroit if India) എന്ന പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം.
മല്ലികയുടെ കമ്പനിയില്‍ നടപ്പാക്കിയ സങ്കേതിക പരിവര്‍ത്തനത്തിനും വളര്‍ച്ചയ്ക്കുമുള്ള ബഹുമാനാര്‍ഥം 2014ല്‍ പത്മശ്രീ പുരസ്കാരം നല്കി രാജ്യം മല്ലികയെ ആദരിച്ചു. മല്ലികയുടെ നേതൃത്വത്തിലാണ് ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്മെന്റ് ലിമിറ്റഡ് ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്ടര്‍ നിര്‍മാതാക്കളായി ഉയര്‍ന്നത്. കഠിനാധ്വാനവും ആത്മധൈര്യവും കൊണ്ട് നേട്ടങ്ങള്‍ സ്വന്തമാക്കിയ ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണ് 64 കാരിയായ മല്ലിക ശ്രീനിവാസന്.