സീറോ ഗ്രാവിറ്റിയിൽ പറക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് (GRW) സ്വന്തമാക്കി യുഎസിൽ നിന്നുള്ള എട്ടു വയസുകാരൻ.
ജാക്ക് മാർട്ടിൻ പ്രസ്മാൻ, എന്ന എട്ടുവയസുകാരനാണ് അത്യപൂർവ നേട്ടം കൈവരിച്ചത്. ഗിന്നസ് വേൾഡ്സ് റെക്കോർഡ്സിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെക്കപ്പെട്ട വീഡിയോയിൽ സീറോ ഗ്രാവിറ്റിയിൽ പറക്കുന്നതിനിടയിൽ ബാക്ക്ഫ്ലിപ്പുകൾ, 360-ഡിഗ്രി സ്പിന്നുകൾ തുടങ്ങിയ മിഡ്-എയർ ട്രിക്കുകൾ പ്രസ്മാൻ അവതരിപ്പിക്കുന്നത് കാണാം.
വായിൽ വെള്ളത്തുള്ളികൾ ഇട്ട് ജെല്ലി ബീൻസ് പിടിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. സീറോ ഗ്രാവിറ്റിയിൽ 30 സെക്കന്റ് നീണ്ടുനിൽക്കുന്ന തരത്തിൽ 18 തവണയാണ് പ്രസ്മാൻ പറന്നത്.
“പൂജ്യം ഗുരുത്വാകർഷണത്തിൽ പറക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി (ജനനം-11 മാർച്ച് 2016), അദ്ദേഹത്തിന് 8 വയസ്സും 33 ദിവസവും പ്രായമുണ്ട്.” “കുട്ടിക്കാലത്തെ മിക്ക സ്വപ്നങ്ങളും പലപ്പോഴും നിറവേറ്റാൻ കഴിയാതെ വരുമ്പോൾ കുഞ്ഞു ജാക്ക് ആകട്ടെ റെക്കോർഡ് നേട്ടത്തിലൂടെ ആ ആഗ്രഹം നിറവേറ്റുകയും ചെയ്തു”. എന്ന് കുറിച്ചുകൊണ്ടാണ് GWR തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവെച്ചത്.
GRW പറയുന്നതനുസരിച്ച് ഗവേഷണത്തിനും ബഹിരാകാശയാത്രികരുടെ പരിശീലനത്തിനും പൊതു ആസ്വാദനത്തിനുമായി സീറോ ഗ്രാവിറ്റി അനുഭവങ്ങൾ നൽകുന്ന സീറോ-ജി എന്ന കമ്പനിയാണ് വിമാനം ക്രമീകരിച്ചത്.
“വളരെ ചെറുപ്പം മുതലേ പ്രസ്മാന് സ്പേസ് എന്ന് കേൾക്കുമ്പോൾ തന്നെ വലിയ ആവേശമായിരുന്നു”. പ്രസ്മാന്റെ അമ്മ ജെസീക്ക പറഞ്ഞു “അവൻ വളരെ കുഞ്ഞായിരിക്കുമ്പോൾ Buzz Lightyear-നെ ഇഷ്ടപ്പെട്ടിരുന്നു, യഥാർത്ഥത്തിൽ, ആ സ്നേഹവും ബഹിരാകാശ ജിജ്ഞാസയും വളർത്തിയെടുക്കാൻ, ഞങ്ങൾ അവന് ഒരു രഹസ്യ ബഹിരാകാശ മുറി തന്നെ നിർമിച്ചു നൽകി.”
“ആ മുറിക്ക് ഒരു രഹസ്യ പ്രവേശന കവാടം ഉണ്ടായിരുന്നു, മറ്റാരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല, ആ മുറിയിലൂടെ നടക്കുമ്പോൾ അതിനു മനോഹരമായ ചന്ദ്രന്റെ നീലനിറമായിരുന്നു, അതിൽ എല്ലായിടത്തും നൂറുകണക്കിന് തിളങ്ങുന്ന നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും ഗ്രഹങ്ങളും ഉണ്ടായിരുന്നു, അതിനൊപ്പം അവന്റെ ചെറിയ ബഹിരാകാശ കപ്പലുണ്ടായിരുന്നു,” ജെസ്സിക്ക പറഞ്ഞു നിർത്തി.
GWR ബ്ലോഗ് അനുസരിച്ച്, ആളുകൾ വലിയ നേട്ടങ്ങൾ കീഴടക്കാൻ മടി കാണിക്കുമ്പോഴും ഇത്തരത്തിലുള്ള വലിയ സ്വപ്നങ്ങൾ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജാക്കിനോട് സംസാരിച്ചതിന് ശേഷമാണ് അവൻ റെക്കോർഡ് സ്വന്തമാക്കാൻ തീരുമാനിച്ചതെന്ന് ജാക്ക് പ്രസ്മാന്റെ പിതാവ് ജേസൺ വ്യക്തമാക്കി.
സാധാരണ വിമാനങ്ങളേക്കാൾ വളരെ വേഗത്തിൽ മണിക്കൂറുകൾ കൊണ്ട് രാജ്യങ്ങൾക്കിടയിൽ പറക്കാൻ കഴിയുന്ന സൂപ്പർസോണിക് വിമാനമായ കോൺകോർഡിൽ ഒരിക്കലും പറക്കാൻ അവസരം ലഭിക്കാത്തതിൻ്റെ വിഷമത്തേക്കുറിച്ച് താൻ മകനോട് ഒരിക്കൽ പറഞ്ഞിട്ടുണ്ടെന്നും ജേസൺ വെളുപ്പെടുത്തി.
ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്, ജാക്ക് തന്റെ ആഗ്രഹങ്ങളെ കുറിച്ച് ചിന്തിക്കുകയും സീറോ-ഗ്രാവിറ്റി ഫ്ലൈറ്റ് അനുഭവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത്., ഈ ഒരു അവസരം വിനിയോഗിച്ചില്ലെങ്കിൽ അവനും ഒരിക്കൽ ഇതോർത്തു പശ്ചാത്തപിക്കേണ്ടി വരുമെന്നും അവന് അറിയാമായിരുന്നു. ജേസൺ പറഞ്ഞു.
“ബഹിരാകാശത്തേക്ക് പോകുന്നത് നല്ല രസകരമായിരിക്കുമല്ലേ,” ജാക്ക് പ്രസ്മാനും തന്റെ ആവേശം പങ്കുവെച്ചു.
വലുതാകുമ്പോൾ ഒരു ബഹിരാകാശയാത്രികൻ ആകണമെന്നാണ് ജാക്ക് മാർട്ടിൻ പ്രസ്മാന്റെ ആഗ്രഹം., ബഹിരാകാശത്തേക്ക് പോകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകുക എന്നതാണ് നിലവിൽ ജാക്കിന്റെ അടുത്ത ലക്ഷ്യം.