Oddly News

ഒരു തരി ഭൂമി പോലും ആര്‍ക്കും വേണ്ട, ഈ ദ്വീപ് സ്വന്തമാക്കിയവരെ തേടിയെത്തുന്നത് ദുരന്തങ്ങളെന്ന് വിശ്വാസം

സമുദ്രത്താല്‍ ചുറ്റപ്പെട്ട് പാറക്കെട്ടുകളും മരങ്ങളുമൊക്കെയായി പ്രകൃതിഭംഗി നിറഞ്ഞ സ്ഥലമാണ് ഇറ്റലിയിലെ ഗള്‍ഫ് ഓഫ് നേപ്പിള്‍സിലെ ഗൈയോള ദ്വീപ്. ഒറ്റ നോട്ടത്തില്‍ അതിമനോഹരമായ സ്ഥലം എന്ന് തന്നെ ഇവിടുത്തെ വിശേഷിപ്പിയ്ക്കാം. എന്നാല്‍ ഇവിടെ ഒരു തരി ഭൂമി പോലും സ്വന്തമാക്കാന്‍ ആരും തയ്യാറാകില്ല. കാരണം ദ്വീപ് സ്വന്തമാക്കാന്‍ ശ്രമിയ്ക്കുന്നവരെ തേടി ദുരന്തങ്ങളാണ് പിന്നാലെയെത്തുന്നതെന്നാണ് വിശ്വാസം.

1800കളുടെ അവസാനത്തില്‍ ദ്വീപു വാങ്ങിയ ലുയ്ഗി ഡിഗ്രി എന്ന വ്യക്തിയുടെ ദുരന്തകഥയാണ് ആദ്യത്തേത്. ദ്വീപില്‍ ഒരു വില്ല പണിയുകയാണ് അദ്ദേഹം ചെയ്തത്. തൊട്ടു പിന്നാലെ വന്‍കടക്കണിയിലുമായി. 1911-ല്‍ ഗസ്പാരെ ആല്‍ബെങ്ക എന്ന നാവികന്‍ ദ്വീപ് വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ശേഷം കപ്പലപകടത്തില്‍ അദ്ദേഹം മരണപ്പെട്ടു. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഹാന്‍സ് ബ്രൗണ്‍ ആയിരുന്നു ദ്വീപിന്റെ അടുത്ത ഉടമ. 1920ലാണ് അദ്ദേഹം ഗൈയോള വാങ്ങിയത്. പിന്നീട് ഒരു റഗ്ഗില്‍ പൊതിഞ്ഞ നിലയില്‍ അദ്ദേഹത്തിന്റെ ജഡം കണ്ടെത്തുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും മുങ്ങിമരിച്ചു.

പിന്നീട് വന്ന ഉടമകളുടെ അവസ്ഥകളും വ്യത്യസ്തമായിരുന്നില്ല. ഒട്ടോ ഗ്രന്‍ബാക്ക് എന്ന വ്യക്തിയെ ദ്വീപിലെ വില്ലയ്ക്കുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായിയായ മോറിസ് വെസ് പിന്നീട് ഉടമസ്ഥത ഏറ്റെടുത്തു. എന്നാല്‍ അതിനുശേഷം മനോരോഗം ബാധിച്ച അദ്ദേഹം ഒരു മെന്റല്‍ ഹോസ്പിറ്റലിലാണ് ജീവന്‍ വെടിഞ്ഞത്. പിന്നീടു വന്ന ബാറോണ്‍ കാള്‍ എന്ന ഉടമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. അതോടെ ഫിയറ്റ് ഓട്ടോമൊബൈല്‍സിന്റെ ഉടമയായ ഗിയെന്നി അഗ്‌നെല്ലിക്ക് ദ്വീപ് കൈമാറ്റം ചെയ്തു.

ഗിയെന്നിയുടെ സഹോദരന്‍ അപൂര്‍വ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞു. അമേരിക്കന്‍ ബിസിനസുകാരനായ പോള്‍ ഗെറ്റിയും ഒരുകാലത്ത് ദ്വീപിന്റെ ഉടമയായിരുന്നു. എന്നാല്‍ ദുരന്തങ്ങളുടെ നീണ്ട നിരയാണ് അദ്ദേഹത്തെ വേട്ടയാടിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ഇളയ മകന്‍ മരിച്ചതിന് തൊട്ടുപിന്നാലെ മൂത്തമകനും ആത്മഹത്യ ചെയ്തു. രണ്ടാം ഭാര്യ മരുന്ന് അധികമായി ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് മരണപ്പെട്ടു.

ഗിയെന്‍പാസ്‌ക്വേല്‍ ഗ്രപോണ്‍ എന്ന വ്യക്തിയായിരുന്നു ദ്വീപിന്റെ അവസാന ഉടമ. കടങ്ങള്‍ കൊടുത്തു തീര്‍ക്കാനാവാതെ വന്നതോടെ അദ്ദേഹം ജയിലിലാവുകയും ഭാര്യ കാറപകടത്തില്‍ മരിക്കുകയും ചെയ്തു. 1978ല്‍ ഗൈയോള ദ്വീപ് ഇറ്റാലിയന്‍ ഭരണകൂടത്തിന്റെ നിയമപരിധിക്കുള്ളിലായി. അതോടെ സ്വകാര്യ ഉടമസ്ഥതയ്ക്കും അവസാനമായി. ഈ ദുരന്ത കഥകള്‍ അറിയാവുന്ന പ്രദേശവാസികള്‍ ദ്വീപിന് വലിയ ശാപം കിട്ടിയിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ്. നിലവില്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ് ഗൈയോള.