Good News

ചേരിയില്‍ പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ച വീട്ടില്‍ ജനനം ; പ്രതിസന്ധികളില്‍ തളരാതെ പോരാടി ഇന്ത്യന്‍ ആര്‍മിയില്‍ ഓഫീസറായി

ശനിയാഴ്ച ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ ഇന്ത്യന്‍ ആര്‍മിയില്‍ കമ്മീഷന്‍ഡ് ഓഫീസറായി പാസിംഗ് ഔട്ട് പരേഡ് നടത്തിയ ലഫ്റ്റനന്റ് കീലുവിന്റെ ജീവിതം ഇന്ത്യയില്‍ ഉടനീളമുള്ള മോശം സാഹചര്യങ്ങളില്‍ പൊരുതി നേട്ടമുണ്ടാക്കാന്‍ കൊതിക്കുന്ന അനേകര്‍ക്ക് പ്രചോദനമാണ്. മുംബൈയിലെ ധാരാവി ചേരിയില്‍ ദുരിതത്തില്‍ ജനിച്ച് ദുരിതത്തില്‍ വളര്‍ന്ന ഉമേഷ് കീലു ജീവിതത്തില്‍ ഉടനീളം തന്നെ തകര്‍ക്കാനെത്തിയ പ്രതിസന്ധികളെ ഇഛാശക്തികൊണ്ടും ആത്മാര്‍പ്പണം കൊണ്ടും മറികടന്നയാളാണ്.

ലെഫ്റ്റനന്റ് കീലുവിന്റെ വിജയത്തെ പിആര്‍ഒ ഡിഫന്‍സ് മുംബൈ എക്സില്‍ അഭിനന്ദിക്കുകയും പരേഡില്‍ നിന്നുള്ള ഒരു വീഡിയോ പങ്കിടുകയും ചെയ്തു. ”ഇന്ന് ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ഉമേഷ് കീലുവിനെ കാണുക. ധാരാവി മുംബൈയിലെ ഒരു ദുഷ്‌കരമായ അയല്‍പക്കത്ത് വളര്‍ന്ന്, ഓഫീസര്‍ നിരവധി വെല്ലുവിളികളെ തരണം ചെയ്ത് ദേശത്തെ സേവിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.” ഡിഫന്‍സ് മുംബൈ പിആര്‍ഒ യുടെ പോസ്റ്റില്‍ പറയുന്നു.

മുംബൈയിലെ സിയോണ്‍ കോളിവാഡ ചേരിയിലാണ് ഉമേഷ് കീലു ജനിച്ചതും വളര്‍ന്നതും. പ്ലാസ്റ്റിക് ഷീറ്റു കൊണ്ടു മറച്ച അഞ്ചടി മാത്രം ഉയരമുള്ള വീട്ടിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായ കീലുവിന്റെ പിതാവ് കുടുംബം പോറ്റാന്‍ പെയിന്ററായി ജോലി ചെയ്തു. 2013-ല്‍, പിതാവിന് ഗുരുതരമായ മസ്തിഷ്‌കാഘാതം സംഭവിച്ചു. ഇത് അദ്ദേഹത്തെ തളര്‍ത്തുകയും കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതി വഷളാക്കുകയും ചെയ്തു.

വര്‍ഷങ്ങളായി, സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) എഴുതാനും അഭിമാനകരമായ അക്കാദമിയില്‍ ചേരാനും ഉമേഷ് മൊത്തം 12 ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഉമേഷ് അക്കാദമിയില്‍ ചേര്‍ന്നതിന് പിന്നാലെ രോഗിയായ അച്ഛന്‍ മരിച്ചു. അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ മുംബൈയില്‍ പോയ അദ്ദേഹത്തെ കുടുംബത്തിന്റെ ദുരിതം മാനസീകമായി തളര്‍ത്തിയെങ്കിലും അക്കാദമിയില്‍ തിരിച്ചെത്തി മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിനാധ്വാനം ചെയ്തു വിജയം നേടി.

സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, കീലു ഐടിയില്‍ സയന്‍സ് (ബിഎസ്സി) ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. തന്റെ അക്കാദമിക് പഠനത്തിനിടയില്‍, അദ്ദേഹം എന്‍സിസി എയര്‍ വിംഗിലും സേവനമനുഷ്ഠിച്ച്് ‘സി’ സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തു. കുടുംബം പോറ്റാനായി സൈബര്‍ കഫേയില്‍ പാര്‍ട്ട് ടൈം ജോലിയും കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായും ജോലി ചെയ്തു. തന്റെ ശ്രമങ്ങളോടെ കീലു, പ്രധാന ഐടി സേവന മേഖലയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ ജോലിയില്‍ പ്രവേശിച്ചതോടെ കിട്ടിയ സ്ഥിര വരുമാനം കൊണ്ട് കുടുംബത്തെ പോറ്റാന്‍ തുടങ്ങി. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കും പിതാവിന്റെ ചികിത്സയ്ക്കും ശമ്പളം അപര്യാപ്തമായതിനാല്‍, വാരാന്ത്യങ്ങളില്‍ അദ്ദേഹം ബ്രിട്ടീഷ് കൗണ്‍സിലില്‍ മറ്റൊരു ജോലിയും ചെയ്തു.

മകനെ യൂണിഫോം ധരിച്ച് കാണണമെന്ന മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റാന്‍ കീലു ആഗ്രഹിച്ചതിനാല്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ തുടങ്ങി. വിവിധ കായിക ഇനങ്ങളില്‍ മികവ് പുലര്‍ത്താനും ഉന്നത പഠനം നടത്താനും ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ച് സമഗ്രമായ വികസനം കൈവരിക്കാനുള്ള മികച്ച അവസരമാണ് സായുധ സേനയിലെ ഒരു കരിയര്‍ എന്ന് അദ്ദേഹം വിശ്വസിക്കുന്നു.