Good News

പഠിക്കണമെന്ന സ്വപ്‌നം തൊണ്ണൂറ്റിരണ്ടാം വയസ്സില്‍ സാക്ഷാത്കരിച്ച് സാലിമ മുത്തശ്ശി

പഠിക്കാനായി പ്രായം ഒരു പ്രശ്‌നമല്ലായെന്ന പല വ്യക്തികളും തെളിയിച്ചുണ്ട്. ഇപ്പോള്‍ ആ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി ചേര്‍ക്കപ്പെടുകയാണ് അത് മറ്റാരുടേയുമല്ല സാലിമ ഖാനാണ് കക്ഷി. ഉത്തര്‍പ്രദേശ്കാരിയായ സാലിമയുടെ പ്രായം 92 വയസ്സാണ്. സാലിമയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇവിടെ പൂവണിഞ്ഞിരിക്കുന്നത്. യൂണിഫോമിട്ട ചെറിയ കുട്ടികളുടെ കൂടെ ക്ലാസിലെ മുന്‍ബെഞ്ചിന്റെ ഒരറ്റത്ത് ഈ മുത്തശ്ശിയും ഇരിക്കും. എന്നിട്ട് ടീച്ചര്‍ പറയുന്നത് നല്ല പോലെ കേട്ട് പഠിക്കും. ‘എനിക്ക് പഠിക്കാന്‍ ഇഷ്ടമാണ്, ഇപ്പോള്‍ ഞാന്‍ സ്‌കൂളില്‍ പോകുന്നുണ്ട്. എനിക്ക് നോട്ടുകള്‍ എണ്ണാനായി കഴിയുമെന്ന് മുത്തശ്ശി വരെ അഭിമാനത്തോടെ പറയുന്നു.

1931 ല്‍ ജനിച്ച സാലിമയുടെ വിവാഹം 14-ാം വയസ്സിലായിരുന്നു. എഴുതാനും വായിക്കാനും കഴിയണം എന്ന ആഗ്രഹം മനസ്സിലങ്ങനെ നീറി നീറി കിടന്നതല്ലാതെ അതിനുള്ള അവസരം വന്നില്ല. ആ കാലത്ത് ബുലങ്ഹറില്‍ സ്‌കൂളുകളുണ്ടായിരുന്നില്ല. പക്ഷെ ഈ മുത്തശ്ശിയാക്കട്ടെ സ്‌കൂളില്‍ പോകണമെന്ന തന്റെ സ്വപ്‌നം മുറുകെ പിടിച്ചു.ഇപ്പോള്‍ നവഭാരത് സാക്ഷരതാ മിഷന്‍ പദ്ധതിയിലൂടെയാണ് ഈ മുത്തശ്ശിയുടെ ആഗ്രഹങ്ങള്‍ക്കു ചിറകുമുളച്ചത്. ഇപ്പോള്‍ തങ്ങളുടെ ‘മുതിര്‍ന്ന വിദ്യാര്‍ഥി’ക്ക് 100 വരെ എണ്ണാനും സ്വന്തം പേര് എഴുതാന്‍ കഴിയുമെന്നും അധ്യാപകര്‍ പറയുന്നു. ഈ മുത്തശ്ശിയെന്നും സ്‌കൂളിലെത്തിക്കുന്നത് കൊച്ചുമകന്റെ ഭാര്യയാണ്.

തന്നെക്കാള്‍ 80ലധികം വയസ്സ് കുറഞ്ഞവരോടൊപ്പമാണ് പഠിത്തം, എന്നാല്‍ പഠിക്കാനുള്ള ആവേശം മുത്തശ്ശിക്കായിരിക്കും കൂടുതല്‍.പ്രായത്തിന്റെതായ അവശതകള്‍ സാലിമയ്ക്കുണ്ടെങ്കിലും പഠിക്കാനുള്ള ഉത്സാഹത്തിന് യാതൊരു കുറവുമില്ല. സ്‌കൂളില്‍ പോകാന്‍ വലിയ ഇഷ്ടമാണ് മുത്തശ്ശിക്ക്. ‘ആദ്യം കയ്യില്‍ ബുക്കും പേനയും കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു, ഭയന്നു പോയെങ്കിലും ഒരുപാട് സന്തോഷവും തോന്നി. മുന്‍പ് കൊച്ചുമക്കള്‍ കാശിന്റെ കാര്യത്തില്‍ എന്നെ പറ്റിക്കുമായിരുന്നു. എന്നാല്‍ ഇനിയത് നടക്കില്ല. കാരണം ഞാന്‍ എണ്ണാന്‍ പഠിച്ചുവെന്നും മുത്തശ്ശി പറയുന്നു. സാലിമയ്ക്ക് പിന്നാലെ നിരവധി സ്ത്രീകള്‍ പഠിക്കണമെന്ന് ആഗ്രഹവുമായി മുന്നോട്ട് വന്നു.