ജപ്പാന് ഉള്‍പ്പെടെ തുടര്‍ച്ചയായി സിനിമകള്‍ ഹിറ്റാകാത്ത സാഹചര്യത്തില്‍ ഹൃസ്വമായ ഇടവേള എടുത്തിരിക്കുന്ന കാര്‍ത്തി വീണ്ടും കുടുംബത്തിന്റെ പ്രൊഡക്ഷന്‍ ഹൗസുമായി സഹകരിച്ച് എത്തുകയാണ്. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷത്തില്‍ എത്തിയ തമിഴിലെ ഹിറ്റ്ചിത്രം 96 ന്റെ സംവിധായകന് പ്രേംകുമാറുമായി താരം പുതിയതായി സഹകരിക്കുന്ന ചിത്രമാണ് ഏറ്റവും പുതിയതായിട്ട് വരാന്‍ പോകുന്നത്.
തന്റെ 27-ാമത്തെ പ്രോജക്റ്റായ സിനിമയ്ക്ക് താല്‍ക്കാലികമായി ‘കാര്‍ത്തി 27’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം കാര്‍ത്തിക്കൊപ്പം അരവിന്ദ് സ്വാമിയും രാജ്കിരണും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയില്‍ ശ്രീദിവ്യയെ നായികയായും തീരുമാനിച്ചിരിക്കുകയാണ്. സൂര്യയുടെയും ജ്യോതികയുടെയും പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടൈന്‍മെന്റാണ് സിനിമ ഒരുക്കുന്നത്.
മുമ്പ് കാര്‍ത്തിയുടെ കടൈക്കുട്ടി സിങ്കം, വിരമാന് എന്നീ ചിത്രങ്ങള്‍ 2ഡി നിര്‍മ്മിച്ചിരുന്നു. അരവിന്ദ് സ്വാമിയെ ഒരു സുപ്രധാന വേഷത്തില്‍ ഉള്‍പ്പെടുത്തിയതാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം. ചിത്രത്തിന്റെ ഛായാഗ്രഹണം പി സി ശ്രീറാമും പശ്ചാത്തല സംഗീതം ഗോവിന്ദ് വസന്തയും നിര്‍വഹിക്കും. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് പ്രേം കുമാറിന്റെ തിരിച്ചുവരവിനെയും പി സി ശ്രീറാമുമായുള്ള രണ്ടാമത്തെ സഹകരണത്തെയും ഈ ചിത്രം അടയാളപ്പെടുത്തുന്നു.
രാജു മുരുകന് സംവിധാനം ചെയ്ത ഹീസ്റ്റ് ആക്ഷന്‍ കോമഡി ജപ്പാനിലാണ് കാര്‍ത്തി അവസാനമായി അഭിനയിച്ചത്. ഡ്രീം വാരിയര്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ഈ ചിത്രത്തിന് പക്ഷേ നെഗറ്റീവ് റിവ്യൂ ആണ് കിട്ടിയത്. പ്രഗത്ഭരായ അണിയറപ്രവര്‍ത്തകരും പരിചയസമ്പന്നരായ ജോലിക്കാരും പ്രശസ്തമായ ഒരു പ്രൊഡക്ഷന്‍ ഹൗസിന്റെ പിന്തുണയുമാണ് കാര്‍ത്തി 27 ന്റെ പ്രതീക്ഷയാകുന്ന ഘടകങ്ങള്‍.