Oddly News

പത്മരാജന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തോല്‍ക്കാന്‍ തന്നെയാണ് ; 30 വര്‍ഷത്തിനിടയില്‍ പരാജയപ്പെട്ട് 238 തവണ

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാനാണ്. ഓരോ പാര്‍ട്ടികളും ഇതിനായി ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനും അവരെ വിജയിപ്പിച്ചെടുക്കാനും കഠിനമായ പരിശ്രമങ്ങള്‍ കാലേകൂട്ടി നടത്താറുണ്ട്. എന്നാല്‍ 238 തവണ പരാജയപ്പെട്ടിട്ടും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്ടിലെ 65 കാരന്‍ പത്മരാജന്‍.

മൂന്ന് പതിറ്റാണ്ടിലേറെയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും നാമനിര്‍ദ്ദേശ ഫീസിനായി ഒരു വലിയ തുക ചെലവഴിക്കുകയും ചെയ്തിട്ടും ഒരു തവണപോലും തെരഞ്ഞെടുക്കപ്പെട്ടില്ല. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ തവണ മത്സരിച്ച് തോറ്റ സ്ഥാനാര്‍ത്ഥിയാകുകയാണ് ഇയാള്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ആരു ജയിച്ചാലും താന്‍ മത്സരിക്കുമെന്നും ആരാണ് എതിര്‍ സ്ഥാനാര്‍ത്ഥി എന്നത് തനിക്ക് പ്രശ്‌നമല്ലെന്നും പറഞ്ഞു.

ടയര്‍ റിപ്പയര്‍ ഷോപ്പ് ഉടമയായ ഇദ്ദേഹം തന്റെ സ്ഥാനാര്‍ത്ഥിത്വ ഹരത്തെക്കുറിച്ചും പറയുന്നു. താനൊഴികെ എല്ലാ സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പില്‍ വിജയം തേടുന്നവരാണെന്ന് പത്മരാജന്‍ പറയുന്നു. പങ്കെടുക്കുന്നതിലാണ് തനിക്ക് വിജയം എന്നും അനിവാര്യമായ തന്റെ തോല്‍വിയില്‍ സന്തോഷമുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ പ്രാദേശിക തരഞ്ഞെടുപ്പുകള്‍ വരെയുള്ള എല്ലാ തെരഞ്ഞെടുപ്പിലും രാജ്യത്തുടനീളമായില്‍ ഇലക്ഷന്‍ കിംഗ് മത്സരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ സ്വന്തം പട്ടണമായ മേട്ടൂരില്‍ നിന്നും 1988 ല്‍ മത്സരിച്ചതോടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഹരം തുടങ്ങിയത്. ഈ വര്‍ഷം 239 ാമത്തെ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഒരു പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കും. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വിജയം ആര്‍ക്കും എവിടേക്കും മത്സരിക്കാമെന്നുള്ളതാണെന്നും അതാണ് പത്മരാജന്റെ വരെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമെന്നുമാണ് വിലയിരുത്തല്‍.