Celebrity

16-ാം വയസ്സില്‍ ആദ്യഹിറ്റ്, ഇന്ന് 240 കോടി ആസ്തി, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ ഗായിക; മലയാളത്തിലും ഹിറ്റുകള്‍

മലയാളത്തിലടക്കം നിരവധി ഗാനങ്ങള്‍ പാടിയ ഈ ഗായിക, ഇതിനോടകം 3000-ലധികം ഗാനങ്ങളാണ് പാടിയത്. തന്റെ 16-ാം വയസ്സില്‍ അവള്‍ കരിയറിന്റെ ഉന്നതിയിലെത്തി. ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒരാളാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഗായികയുടെ ആസ്തി 240 കോടി രൂപയാണ്. 1984-ല്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലെ ബെര്‍ഹാംപൂരില്‍ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഈ ഗായിക ജനിച്ചത്. 1998 ജനുവരിയില്‍ 14 ട്രാക്കുകളോടെ പുറത്തിറങ്ങിയ ‘ബെന്ധേച്ചി ബീന’ ആയിരുന്നു അവരുടെ ആദ്യ സ്റ്റുഡിയോ ആല്‍ബം.

പറഞ്ഞു വരുന്നത് ഏവരുടേയും പ്രിയപ്പെട്ട ഗായികയായ ശ്രേയാ ഘോഷാലിനെ കുറിച്ച് ആണ്. പതിനാറാം വയസ്സില്‍ ‘സാ രേ ഗാ മാ’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ശ്രേയ ശ്രദ്ധിയ്ക്കപ്പെടുന്നത്. ശ്രേയയുടെ പ്രകടനം ചലച്ചിത്ര നിര്‍മ്മാതാവ് സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മ ശ്രദ്ധിയ്ക്കുകയും 2002-ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചിത്രത്തിലേക്കുള്ള ശ്രേയയുടെ എന്‍ട്രി ആകുകയും ചെയ്തു. ഈ ചിത്രത്തിലെ ഗാനത്തിന് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും ശ്രേയാ ഘോഷാലിന് ലഭിച്ചു. ഹിന്ദി, ബംഗാളി, അസമീസ്, ഭോജ്പുരി, തെലുങ്ക്, തമിഴ്, ഒറിയ, ഗുജറാത്തി, കന്നഡ, മറാത്തി, മലയാളം, നേപ്പാളി, തുടങ്ങി നിരവധി ഭാഷകളില്‍ ശ്രേയ ഘോഷാല്‍ ഇതുവരെ പാടിയിട്ടുണ്ട്.

ആറാമത്തെ വയസ്സില്‍, ശ്രേയ ഘോഷാല്‍ ശാസ്ത്രീയ സംഗീതത്തില്‍ ഔപചാരിക പരിശീലനം ആരംഭിച്ചു. 2017-ല്‍, ഡല്‍ഹിയിലെ മാഡം തുസാഡ്‌സ് മ്യൂസിയത്തിന്റെ ഇന്ത്യന്‍ വിഭാഗത്തില്‍ മെഴുക് രൂപം പ്രദര്‍ശിപ്പിച്ച ആദ്യ ഇന്ത്യന്‍ ഗായികയായി ശ്രേയ ഘോഷാല്‍ മാറി. യുഎസിലെ ഒഹായോ സംസ്ഥാനവും ഗായികയെ ആദരിച്ചിട്ടുണ്ട്, അവിടെ ഗവര്‍ണര്‍ ടെഡ് സ്ട്രിക്ലാന്‍ഡ് 2010 ജൂണ്‍ 26 ‘ശ്രേയ ഘോഷാല്‍ ദിനം’ ആയി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നുള്ള മികച്ച 100 സെലിബ്രിറ്റികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ അഞ്ച് തവണ ശ്രേയ ഇടം നേടിയിട്ടുണ്ട്.