Movie News

ഷാരൂഖും ആഞ്ജലീനാ ജോളിയും ഒന്നിക്കുമോ? ഇരുവരും തമ്മിലുള്ള വീഡിയോ നെറ്റില്‍ തരംഗമാകുന്നു

ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്, അതില്‍ അന്താരാഷ്ട്ര സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മുതല്‍ ഹാരി പോട്ടര്‍ താരം ഡാനിയല്‍ റാഡ്ക്ലിഫ്, ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്, ലേഡി ഗാഗ എന്നിവരെല്ലാം ജവാന്‍ സൂപ്പര്‍സ്റ്റാറിനെ പ്രശംസിച്ചവരാണ്.

ഒരിക്കല്‍ ഹോളിവുഡിലെ സൂപ്പര്‍നായികയായ ആഞ്ജലീന ജോളിയുമായി ഒന്നിച്ചതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
2000ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സില്‍ (ഐഐഎഫ്എ) മികച്ച നടിക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കാന്‍ ആഞ്ജലീന ജോളി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിട്ടു. ആന്‍ജിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ”ഇത് ശരിക്കും വളരെ മനോഹരമാണ്. കാരണം ഞാന്‍ ഇപ്പോള്‍ ആഞ്ജലീനയുടെ അത്ഭുതകരമായ കൂട്ടുകെട്ടിലാണ്.”

ആഞ്ജലീനയും ജനക്കൂട്ടത്തെ ‘നമസ്തേ’ എന്ന് അഭിവാദ്യം ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അവാര്‍ഡ് പ്രഖ്യാപിച്ചു, ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ റായ് ബച്ചനായിരുന്നു അവാര്‍ഡ്. നിര്‍ഭാഗ്യവശാല്‍, അവാര്‍ഡ് വാങ്ങാന്‍ ഐശ്വര്യ റായ് ബച്ചന്‍ എത്തിയില്ല, അതിനാല്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി അവര്‍ക്ക് വേണ്ടി ഹാജരായി. ഉടന്‍ തന്റെ ഹ്യൂമര്‍സെന്‍സും ഷാരൂഖ് പ്രദര്‍ശിപ്പിച്ചു ”ഇത് ഐശ്വര്യ റായിയല്ലെന്ന് ആഞ്ജലീനയ്ക്ക് അറിയാമെന്ന് ഞങ്ങള്‍ ഉറപ്പാക്കണം. ഇതാണ് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി.” എന്തായാലും ഷാരൂഖിന്റെ ഈ തമാശ ഹോളിവുഡ് താരവും ഏറെ ആസ്വദിച്ചു.

ഈ വീഡിയോ കണ്ട ആരാധകര്‍ ഇരുവരും ഒരു സിനിമയിലെങ്കിലും ഒന്നിച്ചിരുന്നെങ്കില്‍, ഇവരുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എങ്ങിനെയിരിക്കും എന്നറിയാന്‍ കൊതിയുണ്ടെന്ന് വരെ കുറിച്ചു. എന്തായാലും അത് നടക്കാന്‍ സാധ്യതയില്ല. ഹോളിവുഡില്‍ അശേഷം താല്‍പ്പര്യമില്ലെന്ന് മുമ്പ് പല തവണ വ്യക്തമാക്കിയിട്ടുള്ള ആളാണ് ഷാരൂഖ്. തനിക്ക് ഹോളിവുഡ് നടന്മാര്‍ക്ക് വേണ്ട ആകാര സൗഷ്ടവം ഇല്ലെന്നതായിരുന്നു താരം പറഞ്ഞ കാരണം. പത്താന്‍ 2, ജവാന്റെ രണ്ടാംഭാഗം, ദളപതി വിജയ്‌ക്കൊപ്പമുള്ള സിനിമ, ടൈഗര്‍ വേഴ്‌സസ് പത്താന്‍ തുടങ്ങിയ സിനിമകളുടെ പദ്ധതികളുമായി തിരക്കിലാണ്. ആഞ്ജലീന തന്റെ കരിയറിലെ അവസാന ചിത്രമായ മരിയ ആന്റ് മേല്‍ഫിസെന്റ് 3 സിനിമയുടെ തിരക്കിലും.


https://www.instagram.com/reel/C1y67_erIoa/?utm_source=ig_web_copy_link