Good News

ഗോത്ര വിഭാഗത്തില്‍നിന്ന് ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി: പ്രസവം കഴിഞ്ഞ് രണ്ടാംനാള്‍ പരീക്ഷ, ഒടുവില്‍ വജയം; അഭിനന്ദിച്ച് സ്റ്റാലിന്‍

സാമൂഹ്യ നീതിയുടെ കാര്യത്തില്‍ പലപ്പോഴും വിവാദമുണ്ടാകാറുള്ള തമിഴ്​നാട്ടില്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ജഡ്ജിയായി ശ്രീപതി എന്ന 23കാരി. ശ്രീപതിയുടെ പ്രസവത്തിനുശേഷം രണ്ടാം ദിനമായിരുന്നു പരീക്ഷ. ഒടുവിൽ പരീക്ഷ ജയിച്ച് വനിതാ ജഡ്ജിയായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ശ്രീപതിയെ അഭിനന്ദിച്ച് രംഗത്തെത്തി. പരിമിതമായ സൗകര്യങ്ങളുള്ള മലയോര ഗ്രാമത്തിലെ ഗോത്ര സമുദായത്തില്‍ നിന്നെത്തി ഒരു പെണ്‍കുട്ടി ഈ നേട്ടത്തിലേക്ക് എത്തിയത് എന്നെ സന്തോഷിപ്പിക്കുന്നുവെന്ന് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

തിരുവണ്ണാമലൈ ജില്ലയിലെ ജവ്വാദുമലയ്ക്ക് അടുത്തുള്ള പുലിയൂർ ഗ്രാമത്തിലെ ശ്രീമതി ശ്രീപതി 23-ാം വയസ്സിൽ നിയമ ജഡ്ജി പരീക്ഷ പാസായി! താഴ്‌ന്ന മലയോര ഗ്രാമത്തിലെ ഒരു ആദിവാസി പെൺകുട്ടി ഇത്രയും ചെറുപ്പത്തിൽ തന്നെ ഈ നേട്ടം കൈവരിച്ചതിൽ സന്തോഷമുണ്ട്. അത് ഞങ്ങളുടെ തമിഴ് മീഡിയത്തിൽ പഠിച്ചവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിലൂടെയാണ് ശ്രീപതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്നറിയുന്നതിൽ അഭിമാനമുണ്ട്. അവളുടെ വിജയത്തെ പിന്തുണച്ച അമ്മയ്ക്കും ഭർത്താവിനും അഭിനന്ദനങ്ങൾ! സാമൂഹ്യനീതി എന്ന വാക്ക് ഉച്ചരിക്കാൻ പോലും മനസ്സില്ലാതെ തമിഴ്നാട്ടിൽ എത്തുന്നവര്‍ക്കുള്ള മറുപടിയാണ് ശ്രീപതിയെപ്പോലുള്ളവരുടെ വിജയമെന്ന് സ്റ്റാലിന്‍ കുറിച്ചു.

ശ്രീപതി തന്റെ ഗ്രാമത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ചെന്നൈ നഗരത്തിലെത്തിയാണ് പരീക്ഷ എഴുതിയത്. നിയമപഠനം കഴിയുന്നതിന് മുന്‍പേ ആയിരുന്നു ശ്രീപതിയുടെ വിവാഹം. സിവില്‍ ജഡ്ജി നിയമനത്തിനുള്ള മെയിന്‍ പരീക്ഷയുടെ തീയതി അടുത്തപ്പോള്‍ അവരുടെ പ്രസവത്തിനുള്ള തീയതിയും അടുത്തിരുന്നു..പരീക്ഷയ്ക്ക് രണ്ട് ദിവസം മുന്‍പ് പ്രസവവേദന അനുഭവപ്പെട്ടുതുടങ്ങി. കുഞ്ഞ് ജനിച്ചതിനുശേഷം ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ച് കാറില്‍ ചെന്നൈയില്‍ എത്തിയാണ് ശ്രീപതി പരീക്ഷ എഴുതിയത്. 2023 നവംബറിലെ പരീക്ഷാസമയത്ത് തമിഴ്​നാട് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഓഫീസിന് മുന്‍പില്‍ തന്റെ കുഞ്ഞിനേയും എടുത്ത് നിന്നുള്ള ശ്രീപതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.