Healthy Food

വേനല്‍ച്ചൂടില്‍‌ കഴിക്കേണ്ടത് വെള്ളരിക്ക; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍

വെള്ളരിക്കയെ കുറിച്ച്‌ ചിന്തിക്കുമ്പോള്‍ സ്വര്‍ണ നിറത്തില്‍ ഓട്ട്‌ ഉരുളിയില്‍ കൊന്നപ്പൂവും ചേര്‍ന്നൊരുക്കുന്ന കമനീയമായ വിഷുക്കണിയാണ്‌ ഓര്‍മയില്‍ വരിക. ചൂടുകാലത്ത്‌ ശരീരം വറ്റിവരണ്ടിരിക്കുമ്പോള്‍ ജീവജലം നല്‍കുന്ന സ്വാദിഷ്‌ടമായ പച്ചക്കറിയാണ്‌ വെള്ളരിക്ക. രാസവളങ്ങളും കൃത്രിമ കീടനാശിനികളും ചേര്‍ക്കാതെ ഉണ്ടാക്കിയിരുന്ന വെള്ളരിക്ക, വാഴനാരില്‍ കെട്ടി വീടിന്റെ വിട്ടത്തില്‍ കെട്ടിത്തൂക്കി വര്‍ഷങ്ങളോളം കേടുകൂടാതെ നിന്നിരുന്ന കാഴ്‌ചകള്‍ മലയാളികള്‍ക്ക്‌ മറക്കാന്‍ കഴിയില്ല. കുക്കുമിസ്‌ സറൈറവസ്‌ എന്നാണ്‌ വെള്ളരിക്കയുടെ ശാസ്‌ത്രീയ നാമം. കുക്കുര്‍ബിറ്റേഡിയ കുടുംബത്തില്‍പ്പെട്ടതാണ്‌ വെള്ളരിക്ക.

വെള്ളരി കൃഷി

പണ്ട്‌ നെല്‍വയലുകളില്‍ മുഖ്യ വിളവെടുപ്പു കഴിഞ്ഞാല്‍ വെള്ളരി കൃഷി വ്യാപകമായിരുന്നു. ഗ്രാമവീഥികളില്‍ പാകംവന്ന വെള്ളരി പറിച്ചെടുത്ത്‌ കൂട്ടിയിട്ടിരുന്ന കാഴ്‌ചകള്‍ നമുക്കിന്ന്‌ നഷ്‌ടമായിക്കൊണ്ടിരിക്കുകയാണ്‌. വളരെയധികം ഔഷധഗുണമുള്ള പച്ചക്കറിയാണ്‌ വെള്ളരിക്ക. വിവിധ തരം വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ വെള്ളരിക്ക ശരീരത്തിന്റെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഘടകങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്‌.

രോഗങ്ങള്‍ തടയും

വെള്ളരിക്കയിലും വകഭേദമായ കക്കരിക്കയിലുമൊക്കെ അടങ്ങിയിരിക്കുന്ന ചില പ്രത്യേക ഘടകങ്ങള്‍, സ്‌തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍ തുടങ്ങിയ അവസ്‌ഥകളില്‍ തീവ്രത കുറയ്‌ക്കുന്നതിന്‌ പ്രതിരോധത്തിനും സഹായിക്കുന്നതാണ്‌. ശരീരത്തിലെ ജലാംശം നിലനിര്‍ത്തിക്കൊണ്ടുതന്നെ മലശേധനയുണ്ടാക്കാന്‍ കഴിയുന്ന നാരിന്റെ അംശം ധാരാളമുള്ളതിനാല്‍ ദഹന സംബന്ധമായ അസുഖങ്ങളിലും മലബന്ധത്തിലും വളരെ ഗുണകരമാണ്‌. വെള്ളരിക്കയോ, കക്കരിക്കയോ ജൂസാക്കി ഉപയോഗിക്കുന്നത്‌ പ്രമേഹം, രക്‌തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിന്‌ സഹായിക്കും.

ക്ഷീണം മാറാന്‍

വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞെടുത്ത്‌ കണ്ണിനുമുകളില്‍ വെക്കുന്നത്‌ കണ്ണിന്റെ ക്ഷീണം പോവുന്നതിനും, കണ്ണിന്‌ താഴെ കറുത്തപാടുകള്‍ പോവുന്നതിന്‌ കുഴമ്പുരൂപത്തിലായി തേച്ചിടുന്നതും വളരെ ഫലപ്രദമാണ്‌. വെള്ളരിക്കയുടെ കുരു ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ മൂത്രാശയ രോഗങ്ങളില്‍ വളരെ ഫലപ്രദമാണ്‌. ശരീരത്തിലടിഞ്ഞുകൂടുന്ന രോഗ കാരണങ്ങളായ മാലിന്യങ്ങളെ പുറത്തു കളയുന്നതിനും വെള്ളരിക്ക ആഹാരത്തില്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ സാധ്യമാവുന്നു. അതുകൊണ്ട്‌ തന്നെ വെള്ളരിക്ക രോഗപ്രതിരോധത്തിന്‌ വളരെ നല്ലതാണ്‌.