Movie News

ഇത്തവണ വില്ലനല്ല ; രജനീകാന്തിന്റെ വേട്ടയ്യനിലെ വേഷത്തെക്കുറിച്ച് ഫഹദ് ഫാസില്‍

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഓടി നടന്ന് അഭിനയിക്കുന്ന ഫഹദ്ഫാസില്‍ സൂപ്പര്‍ഹിറ്റായ മാമന്നനിലും പുഷ്പ 2 വിലും വില്ലന്‍ വേഷത്തിലായിരുന്നു. എന്നാല്‍ രജനീകാന്തിന്റെ വേട്ടയ്യനില്‍ വില്ലനല്ലെന്നും നര്‍മ്മം കലര്‍ന്ന വേഷമാണ് ചെയ്യുന്നതെന്നും താരം. ഇത്തവണ തമിഴില്‍ ലാഘവബുദ്ധിയുള്ള വേഷം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം അറിയിച്ചു.

താന്‍ തന്നെ നിര്‍മ്മിച്ച് നായകനാകുന്ന തന്റെ അടുത്ത ചിത്രമായ ആവേശത്തിന്റെ റിലീസിനായി ഒരുങ്ങുന്ന ഫഹദ് ഒരു പത്രസമ്മേളനത്തിനിടെ ആണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം വേട്ടയാന്‍ എന്ന തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പറഞ്ഞത്. സൂപ്പര്‍സ്റ്റാറിനൊപ്പം നര്‍മ്മം കലര്‍ന്ന വേഷമാണ് താന്‍ ചെയ്യുന്നതെന്നും രോമഞ്ചം ഫെയിം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സിനിമ ‘ആവേശം’ അവസാന ഘട്ടത്തിലാണ് എന്നും പറഞ്ഞു. തന്റെ മുന്‍ ചിത്രവുമായി ചിത്രത്തിന് ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും സംവിധായകന്‍ പറഞ്ഞു.

ബംഗളൂരുവിലെ ഒരു കുപ്രസിദ്ധ ഗുണ്ടയായി ഫഹദ് ഫാസിലിനെ സിനിമയില്‍ അവതരിപ്പിക്കുന്നു, കോളേജില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അവരെ അവരുടെ സീനിയര്‍മാരെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. എട്ടോ അതിലധികമോ മ്യൂസിക്കല്‍ ട്രാക്കുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാം ആണ്.

സജിന്‍ ഗോപു, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ്, മിധുട്ടി തുടങ്ങി നിരവധി അഭിനേതാക്കളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ഏപ്രില്‍ 11 ന് ചിത്രം വലിയ സ്‌ക്രീനുകളില്‍ എത്തും.