Oddly News

വീര്യം കൂടിയ മയക്കുമരുന്ന് ഉണ്ടാക്കാന്‍ അസ്ഥികള്‍ ; സിയാറാലിയോണില്‍ മാന്തിയത് ആയിരക്കണക്കിന് കല്ലറകള്‍

മനുഷ്യന്റെ അസ്ഥി ഉപയോഗിച്ച് അതിശക്തമായ ഒരു സൈക്കോ ആക്ടീവ് മയക്കുമരുന്ന് നിര്‍മ്മിച്ചെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സിയാറാലിയോണില്‍ ഡീലര്‍മാര്‍ തകര്‍ത്തത് ആയിരക്കണക്കിന് കല്ലറകള്‍. ആവശ്യാനുസരണം അസ്ഥികൂടങ്ങള്‍ കണ്ടെത്തുന്നതിനായി ശവക്കുഴി തോണ്ടല്‍ വ്യാപകമായതോടെ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആറ് വര്‍ഷം മുമ്പ് പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട ‘കുഷ്’ എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്നാണ് പ്രശ്‌നക്കാരന്‍. പലതരം വിഷ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന ഇതിന്റെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥിയാണ്. ‘സോംബി’ മയക്കുമരുന്ന് ഉല്‍പാദനത്തിനായി അസ്ഥികൂടങ്ങള്‍ പുറത്തെടുക്കുന്നത് വ്യാപകമായതോടെ ഫ്രീടൗണിലെ പോലീസ് ഉദ്യോഗസ്ഥരെ സെമിത്തേരികള്‍ക്ക് കാവല്‍ നിര്‍ത്തേണ്ട സ്ഥിതിയിലായിട്ടുണ്ട്. അതിശക്തമായ മയക്കുമാരുന്നാണ് കുഷ്. മണിക്കൂറുകള്‍ അതിന്റെ ഫലം നീണ്ടു നില്‍ക്കും.

മയക്കുമരുന്ന് ഒരു വ്യാപകമായ പ്രശ്‌നമായി മാറിയതോടെ ആവശ്യാനുസരണം അസ്ഥികൂടങ്ങള്‍ മോഷ്ടിക്കാന്‍ ഡീലര്‍മാര്‍ ആയിരക്കണക്കിന് ശവക്കുഴികളാണ് മാന്തി അസ്ഥികൂടങ്ങള്‍ എടുത്തുകൊണ്ടുപോയത്. ‘മയക്കുമരുന്ന്, ലഹരിവസ്തുക്കളുടെ ദുരുപയോഗം, പ്രത്യേകിച്ച് വിനാശകരമായ സിന്തറ്റിക് മയക്കുമരുന്ന് കുഷ് എന്നിവയുടെ വിനാശകരമായ ആഘാതം കാരണം നമ്മുടെ രാജ്യം നിലവില്‍ അസ്തിത്വ ഭീഷണി നേരിടുന്നു,’ സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗം മരണങ്ങള്‍ കൂട്ടുന്നതായും നിര്‍മാര്‍ജനത്തിനായി ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലയിലും മയക്കുമരുന്നിന് അടിമകളായ ആളുകള്‍ക്ക് പരിചരണവും പിന്തുണയും നല്‍കുന്നതിന് പരിശീലനം ലഭിച്ച പ്രൊഫഷണലുകളും മതിയായ സ്റ്റാഫുള്ള കേന്ദ്രങ്ങള്‍ ഉണ്ടെന്നും പറഞ്ഞു. അതേസമയം 100 കിടക്കകളുള്ള ഫ്രീടൗണില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം ഈ വര്‍ഷം ആദ്യം സൈനിക പരിശീലന കേന്ദ്രത്തില്‍ തിടുക്കത്തില്‍ സ്ഥാപിക്കുകയായിരുന്നു. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ വിദഗ്ധര്‍ ‘പുനരധിവാസത്തേക്കാള്‍ കൂടുതല്‍ ഹോള്‍ഡിംഗ് സെന്റര്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്.